Labels

Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Thursday, 11 February 2016

Season of Darkness : ഗന്ധങ്ങൾ


ഗന്ധങ്ങളിൽ ഏറ്റവും  മനോഹരം  ഏതാണ്? പലവിധ ഗന്ധങ്ങളും മനസ്സിൽ  വന്നു. ഓരോ  ഗന്ധങ്ങളും ഓരോ   ഓർമ്മകളാണ്. വാഴയിലയിൽ  പൊതിഞ്ഞ ചോറിന്റെ  ഗന്ധം  പാലക്കാടൻ യാത്രയുടെ ഓർമ്മയാണ് . ഡെറ്റൊലിനു  ആണെങ്കിലോ നീണ്ട  ഒരു ആശുപത്രി  വാസത്തിന്റെ.  പച്ചപ്പുല്ലിൻ ഗന്ധത്തിനു  നേര്യമംഗലത്തെ വിസ്തൃതമായ മൈതാനത്തിന്റെ.. ഒരിക്കൽ  കൂടി  ആ ഗന്ധങ്ങൾ അനുഭവിക്കുമ്പോൾ മനസ്സ് വർഷങ്ങളോളം പിന്നിലേക്ക്‌ പോകും . ഇടപ്പള്ളി  ആയെന്നു  പറഞ്ഞു  ഓടിയെത്തുന്ന  മോഡേൺ  ബ്രെഡിന്റെ  ഗന്ധം, ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിൽ ഗജവീരന്മാർ ബാക്കി  വച്ച തിരുശേഷിപ്പുകൾ, രണ്ടു  എ യിൽ ഇരുന്നാൽ  വിശപ്പിന്റെ വരവ് അറിയിച്ചു  കുട്ടിചേച്ചിയുടെ ഉച്ചക്കഞ്ഞി.. ഗന്ധങ്ങൾ, അറിഞ്ഞോ  അറിയാതെയോ  ഒരുപാടു  കാര്യങ്ങൾ ഓർമ്മകളായി  ഉള്ളിൽ നിറച്ചിട്ടുണ്ട്. എന്നാൽ എന്നും  കാത്തിരുന്നിട്ടുള്ള  ഗന്ധം ഒന്നേ  ഒള്ളു. അത്  പുതുമഴയുടെ ഗന്ധമാണ്. മണ്ണും മനസ്സും കുളിർപ്പിച്ചെത്തുന്ന വേനൽ മഴയുടെ ഗന്ധം. അത്  നൽകുന്ന  നൊസ്റ്റാൾജിയ  ഒന്നും മറ്റൊന്നും  തന്നിട്ടില്ല . മഴ  പെയ്താൽ ജനൽ തുറന്നിട്ടു കാത്തിരിക്കുന്നതും  ഈ ഗന്ധത്തെയാണ് . മഴ കഴിഞ്ഞാൽ എല്ലാം  ശാന്തമായിരിക്കും . കലപില  കൂട്ടുന്ന കരിയിലകൾ മണ്ണിൽ മുഖം പൊത്തി കിടക്കും. പാറി  നടന്ന പൊടി സ്ഥലം വിട്ടിട്ടുണ്ടാകും . പറമ്പിന്റെ ഓരത്ത് പൊടിഞ്ഞ പുല്ലിൻ നാമ്പുകൾ അടിഞ്ഞു കൂടി പലവിധ  രൂപങ്ങൾ പൂണ്ടിടും . അന്തരീക്ഷം  മൊത്തത്തിൽ കഴുകി തുടച്ച് , പൂർത്തിയായ  ഒരു ചിത്രം  പോലെ   മനോഹരമാകും. ഒപ്പം  മണ്ണിന്റെ ആ  ഗന്ധവും . ഇന്നും ഇത്  എഴുതുമ്പോൾ  ഞാൻ ആ ഗന്ധം ആസ്വദിക്കയാണ് . മണ്ണിന്റെ മണമേ  മനം  നിറച്ചു  നീ ..

Saturday, 17 October 2015

Malayalam Poem : ചെമ്പകച്ചോട്ടില്‍.. By Lal Krishna Raj



















ചെമ്പകച്ചോട്ടില്‍

സന്ധ്യക്കു പെയ്യുമീ വാസന പുതുമഴ
എത്ര നേരം ഇനി തോരാതെ നിന്നിടും!
മണ്ണും മനസ്സും തണുപ്പിച്ചു ആര്‍ദ്രമായ്‌
മാമരങ്ങള്‍ക്ക് കുളിരേകിടും!
ജനലിന്‍റെ അപ്പുറം നിന്നൊരു ചെമ്പകം
നനവേറ്റ് കൂടുതല്‍ നമ്രയായി,
കാല്‍പാദ പത്മങ്ങള്‍ ചൂടുമാ പൂവുകള്‍
എന്‍ അന്തരംഗത്തില്‍ കാണിക്കയായ്,
ഒരു വര്‍ഷകാലത്ത് കുട ചൂടി വന്നൊരു
നീര്‍മാതളത്തിന്‍റെ കുഞ്ഞു പൂവേ..
ഇത്തുലാവര്‍ഷത്തില്‍ ചെമ്പകച്ചോട്ടിലായ്
മഴയേതും കൊള്ളാതെ ചേര്‍ന്നിരിക്കാം.
മകരത്തില്‍ മഞ്ഞും ഉരുകുന്ന മീനവും
എല്ലാമീ തണലത്ത് മതിമറക്കാം.
മാഞ്ചോട്ടില്‍ വീഴുമാ മധുരപ്പഴങ്ങളും,
തൊടിയില്‍ പടരുമീ കയ്ക്കുന്ന കനികളും,
ചെമ്പക കൊമ്പിലെ കിന്നരി കൊഞ്ചലും,
അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാം.
മടിയാതെ മഴയത്തു നില്‍ക്കാതെ വരുനീ
എന്‍ വാമഭാഗത്ത് ചേര്‍ന്നു നില്ക്കൂ..

--

ലാല്‍ കൃഷ്ണ

Thursday, 2 July 2015

Malayalam Short Story : കഥ : അത്തറിന്റെ ഗന്ധം

                                         അത്തറിന്റെ  ഗന്ധം 


പൂനെ സ്റ്റേഷനില്‍ നിന്നും ലോക്കല്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. പ്ലാട്ഫോമില്‍ ഉറങ്ങിക്കിടന്ന നായകള്‍ സ്വപ്നഭംഗത്തിന്റെ നിരാശയില്‍ ചുറ്റും എന്തോ പരതി. നായ്ക്കളും കഥാനായകനും തമ്മില്‍ ഒരു പ്ലാട്ഫോര്‍മിന്റെ അന്തരം മാത്രം. കിഷോര്‍ അതോര്‍ത്തു പുഞ്ചിരിച്ചു. ഈ യാത്രയുടെ അവസാനത്തോടെ ആ അകലവും കൂടുകയാണ്. ഒരു ഒറ്റ മുറി വീട്ടിലേക്കുള്ള കഥാനായകന്റെ പ്രയാണം. തെരുവില്‍നിന്നും അക്കുര്ടിയിലെ ശര്മാജിയുടെ ഒറ്റമുറി വീട്ടിലേക്ക് പ്രവേശിക്കാന്‍ ജീവിച്ചു കഴിഞ്ഞ കാലം അത്രയും എടുത്തു. നാലായിരം രൂപ വാടക. എങ്കിലും ഇരുട്ടിനെ ഭയക്കാതെ, തെരുവിന്‍റെ ഓമനകളുടെ സംഗീതം ശ്രവിക്കാതെ കിടക്കാന്‍ തനിക്കും ഒരു പുര. പഴയ താമസക്കാരി ശ്രാവന്തി അവിടം വിട്ടു പോയിരിക്കുന്നു. ഇരുട്ടിനെ മറയാക്കി കാമുകന്മാര്‍ മുല്ലപ്പൂവുകളുമായി വീണ്ടും അവളെ തേടി വന്നേക്കാം. പക്ഷേ തന്നെക്കണ്ട് അവര്‍ ഇനി നിരാശരായി മടങ്ങും. കിഷോര്‍ അതോര്‍ത്തു ചിരിച്ചു.


എഴുതിവച്ച കഥ അയാള്‍ മറിച്ചു നോക്കി. പൂരിപ്പിക്കാന്‍ കഴിയാത്ത താളുകള്‍ അയാള്‍ നിശ്ചലനായി നോക്കി നിന്നു. എവിടെ അവസാനിപ്പിക്കണം ഈ പെണ്ണിന്‍റെ കഥ? നിന്നും നിരങ്ങിയും തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. അതിനകം തന്നെ കിഷോറിന്റെ മനസ്സ് ആ ഒറ്റ മുറി വീട്ടില്‍ എത്തിയിരുന്നു.


സ്ട്രീറ്റിലെ ഹലോജെന്‍ വെട്ടം പ്രകാശം നിറക്കുന്ന ഒറ്റമുറി. അഴിഞ്ഞു വീണ പോളിസ്റെര്‍ സാരികള്‍, ഉണങ്ങിയ മുല്ലപ്പൂവുകള്‍. അത്തറിന്റെ മണം പേറുന്ന ആ ഒറ്റമുറി വിജനമായി തോന്നിയേക്കാം. പക്ഷേ ശ്രാവന്തിയുടെ അദൃശ്യ സാന്നിധ്യം അവിടെ ഉണ്ട്. കറ പുരളാത്ത നോട്ടുകള്‍ക്കായി അത്തറും ചായവും പൂശി അവള്‍ ആ മുറിയില്‍ തന്നെ ഉണ്ട്.

ചിന്തകള്‍ നിലച്ചപ്പോഴേക്കും കിഷോര്‍ ആ വീട്ടില്‍ എത്തിയിരുന്നു. മുഷിഞ്ഞ തോള്‍ സഞ്ചിക്കും ഇനിയും പിറക്കാത്ത കഥയ്ക്കും ഇരുട്ടു മുറിയുടെ മൂലയിലേക്ക് വിട. ആരുടെയോ വിളി കേട്ട വണ്ണം അറുപതു വാട്ടിന്റെ മഞ്ഞപ്രകാശം ഓടിയെത്തി. ഇതിനകം ഒരു രാത്രി തങ്ങിയിട്ടും ആ മുറി ഒന്നു വൃത്തിയാക്കാന്‍ അയാള്‍ക്കു തോന്നിയില്ല. അയാള്‍ ശ്രാവന്തിയുടെ ഗന്ധം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.


അവളുടെ മെത്തയില്‍ കിടക്കുമ്പോള്‍ തന്‍റെ കഥയുടെ അവസാനഭാഗം, ശ്രാവന്തി ചെവിയില്‍ മന്ത്രിക്കുന്ന പോലെ. അയാള്‍ മെത്തയില്‍ അമര്‍ന്നു കിടന്നു. മേശയില്‍ ചിതറിക്കിടന്ന കത്തുകള്‍ കിഷോര്‍ കൈ നീട്ടി എടുത്തു. വടിവൊത്ത അക്ഷരത്തില്‍ ഏതാനും വരികള്‍ മാത്രമുള്ള കത്തുകള്‍.

*** **** *** ****

“പ്രിയപ്പെട്ട അമ്മക്ക്,
പരീക്ഷകള്‍ തുടങ്ങാറായി. അമ്മയുടെ പ്രാര്‍ത്ഥന വേണം. എന്‍റെ ചിലവിനുള്ള പണം കണ്ടെത്താന്‍ അമ്മ ബുദ്ധിമുട്ടുന്നു എന്ന് എനിക്കറിയാം. എന്‍റെ വിജയങ്ങള്‍ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതായിരിക്കും.
സ്നേഹപൂര്‍വ്വം ദിയ”

*** **** *** ****

“ അമ്മക്ക്,
പരീക്ഷകള്‍ നന്നായി എഴുതി. ജോലി കിട്ടിയ കമ്പനിയുടെ നിയമനം പൂനെയില്‍ തന്നെ എന്ന് അറിയുന്നു. അമ്മക്കൊപ്പം കഴിയാന്‍ എനിക്കാകുമല്ലോ

സ്നേഹപൂര്‍വ്വം ദിയ”


*** **** *** ****

“നിങ്ങളെ എന്തു വിളിക്കണം എന്ന് എനിക്കറിയില്ല. എന്‍റെ വിജയങ്ങള്‍ക്ക് നിങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം ആണെന്നു ഞാന്‍ വിശ്വസിച്ചു. അവിടെ കണ്ട കാഴ്ച ഞാന്‍ അത്രമേല്‍ അറയ്ക്കുന്നു. അവസാനം നിങ്ങള്‍ പൂശുന്ന അത്തറിന്റെ ഗന്ധം തന്നെ എനിക്കും നല്‍കിയല്ലോ. എന്‍റെ മരണം ഒരു ശിക്ഷയാണ്. നിങ്ങളെ ഇത്ര മേല്‍ സ്നേഹിച്ചതിന്.

ദിയ”

*** **** *** ****

ഒരു നെടുവീര്‍പ്പോടെ അയാള്‍ ആ കത്തുകള്‍ മടക്കി. മൂലയിലേക്ക് വലിച്ചെറിഞ്ഞ ആ അപൂര്‍ണമായ കഥ അയാള്‍ കൈയ്യില്‍ എടുത്തു.

ചെവിക്കരികില്‍ ശ്രാവന്തി തന്‍റെ കഥ തുടര്‍ന്നു. നീലമഷിയില്‍ അയാള്‍ അത് പകര്‍ത്തിയെടുത്തു. ദൂരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉള്ള അവസാന തീവണ്ടിയുടെ ശബ്ദം. അത്തറിന്റെ ഗന്ധം പരത്തി പാളത്തിലൂടെ ആ തീവണ്ടി നീങ്ങി തുടങ്ങി.

Tuesday, 13 January 2015

Season of Dark : ഗോപിയുടെ കവിതകള്‍

                                                                                                       ഗോപിയുടെ കവിതകള്‍



നാട്ടിലെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെട്ടിരുന്നത് വായനശാലയായിരുന്നു. ഘോരമായ വാഗ്വാദങ്ങളും നിശ്ശബ്ദമായ വായനയും അവിടെ ഒരു പോലെ കാണാമായിരുന്നു. അക്ഷരങ്ങള്‍ക്കും അപ്പുറം ബൌദ്ധിക വ്യായാമങ്ങള്‍ക്കും കായിക വിനോദത്തിനും അവിടെ ഇടം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും അവിടേക്ക് എന്നും എത്തിക്കൊണ്ടിരുന്നു.

കാല്‍പനിക കവിതകളുടെ വസന്തകാലത്തെ ഒരു സായാഹ്നം. രാധ വായനശാലയില്‍ എത്തുമ്പോള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. അക്ഷരങ്ങളെ അവള്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. അവള്‍ ആ പ്രണയകവിത സമാഹാരം നെഞ്ചോടു അടുക്കി പിടിച്ചു കൊണ്ടു കയറി വന്നു. പുസ്തകങ്ങള്‍ ഒരിക്കല്‍ അവള്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന്, അവ രാധയെ ആകര്‍ഷിക്കുന്നു. പൂന്തേന്‍ തേടി എത്തുന്ന ഈച്ചയെപ്പോലെ ഈ വായനശാലയിലെ പൊടി നിറഞ്ഞ അലമാരയിലെ പുസ്തകങ്ങളിലേക്ക് അവള്‍ പാറി എത്തുന്നു.

പിരിയാന്‍ വയ്യാത്ത കാമുകനെപ്പോലെ അവള്‍ ആ പുസ്തകം തിരികെ ഏല്‍പ്പിച്ചു. ആ കവിതകളാണ് അവളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്. ആ കവിതയിലെ വരികളില്‍ പ്രണയം മൊട്ടിടുന്നത്, അവള്‍ അത്ഭുതത്തോടെ നോക്കി നിന്നു. അക്ഷരങ്ങളില്‍ മധു ഊറി വരുന്നത് അവള്‍ കൊതിയോടെ കണ്ടു. ഇടക്കെപ്പോഴോ ആ മാധുര്യം തന്‍റെ ചുണ്ടുകളില്‍ നുകര്‍ന്നു. കവിതക്കും അപ്പുറത്ത് എങ്ങോ മറഞ്ഞുനിന്ന് തന്നെ നോക്കി പുഞ്ചിരിച്ച കാമുകകവിയെ അവള്‍ വീണ്ടും തിരഞ്ഞു. ഗോപകുമാര്‍- ഗോപി എന്ന തൂലികാനാമം, അലമാരയിലെ അടുക്കി വച്ചിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ അവള്‍ തിരഞ്ഞു.

“ഹൃദയം തുളുമ്പും പ്രണയം നിറക്കാന്‍
 ഒരു ചെറു ചഷകം കടം തരുമോ?”

ഗോപിയുടെ വരികള്‍ ഹൃദയത്തില്‍ മുഴങ്ങുന്നു. പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ പരസ്പരം ആലിംഗനം ചെയ്തിരിക്കുന്നു. അവയും തമ്മില്‍ പ്രേമിക്കയാവണം. രാധ ചിരിച്ചു. ഗോപിയുടെ കവിതകള്‍ അവര്‍ക്കിടയില്‍ ഉണ്ടോ? രാധ തിരച്ചില്‍ തുടര്‍ന്നു. ഇല്ല, കണ്ടില്ല.

ലൈബ്രേറിയന്‍ എന്തോ വായനയില്‍ മുഴുകി ഇരിക്കയാണ്. രാധ അയാളുടെ അരികില്‍ കാത്തുനിന്നു. അയാള്‍ ശ്രദ്ധിക്കുന്നില്ല. അയാളുടെ മേശമേല്‍ രാധ മെല്ലെ ഒന്നു തട്ടി. കഷണ്ടിത്തല ചൊറിഞ്ഞു കൊണ്ട് മധ്യവയസ്കന്‍ തല ഉയര്‍ത്തി.
“ഗോപിയുടെ കവിതകള്‍ ഉണ്ടോ?”
അയാള്‍ അവളെ മിഴിച്ചു നോക്കി. പിന്നെ ഒന്നു പുഞ്ചിരിച്ചു.
“അതാ, അവിടെ ചോദിക്കു, ഇപ്പോള്‍ തന്നെ ഒന്നു എഴുതിത്തരും”
എന്തിനിത്ര പരിഹസിക്കാന്‍? രാധ ചിന്തിച്ചു. രാധ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി. ഒറ്റപ്പാളിയുള്ള ജനലിന്റെ അരികില്‍ ഒരു ചെക്കന്‍ ഇരിക്കുന്നു. തടിച്ച ഒരു പുസ്തകം വായിക്കയാണ്. മുഖത്ത് പ്രായത്തിനു ചേരാത്ത ഒരു ഗൌരവം. കൌമാരത്തിന്‍റെ വരവ് അറിയിച്ചുകൊണ്ട്‌ കവിളില്‍ അങ്ങിങ്ങായ്‌ രോമം കിളിര്‍ത്തിരിക്കുന്നു. അലസമായ വേഷവും അതിലും അലസമായ ചെമ്പന്‍ മുടിയും.

രാധ വീണ്ടും ലൈബ്രേരിയനെ നോക്കി. അയാള്‍ വീണ്ടും വായന തുടങ്ങിയിരുന്നു. ഈ ചെറുക്കന് അറിയുമായിരിക്കണം.

“അതേയ്, ഗോപിയുടെ കവിതാസമാഹാരം ഇവിടെ ഉണ്ടോ?”

ആ കൌമാരക്കാരന്‍ തല ഉയര്‍ത്തി നോക്കി, ഗൌരവത്തില്‍ തന്നെ. തന്‍റെ മുന്നില്‍ ഒരു സുന്ദരിയായ പെണ്‍കൊടി നില്‍ക്കുന്നത് കണ്ട അയാളില്‍ ഗൌരവം അല്പം അയഞ്ഞു.

“എന്താ...?”
“ഗോപിയുടെ മറ്റു കവിതകള്‍ ഇവിടെ ഉണ്ടോ? ഗോപി, ഗോപകുമാര്‍?”

അക്ഷമയോടെയെങ്കിലും, അല്പം സാവധാനത്തില്‍, കനത്ത ശബ്ദത്തില്‍, രാധ ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ അത് അയാളില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്നത് രാധയെ നിരാശയാക്കി. ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം അയാള്‍ പുഞ്ചിരിച്ചു.
“ഗോപി പിന്നെ കവിതയൊന്നും എഴുതിയില്ലല്ലോ, എഴുതുമ്പോള്‍ അറിയിക്കാം..!” അയാള്‍ പാല്‍പുഞ്ചിരി തൂകി. അയാളുടെ സംസാരം രാധക്ക് അത്ര സുഖിച്ചില്ല. രാധയുടെ മുഖഭാവം അയാളുടെ പുഞ്ചിരി മായ്ച്ചു.

“പരിഹസിക്കയാണോ?”
“ക്ഷമിക്കണം”
രാധ തിരിഞ്ഞു നടന്നു.

“നില്ക്കൂ”
രാധ നിന്നു.
“എന്താ പേര്?”
“അത് താന്‍ എന്തിനറിയണം?”
“ഗോപകുമാറിന്റെ കവിതകള്‍ വരുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എടുത്തു വയ്ക്കാം!”
“രാധ”
ഗോവണി ഇറങ്ങി അവള്‍ നടന്നകന്നു.

***    ***    ***    ***     ***     ***     ***

ഗോപിയുടെ പുതിയ പുസ്തകം വന്നിരിക്കുന്നു. രാധ ആവേശത്തോടെ മറിച്ചു നോക്കി.

“നീ അകതാരില്‍ അര്‍പ്പിച്ച
പുഷ്പങ്ങള്‍ ഒക്കെയും
എന്‍ വനമാല തീര്‍ക്കാന്‍
പിറന്നു, കാലം അറിയാതെ
പൂക്കളായ് വിരിഞ്ഞു”
സമര്‍പ്പണം : പിണങ്ങിപ്പോയ രാധയ്ക്ക് . 

ചെറുക്കന്‍ അപ്പോഴും ആ ഒറ്റപ്പാളി ജനലിനരികില്‍ ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയും തൂകിക്കൊണ്ട്.





-- ലാല്‍ കൃഷ്ണ

Friday, 8 August 2014

Season of Darkness : Kothambin Paadathe Penkutty

    കോതമ്പിന്‍ പാടത്തെ പെണ്‍കുട്ടി

ഒരു ജന്മമോര്‍ക്കുവാന്‍ 
ഒരുപാടു നിമിഷങ്ങള്‍
അകതാരിന്‍ വര്‍ണ്ണങ്ങള്‍
നീ തന്ന നേരങ്ങള്‍

തോഴനായ് വന്നാലും
ജ്യേഷ്ഠ്നായ് പിരിയുന്നു
ഏകയായ് ഞാന്‍ നിന്നു
വേദനയില്‍ കേഴുന്നു

പഞ്ചാരത്തരി പോലെ
ഒരു നൂറു ചെറുകാര്യം
മധുരത്തിന്‍ കണമായി
ഓര്‍മ്മകളില്‍ തെളിയുന്നു

ഒരു വാക്കും മൊഴിയാതെ
അകലെപ്പോയ് നിന്നാലും
മഴ തോരും മുന്‍പേ നീ
അരികത്തായ് അണയുന്നു

മഞ്ചാടിക്കുരു പോലെ
മറ്റാര്‍ക്കും നല്‍കാതെ
നിന്‍ സ്നേഹം ഞാന്‍ കാത്തു
ആകാശം കാണാതെ

കവി പാടിയ കവിതയിലെ
കോതമ്പിന്‍ പാടത്തെ
വെയിലേറ്റു വാടിയ
പെണ്‍കൊടിയീ ഞാനല്ലോ

എന്‍ സ്വപ്നമൊക്കെയും
ഞാന്‍ കണ്ടതല്ലെന്നും
അറിയുന്നു ഞാനിന്നു
നിന്‍ സ്വപ്നമാണെന്നും

കാലങ്ങള്‍ പെയ്യുമ്പോള്‍
പിരിയാതെ വയ്യെന്നാല്‍
എങ്കിലും നേദിക്കാം
എന്‍ ആത്മാവും ആഗ്രഹവും

                    - ലാല്‍ കൃഷ്ണ


( ഒരു സുഹൃത്തിനായ് കുറിച്ചത്  )

 

Thursday, 3 July 2014

Season of Dark : പാവം പാവം പോവ !


അറിയാത്ത ഒരു കാര്യത്തിന് ഇത്രയേറെ തെറി കേട്ട അധികമാരും കാണില്ല. പാവം ഷറപോവയുടെ കാര്യം ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സച്ചിനെ അറിയില്ലേ എന്നു ചോദിച്ചു, അറിയില്ല എന്നു ഷറപോവ പറഞ്ഞു. അതിനു ഷറപോവ ഈ ജന്മത്തില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത നമ്മുടെ ശ്രേഷ്ഠ മലയാളത്തില്‍ വരെ അസഭ്യവര്‍ഷം കേള്‍ക്കേണ്ട ഗതികേടിലാണ്.        വാര്‍ത്ത 




ഞാന്‍ ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ ആണ്. പക്ഷേ ഇങ്ങനെ ഒരു പ്രതികരണത്തിന്റെ പേരില്‍ തരംതാണ രീതിയില്‍  നടത്തിയ ഫേസ്ബുക്ക്‌ കമന്റ്‌ ആക്രമണം വളരെ മോശമാണ്. സച്ചിന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് സുപരിചിതനാണ്. എന്നാല്‍ ക്രിക്കറ്റ്‌ ലോകത്തിനു അപ്പുറം സച്ചിന്‍ ഇന്നും അപരിചിതന്‍ തന്നെ. പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീ ഫോര്‍മുല വണ്‍ മത്സരത്തിനു ഷെക്കേര്‍ട് ഫ്ലാഗ് വീശിയ സച്ചിനെ കണ്ടു ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ അടുത്തു നിന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോടു ചോദിച്ചുവത്രേ, 'ആരാണു അദ്ദേഹം, ഏതെങ്കിലും സിനിമ നടന്‍ ആണോ?' എന്ന്‍. 

ഭീകരമായ സംഗതി ഇതല്ല. ഷറപോവയുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മലയാളികളുടെ തെറി അഭിഷേകമാണ്. ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും മാന്യനും, നമ്മുടെ സംസ്കാരത്തിന്‍റെ ആഗോള പ്രചാരകനും ആയ ഒരു വ്യക്തിയെപ്പോലും, ലജ്ജിപ്പിക്കുന്ന തരത്തില്‍, ഏറ്റവും മോശമായി അപമാനിക്കുന്ന കാഴ്ചയാണ് മറുപടികള്‍ ആയി കണ്ടത്. വളരെ അപഹാസ്യമായി തോന്നി.  മറ്റൊരു ലോകകായിക താരത്തിനു കൊടുക്കേണ്ട ഒരു ബഹുമാനവും മര്യാദയും അവിടെ കണ്ടില്ല. എല്ലാവരും മോശം മാത്രമേ എഴുതിയിട്ടുള്ളൂ എന്നല്ല പറഞ്ഞത്. ചില രസികന്മാര്‍  പഴയ സിനിമാ ഡയലോഗുകള്‍ വളച്ചൊടിച്ച് എഴുതിയിട്ടുണ്ട്. ഒരു വിദ്വാന്‍ എഴുതിയത് ആകട്ടെ, സാധനങ്ങള്‍ക്ക് വിലകൂട്ടിയ ഭാ.ജ.പാ സര്‍ക്കാരിനോട് ക്ഷമിച്ചാലും ഇതിനു മാപ്പില്ല എന്നതാണ്. ചില കൂട്ടര്‍ പതിനായിരം വട്ടം സച്ചിന്‍റെ നാമം കമെന്റ് ആയി കുറിച്ചു. വായിച്ചു പഠിക്കട്ടെ എന്ന മട്ടില്‍. സച്ചിന്‍റെ റെക്കോര്‍ഡ്‌സ് നിരത്തി വച്ചു മറ്റു ചിലര്‍. വിവാദം ചൂട് പിടിക്കെ അടുത്ത വീട്ടിലെ മറിയ ചേച്ചിയെ പഞ്ഞിക്കിടാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട് എന്നും ഫേസ്ബുക്കില്‍ കണ്ടു. കേരളത്തിലെ എല്ലാ മറിയാമ്മമാരും സൂക്ഷിച്ചുകൊള്‍ക.

കളിക്കളത്തിലെ മാന്യതയ്ക്ക് പേരുകേട്ട സച്ചിന് ഇത് ഒരു പേരുദോഷം തന്നെ ആണു എന്നു ഞാന്‍ വിശ്വസിക്കുന്നു. ആരാധന അതിരുകടന്നു എന്നു വേണം ഇതിനെ പറയാന്‍. സച്ചിനെ അറിയില്ല എന്നു മാത്രമാണ് അവര്‍ പറഞ്ഞത്. അപമാനിക്കുന്ന ഒരു പ്രസ്താവനയും അവര്‍ പറഞ്ഞില്ല. നമ്മുടെ തന്നെ രാഷ്ട്രീയക്കാരുടെ അതിരുവിട്ട പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കാതെ എങ്ങോ കിടക്കുന്ന മദാമ്മയെ അസഭ്യം പറഞ്ഞിട്ടു എന്തു പ്രയോജനം ആരാധകരെ? 

Sunday, 22 June 2014

Season of Dark : നവോദയയിലെ ഫുട്ബോള്‍ കാലം


നേര്യമംഗലം നവോദയ സ്കൂളിലെ പ്രധാന കളി ഫുട്ബോള്‍ ആണ്. 6, 7 ക്ലാസ്സിലെ ആണ്‍ പിള്ളേര്‍ മൊത്തം ഒരു ബോളിന്റെ പിന്നാലെ പായുന്ന കാലം. അനുകരണങ്ങള്‍, പരീക്ഷണങ്ങള്‍ നിറഞ്ഞ 8 , 9 ക്ലാസുകള്‍. പക്വതയാര്‍ന്ന കേളി മികവിന്‍റെ 10, 11, 12. ഏഴു വര്‍ഷത്തെ ഒരു നവോദയന്‍ ആണ്‍ കുട്ടിയുടെ ഫുട്ബോള്‍ കളിയെ മൂന്നു കാലഘട്ടങ്ങളായി ഭാഗിക്കാം. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു ഞാന്‍. എങ്ങിനെ 6-ആം ക്ലാസ്സില്‍ കളിച്ചോ അതേ ശൈലി തന്നെയാണ് ഞാന്‍ 12 വരെ തുടര്‍ന്നതും. ഒരു മാറ്റവും കൂടാതെ അത് ഞാന്‍ കാത്തു സൂക്ഷിച്ചു. ഫുട്ബോള്‍ എന്ന കളി എന്‍റെ കാലുകള്‍ക്ക് ഒരു വിധത്തിലും വഴങ്ങിയിരുന്നില്ല. അതു കൊണ്ട് ഞാന്‍ പതുക്കെ ഹാന്‍ഡ്‌ ബോളിലേക്ക് ചുവടു മാറ്റി.

എന്‍റെ ബാച്ചില്‍ നന്നായി ഫുട്ബോള്‍ കളിക്കുന്ന മിടുക്കന്മാര്‍ ഉണ്ടായിരുന്നു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി മിപിന്‍ എന്ന കൂട്ടുകാരന്‍റെ ആയിരുന്നു. അന്ന് അവന്‍ തീരെ ചെറുതാണ്. പൊക്കം വളരെ കുറവ്. വളരെ ശോഷിച്ച ശരീരം. എങ്കിലും എല്ലാവരെയും കബളിപ്പിച്ച്‌ മെല്ലെ മെല്ലെ പന്തു തട്ടി അവന്‍ ഗോള്‍ പോസ്റ്റില്‍ എത്തിക്കും. ഗോള്‍ കണ്ടെത്തുന്നതിലും മിടുക്ക് അവന്‍ കാണിച്ചിരുന്നത്, പന്തു കൊണ്ട് മുന്നേറുന്നതില്‍ ആണ്. പിന്നെ ഓര്‍മ്മ വരുന്ന പേര് ആണ് ജയറാം. ആളു സാമാന്യം ഫുട്ബോള്‍ ഭ്രാന്തുള്ള വ്യക്തി ആണ്. ആ ആവേശം കളിയിലും കാണാം. പക്ഷേ സ്വന്തം ശൈലി ഉപേക്ഷിച്ചു വേഗത ഏറിയ മറ്റൊരു ശൈലി ജയറാം പരീഷിച്ചത് വിനയായോ എന്നു എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യത ആയിരുന്നു ജയറാമിന്റെ മറ്റൊരു പ്രത്യേകത. ഗോളി എടുത്ത ഒരു കിക്ക് ഒറ്റ ഹെഡര്‍ കൊണ്ട് പോസ്റ്റില്‍ എത്തിച്ച ആ ദൃശ്യം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഫുട്ബോള്‍ കോര്‍ട്ട് ചെറുതായിരുന്നു കേട്ടോ. പിന്നെ ഒരു പാടു മുഖങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. കാല്‍ കരുത്തിന്‍റെ ചാരുതയുള്ള മുബാറക്, വിശ്വസ്തനായ അഭിമന്യു, നാഷണല്‍ കളിക്കാരന്‍ ഹക്കിം, ആക്രമണകാരിയായ മനു, ത്രോ സ്പെഷ്യലിസ്റ്റ് വിഷ്ണു എന്നിവ ചിലത് മാത്രം.




ഞാന്‍ ഫുട്ബോള്‍ കളി ഉപേക്ഷിക്കാന്‍ വേറെ ഒരു കാരണം കൂടി ഉണ്ട്. വൈകാരികമായ ആ കഥ ഇതാണ്. നവോദയയില്‍ 4.00 തൊട്ട് 5.30 വരെ ആണ് ഗെയിംസ് ടൈം. 5 വരെ ഹാന്‍ഡ്‌ ബോള്‍ കളി കഴിഞ്ഞ് ഒരു അര മണിക്കൂര്‍ ഫുട്ബോള്‍ കളിക്കാം എന്നു ഞാന്‍ കരുതി. മെസ്സിനു അടുത്തുള്ള ഒരു ചെറിയ ഫുട്ബാള്‍ കോര്‍ട്ട് ഉണ്ട്. അവിടെ കളി തകൃതിയായി നടക്കുന്നു.

 ടീം അംഗങ്ങളെ വിളിച്ചു എടുക്കുന്ന പതിവാണ് ഉള്ളത്. നല്ല കളിക്കാരെ ഓരോ ടീം നേതാവും മാറി മാറി വിളിച്ച് എടുത്ത ശേഷം എന്നെപ്പോലെ ഉള്ളവരെ ഏതെങ്കിലും ടീമില്‍ കയറ്റും. ബോളില്‍ കണ്ണടച്ച് തട്ടുക എന്നതാണ് ഞാന്‍ ചെയ്യാറുള്ള ഐറ്റം നമ്പര്‍. പിന്നെ നാലഞ്ചു കളിക്കാര്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ബോള്‍ കാലു കൊണ്ട് തോണ്ടി പുറത്ത് എടുക്കുന്ന വേറെ ഒരു ഐറ്റം. ഇതില്‍ എന്‍റെ അത്രയും പ്രാവിണ്യം ഉള്ള മറ്റൊരു കളിക്കാരനെ ഞാന്‍ ലോകഫുട്ബോളില്‍ പോലും കണ്ടിട്ടില്ല. 'തോണ്ടല്‍' എന്നാണു പലരും ഇതിനെ വിളിച്ചിരുന്ന ടെക്നിക്കല്‍ ടേം. ഞാന്‍ പണ്ടേ ഒരു പ്രസ്ഥാനം ആയതു കൊണ്ടാകണം, എല്ലാവരും ഞാന്‍ ബോള്‍ തോണ്ടി പുറത്ത് എത്തിക്കുമ്പോള്‍ എന്നെ 'തോണ്ടല്‍ പ്രസ്ഥാനം' എന്നു അഭിസംബോധന ചെയ്തത്. അന്നത്തെ കളിയിലേക്ക് മടങ്ങി വരാം.

കളിയ്ക്കാന്‍ വന്നപാടെ ഞാന്‍ ഉറക്കെ ചോദിച്ചു. 'ഞാന്‍ ഇതു ടീമിലാ?'

-'അവിടെ നിന്ന് ഇങ്ങോട്ട് കളിച്ചോ..'

ഗോളി നിന്ന ഏതോ ഒരു മന്ദന്‍ പറഞ്ഞു. ആ മന്ദന്‍ ആരെന്നതിനെക്കാളും പറഞ്ഞത് എന്താന്ന് എന്നതിന് ഞാന്‍ പ്രാധാന്യം കൊടുത്തു.

സാരാംശം: നീ മറ്റേ ടീമില്‍ കളിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.

എനിക്ക് നേരെ ഉരുണ്ടു വന്ന പന്തിനെ വക വയ്ക്കാതെ, ഓഫ്‌ നിന്ന് ഗോള്‍ അടിച്ചതിന് ചീത്ത കേള്‍ക്കാതിരിക്കാനുമായി ഞാന്‍ എന്‍റെ ടീമിന്‍റെ ഗോള്‍ പോസ്റ്റിലേക്ക് ഓടി.

പെട്ടെന്നാണ് ആ ഭീമാകാരനായ പന്ത് എന്‍റെ തലയ്ക്കു പിന്നില്‍ വന്നു പതിച്ചത്! മന്ദന്റെ അപ്രതീക്ഷിത ആക്രമണം. പിന്നില്‍ നിന്നും ഉള്ള ഒരു യുദ്ധവും മുറയും ഭാരതീയ ചരിത്രത്തില്‍ ഇല്ല. ചതിയും കുതുകാല്‍ വയ്പ്പും വേണമെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ പിന്നില്‍ നിന്നും ഉള്ള ഒരു പ്രഹരം. അതും കളിക്കളത്തില്‍ നിരായുധന്‍ ആയി നില്‍ക്കുന്ന ഒരു പാവം പടയാളിയോട്. ഒരു ഭാരതീയന് ഈ ചതി ക്ഷമിക്കാനാകുമോ വായനക്കാരെ? ഇല്ല, എന്നിട്ടും ഞാന്‍ ക്ഷമിച്ചു, കാരണം ഇത് പാശ്ചാത്യലോകത്തിന്റെ കളിയാണ്. അതുകൊണ്ട്... അതുകൊണ്ട് മാത്രം.  എന്നിട്ടും എല്ലാരും ഇളിഭ്യനായി നില്‍ക്കുന്ന എന്നെ നോക്കി ചിരിക്കുന്നു. ആ മന്ദനും ചിരിച്ചു കാണും. അവസാന അര മണിക്കൂര്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നിട്ട് കിട്ടിയ ഈ പരിഹാസം.. വെറുത്തു പോയ്‌.. ത്ഫൂ..

കാലം കുറെ കടന്നു പോയി. ഹാന്‍ഡ്‌ ബോളില്‍ താന്നെ ഞാന്‍ ആശ്രയം പ്രാപിച്ചു. ഇടക്ക് വോളിബോള്‍, ബാസ്കെറ്റ് ബോള്‍ എന്നിവയിലും ചെറിയ ചില അരങ്ങേറ്റം നടത്തി. ഖോ-ഖോയിലും ചില പുത്തന്‍ അടവുകള്‍ പരീക്ഷിച്ചു. എങ്കിലും ഫുട്ബോള്‍ അടുത്തേക്ക് ഉരുണ്ടു വരുമ്പോള്‍ വീണ്ടും പഴയ ആ വൈക്ലബ്യം. 'അവന്‍റെ ഒരു സ്നേഹം' എന്നു പരിഭവിച്ച് ഞാന്‍ ആ ഉണ്ടാപക്രുവിനെ തട്ടി അകറ്റി. എങ്കിലും എണ്ണം തികയാതെ വന്നപ്പോള്‍ ഹൗസ് മാച്ചിനു വേണ്ടി വീണ്ടും കോര്‍ട്ടില്‍ ഇറങ്ങേണ്ടി വന്നു. മഴ പെയ്തു കുളമായി കിടന്ന ഗ്രൌണ്ടില്‍ ഞാനും പന്തും ഏറ്റുമുട്ടി. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിര്‍ ടീം കപ്പും കൊണ്ട് മടങ്ങി. മഴയില്‍ നനഞ്ഞ്, പരാജയഭാരത്തോടെ കളിക്കളം വിട്ടു പുറത്തിറങ്ങുമ്പോള്‍, ആറിലെയോ ഏഴിലെയോ ചെക്കന്മാരുടെ കുഞ്ഞു കാലുകള്‍ക്കിടയില്‍ ആ പന്ത് കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു... 'എത്ര തവണ ഞാന്‍ നിന്നെ തേടി വന്നു, അന്നൊക്കെ നീ എന്നെ തട്ടി അകറ്റുകയായിരുന്നില്ലേ'


Tuesday, 24 September 2013

Season of Dark : രണ്ടാമൂഴം - എം.ടി.


            വളരെ വൈകിയാണ് ഞാന്‍ രണ്ടാമൂഴം വായിച്ചത്. എംടി എന്ന എഴുത്തുകാരനെ , ആ വൈഭവത്തെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത് ഈ നോവല്‍ വായിച്ചതിലൂടെ ആണ്‌. ഭാരതത്തിന്‍റെ അഭിമാന ഇതിഹാസമായ ഒരു സാഹിത്യസൃഷ്ടി, അതിശയോക്തി ഇല്ലാതെ മനുഷ്യജീവിതവുമായി ഇഴ ചേര്‍ത്ത് എംടി പുനസൃഷ്ടിച്ചിരിക്കുന്നു. ആധികമാരും ശ്രദ്ധിക്കാതെ പോയ ഭീമനെ അതിനായി തിരഞ്ഞെടുത്തതില്‍ അത്ഭുതം തോന്നുന്നു. മഹാഭാരത കഥയില്‍ വീരന്മാര്‍ക്കും വില്ലാളികള്‍ക്കും ഒരു പഞ്ഞവുമില്ല എന്നറിയാമല്ലോ. ചീര്‍ത്തു തടിച്ച ആകാരവുമായി, ദൂരദര്‍ശന്‍ സീരിയലലുകളില്‍ പ്രത്യക്ഷപ്പെടുന്ന ഭീമസേനനെ, ഒരു ഹാസ്യ കഥാപാത്രം പോലെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു. എന്നാല്‍ രണ്ടാമൂഴം വായിച്ചപ്പോള്‍ മറ്റൊരു ഭീമസേനനെ കണ്ടു, അറിഞ്ഞു.



എന്നും രണ്ടാമനായി, രണ്ടംസ്ഥാനക്കാരനായി പിന്തള്ളപ്പെട്ട ഭീമസേനന്‍. പാഞ്ചാലിയുടേയും കുന്തിയുടെയും വാക്കുകളെ മൌനമായി അനുസരിക്കുന്ന ഭീമസേനന്‍. ആയുധപ്രകടനങ്ങളില്‍ നിപുണനായ ഒരു കരുത്തന്‍. ഭക്ഷണപ്രിയനായ വൃകോദരന്‍. ആരേയും ഭയക്കാതെ വാക്കുകൊണ്ടും കൈകള്‍ കൊണ്ടും നേരിടുന്ന ഒരു ധീരന്‍. വിശേഷണങ്ങള്‍ക്ക് അതീതനാണ് എംടിയുടെ ഭീമസേനന്‍. 

മഹാഭാരതകഥയില്‍ അമാനുഷികതയില്ലാതെ, തികച്ചും വ്യത്യസ്തമായാണ് അവതരണം.  എല്ലാം  വീക്ഷിക്കുന്നത് ഭീമന്‍റെ കണ്ണുകളിലൂടെ. ഒരു മനുഷ്യന്‍റെ മനസ്സില്‍ ഉടലെടുക്കാവുന്ന ചിന്തകളെ ഭീമന്‍റെ മനസ്സിലും ഒള്ളു. ഓരോ കഥാപാത്രങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ അവരെ കുറിച്ചുള്ള വിവരണമാകുന്നു. രണ്ടാമനായി പോയതുകൊണ്ട് നിശ്ശബ്ദനായി നില്‍ക്കേണ്ടി വരുന്ന ഭീമസേനന്‍ വായനക്കാരില്‍ സഹതാപം ഉണര്‍ത്തുന്നു. കൌരവസഭയിലും ആയുധപ്രകടനക്കാഴ്ച്ചക്കിടയിലും പൊട്ടിത്തെറിക്കുന്ന ഭീമന്‍, പലപ്പോഴും പഞ്ചപാണ്ധവരിലെ മന്ദന്‍ എന്നാക്ഷേപിക്കപ്പെടുന്നു. എന്നാല്‍ ഇടക്ക് അഗ്രജന്‍ പറയുന്നുണ്ട് കാക്കാന്‍ ഭീമസേനന്‍ ഉണ്ടല്ലോ എന്ന്. കുരുക്ഷേത്രയുദ്ധത്തില്‍ ഏവരും  ഏറ്റവും ഭയന്നതും ഇവനെയാണ്. ഏറ്റവും അധികം കൌരവരെ വധിച്ച് ഭീമന്‍ അതു ശരി വയ്ക്കുന്നു. കാട്ടാളനായാലും കാട്ടാനയായാലും ശത്രു , ശത്രു തന്നെ എന്ന്ഭീമന്‍ വിശ്വസിക്കുന്നു. അശ്വത്ഥാമാവിനെ കൊല്ലാനാകാത്തത്തില്‍ അയാള്‍ വ്യസനിക്കുന്നു. അവസാനം സ്വന്തം പിതാവു പോലും   ആരെന്നറിയാനാകാതെ അയാള്‍ തകരുന്നു.  

എംടിയുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്നു ചോദിച്ചാല്‍ രണ്ടാമൂഴം ആണെന്ന് ഞാന്‍ പറയും. അരങ്ങുകളില്‍ ശ്രദ്ധേയമായ   രണ്ടാമൂഴം ഇനി തിരശ്ശീലയിലും പതിയാനായി കാത്തിരിക്കാം.

-- എല്‍കെ

Friday, 9 August 2013

അങ്ങനെ ഈ മഴക്കാലത്ത്..

കര്‍ക്കിടകം പുറത്തു കോരിച്ചൊരിയുന്നു. മഴ ഇത്തവണ ഇത്തിരി കടുപ്പമായിരുന്നു. മഴയെ എന്നും സന്തോഷത്തോടെയാണു വരവേറ്റിരുന്നത്. എന്നാല്‍ ഇത്തവണ എന്തോ, മഴ എന്റെ മനസ്സില്‍ അത്ര കുളിര്‍മ്മ ചൊരിഞ്ഞില്ല. മനസ്സിലാകെ എന്തോ മഴക്കാറിരുണ്ടപോലെ. മുറിക്കുള്ളില്‍ ഒതുങ്ങിക്കൂടി. പുസ്തകങ്ങള്‍ ആയിരുന്നു ഒരു ആശ്വാസം. എംടിയുടെ നാലുകെട്ടും, ചേതന്‍ ഭഗത്തിന്റെ റെവൊല്യൂഷന്‍ ട്വന്റി ട്വന്റിയും വായിച്ചു. ഇടക്കു കൊടുങ്ങല്ലൂരമ്മയെ കണ്ടു തൊഴുതു. കുറേ അലച്ചില്‍. പിന്നെ അല്പം പഠനകാര്യങ്ങളും. ഈ മഴക്കാലത്ത് ഓര്‍ക്കാന്‍ കാര്യമായ ഒന്നും തന്നെ ഇല്ല എന്നു തോന്നുന്നു. ആകെ ഒരു ഒറ്റപ്പെടല്‍. എങ്കിലും പ്രതീക്ഷയുടെ ഒരു നേര്‍ത്ത സൂര്യകിരണം. ( സൂര്യന്‍- എന്ന വാക്ക് ഈ മഴക്കാലത്ത് സൂക്ഷിച്ചു ഉപയോഗിക്കണമല്ലോ !) മനസ്സിലെ ഈ ഇരുണ്ട മഴക്കാലം ഉടനേ മാറി, നല്ലൊരു വസന്തത്തിന്റെ വരവറിയിച്ചു മന്ദസമീരന്‍ ഉടനേ വീശുമായിരിക്കും. (ആ സാഹിത്യപ്രയോഗം ഇത്തിരി ഓവര്‍ ആയോ എന്നു ഒരു സംശയം ?) എങ്കിലും ഇരിക്കട്ടെ. കാലങ്ങള്‍ മറക്കാതിരിക്കാന്‍ ഈ ഒരു കുറിപ്പുകൂടി. പിന്നെ ഒരു മഴക്കാലത്ത്, വായിച്ചു ഓര്‍ത്തോര്‍ത്തു ചിരിക്കാമല്ലോ..

ഒരു മഴക്കാലത്തു നിന്നും  സീസണ്‍ ഓഫ് ഡാര്ക്കിനു വേണ്ടി വായനക്കാരനോടൊപ്പം  എല്‍ക്കേ ;-)

Monday, 1 July 2013

Season of Dark : വലിയ ലോകവും കൊച്ചു ടിവിയും

                     
                          
                          വലിയ ലോകവും കൊച്ചു ടിവിയും

 
ശ്രീശാന്തിനെ കാണ്മാനില്ല! മിന്നിമായുന്ന ഫ്ലാഷ്  ന്യൂസിലോ പകലന്തിയോളമുള്ള സംവാദ പരിപാടികളിലോ ഇപ്പോള്‍ ശ്രീശാന്തിനെ കാണ്മാനില്ല. എന്തു പറ്റി? അവന്‍റെ ശരീരത്തിലെ ചോര മുഴുവന്‍ തീര്‍ന്നു പോയോ, അതോ ചാനല്‍ റേറ്റിംഗ് താഴെപ്പോയോ. ജാമ്യം കിട്ടിയത് ഭാഗ്യം. ഇല്ലെങ്കില്‍ ഇവര്‍ തന്നെ തൂക്കി കൊന്നേനെ.

 എരിവും പുളിയും നിറഞ്ഞ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്തതിനാല്‍ പാവപ്പെട്ട ചാനല്‍ മുതലാളിമാര്‍ക്ക് കഞ്ഞി കുടിച്ച് ജീവിക്കാം. മന്ത്രി ആപ്പീസും കിടപ്പറകളും ആണു ഇപ്പോള്‍ സ്ക്രീനില്‍. സൌരോര്‍ജ്ജത്തിന്റെ ചൂട് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നു. എന്തെലാം വാര്‍ത്തകളാണ് ഈ കൊച്ചു നാട്ടില്‍. ഒരു നാടിന്‍റെ പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ട വിലപ്പെട്ട നാളുകളാണ് ഇങ്ങനെ നശിപ്പിക്കുന്നത്.


പെണ്ണും മണ്ണും പണ്ടേ പ്രശ്നകാരണങ്ങള്‍ ആണ്. ഇപ്പോള്‍ അതിലുപരി അധികാരക്കൊതിയും സ്ഥാനമാനങ്ങളും ആണു സമൂഹത്തെ നശിപ്പിക്കുന്നത്. വായിച്ചു വളര്‍ന്ന ഒരു സമൂഹത്തിന്‍റെ അധ:പതനത്തിനു കാരണം ആയി എനിക്ക് തോന്നുന്നത്  ഡിജിറ്റല്‍ മാധ്യമങ്ങളുടെ കടന്നു കയറ്റമാണ്. എല്ലാം പച്ചയായി അവതരിപ്പിച്ചു ലോകം നന്നാക്കി കളയുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. അതിനു വിലയായി കൊടുക്കേണ്ടി വന്നത്നമ്മുടെ സംസ്കാരവും. കഷ്ടം തോന്നുന്നു, നമ്മളോടു തന്നെ! കാശിനു വേണ്ടി പടച്ചു വിടുന്ന വാര്‍ത്തകള്‍ക്കും ദൃശ്യങ്ങള്‍ക്കും മുന്‍പില്‍ വായും തുറന്നു കണ്ണടച്ചു ഇരിക്കുന്ന ഈ നമ്മളോടു തന്നെ!

Monday, 10 June 2013

Season of Dark : നന്ദി


                                                                 നന്ദി

25 സെപ്തംബര്‍ 1992
പതിവു പോലെ ഒരു അദ്ധ്യായന ദിവസം കൂടി കഴിഞ്ഞു. വീടും സ്കൂളും മഴയും ഉള്ള ഒരു ദിവസം. മോഹനേട്ടന്‍ ഇന്നു വല്ലാതെ ദേഷ്യപ്പെട്ടു. എനിക്ക് സഹിക്കാനായില്ല. ഒരു നല്ല വാക്ക് പറയാന്‍ മോഹനേട്ടന്‍ മറന്നു പോയിരിക്കുന്നു. അമ്മ ഇതെല്ലാം കണ്ട് പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോഴാണ് എനിക്ക് പലതും മനസ്സിലാകാത്തത്. ഞാന്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം നന്നായി തന്നെ ചെയ്യുന്നു. എല്ലാവരേയും സ്നേഹിക്കുന്നു. പിന്നെ എന്തിനാണു ഈശ്വരാ, എന്നോട് എല്ലാരും ഇങ്ങനെ? മനസ്സു മുരടിപ്പിച്ച ഒരു ദിവസം. ഒരു നന്ദി വാക്ക് അതുപോലും എന്നെ എത്ര ആശ്വസിപ്പിച്ചേനെ. ഉച്ചക്ക് ഭക്ഷണം കഴിക്കാനായില്ല. 3ബി-യിലെ ശരത്ത്, ഉച്ചക്ക് ക്ളാസ്സിന്റെ ഒരു മൂലയില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം, അതു ശരിയായിരുന്നു. മറ്റുള്ളവര്‍ക്കു മുന്നില്‍ സംസാരിക്കാന്‍ മടിക്കുന്നത് മനസ്സിന്റെ വൈകല്യമാണോ, അതോ ആ കുഞ്ഞു മനസ്സിലെ അപകര്‍ഷതയോ? എന്തിരുന്നാലും എന്റെ ചോറ്റുപാത്രത്തിലെ ഭക്ഷണം ആ കുഞ്ഞു വയറിനു ആശ്വാസമായി എന്നതു തന്നെ വളരെ സന്തോഷം. നാളെ കുറച്ചു ചോറു കൂടി കരുതണം.ശരത്തിനും ഉണ്ടായിരുന്നു ഒരമ്മ. അവനെ സ്കൂള്‍ കുപ്പായമിടിയിക്കാനും ചോറൂട്ടാനും രാത്രി ഓരത്തു കിടത്തി ഒരായിരം കഥകള്‍ ചോല്ലി കൊടുക്കാനും ഒക്കെ ഒരു അമ്മ. എങ്കിലും ആ അമ്മക്കു എങ്ങനെ ഇതെല്ലാം പെട്ടെന്നു അവസാനിപ്പിക്കാന്‍ തോന്നി? എനിക്ക് ഒരു കുഞ്ഞില്ല. എങ്കിലും അത്തരം ചിന്തകളൊന്നും എന്റെ മനസ്സില്‍ ഇതുവരെ വന്നിട്ടില്ല. അമ്മയുടെ ആത്മഹത്യ ആ കുഞ്ഞിന്റെ മനസ്സിനെ തകര്‍ത്തുകളഞ്ഞിരിക്കണം. ആരോടും പറയാനില്ലാതെ ഏതെങ്കിലും ഒരു ഒഴിഞ്ഞ മൂലയില്‍ ശരത്തും അറിപ്പെടാതെ, സ്നേഹിക്കപ്പെടാതെ പോകും. പാവം. നാളെ ആ സ്കൂളിലേക്ക് ചെല്ലാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ആ കുഞ്ഞിന്റെ നന്ദിപൂര്‍വ്വമുള്ള പുഞ്ചിരിയായിരിക്കണം.


15 ആഗസ്ത് 2012
ഒരു പുതുമയുള്ള ദിനം. രാവിലെ പെയ്ത മഴ - അതാണെന്നെ കൂടുതല്‍ ഉന്മേഷവാനാക്കിയത്. കരുണ ഓര്‍ഫനേജിലെ സ്വാതന്ത്ര്യദിന ആഘോഷം ആയിരുന്നു ഇന്നെനിക്ക് ഓര്‍ക്കാനുള്ളത്. ഒരു കൂട്ടം പ്രായമായ അമ്മമാര്‍. മക്കളുപേക്ഷിക്കുന്നവരുടെ എണ്ണം ഇത്ര അധികമാണെന്നു ഞാന്‍ കരുതിയില്ല. ചുറ്റിലും ഉള്ള സാമൂഹ്യസ്ഥിതി അറിയാതെ ആണല്ലോ ഞാന്‍ സേവനത്തിനിറങ്ങി തിരിച്ചത് ! അവരെ കണ്ടപ്പോള്‍ ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തുപോയി. രാധാമണി ടീച്ചര്‍. ആ മുഖം അത്ര ദയനീയമായ അവസ്ഥയില്‍ ഞാന്‍ അവിടെ പ്രതീക്ഷിച്ചില്ല. ടീച്ചര്‍ നീട്ടിയ ചോറ്റുപാത്രത്തിലെ ഇളംചൂടുള്ള ആഹാരത്തിന്റെ ഗന്ധം, ആ പഴയ എട്ടുവയസ്സുകാരനോടുള്ള സ്നേഹം മറക്കാനാകുന്നില്ല . കുങ്കുമപൊട്ടിനും നീണ്ട മുടിക്കും പകരം പ്രായത്തിന്റെ ചുളിവുകളും നരകളും . 'ടീച്ചര്‍ ഇതു ഞാനാണ് , ആ പഴയ ശരത്ത് ' എന്നു പറയണമെന്നു ഉണ്ടായിരുന്നു-കഴിഞ്ഞില്ല. എങ്കിലും ടീച്ചറെ എന്റെ കൈകള്‍കൊണ്ട് ചോറൂട്ടുവാന്‍ കഴിഞ്ഞു. ഒരായിരം കുട്ടികള്‍ക്കു പാഠങ്ങള്‍ ചൊല്ലിക്കൊടുത്ത ടീച്ചറുടെ ഈ ദുരവസ്ഥയെക്കുറിച്ചാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. ടീച്ചര്‍ സ്വന്തം മക്കള്‍ക്കു നല്ല പാഠങ്ങള്‍ ചൊല്ലി പഠിപ്പിക്കുവാന്‍ മറന്നതാകുമോ? ഇന്ന് വളരെ സമാധാനത്തോടെയാണ് ഞാന്‍ കിടക്കാന്‍ പോകുന്നത്. നാളെ ഈ സമയത്ത് ഡയറി എഴുതാന്‍ ഇരിക്കുമ്പോള്‍ എന്റെ അരികില്‍ ടീച്ചര്‍ ഉണ്ടാകും. ആ പഴയ മൂന്നാം തരത്തിലെ ക്ളാസ്സ് ടീച്ചറായിട്ടല്ല, എന്റെ സ്വന്തം അമ്മയായിട്ട്.

        • സമാപ്തം


By
ലാല്‍ കൃഷ്ണ രാജ് ഏ.

Monday, 6 May 2013

Season of Dark: Asuravithu By M T Vasudevan Nair

                                           അസുരവിത്ത് : എം. ടി.


                        1940 കാലഘട്ടത്തെ പശ്ചാത്തലമാക്കി എം. ടി. എഴുതിയ നോവല്‍. മലപ്പുറത്തെ നാടന്‍ ഭാഷാശൈലിയുടെ ഭംഗി കൊണ്ട്  മനോഹരമായ ഒരു നോവല്‍. സാമൂഹ്യപ്രശ്നങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് അതീവ ഹൃദ്യമായി രചിച്ചിരിക്കുന്നു എം ടി. മതത്തിനും അപ്പുറം ആണു മനുഷ്യജീവിതം എന്നു അസുരവിത്ത്  ഓര്‍മ്മപ്പെടുത്തുന്നു. മതവും മനുഷ്യനും കൈയ്യൊഴിയുന്ന മനുഷ്യനെ (ജഡത്തിനെ) അവസാനം ഏറ്റെടുക്കുന്നത്  കഥാനായകനായ, വേട്ടമൃഗമായ, നായരോ മുസ്ലിമോ എന്നു സമൂഹം ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ഒരുവനാണ്. 

        
 നോവല്‍ ആരംഭിക്കുന്നത്ത് സമൃദ്ധമായ ഓണക്കാലത്താണ്. അവസാനിക്കുന്നത് വറുതിയുടെ മഴക്കാലത്തും. ദാരിദ്രവും പട്ടിണിയും ഒരു വശത്തും, പഴയകാല പ്രതാപവും മതഭ്രാന്തും മറുവശത്തും. ഇതിനിടയില്‍ ഞെരുങ്ങിപ്പോകുന്ന ഒരു കൂട്ടം ജനതയുടെ കഥ. സമൃദ്ധിയുടെ നിറവും മതത്തിന്റെ മദവും ബാധിച്ച വെറെ ഒരു ജനത. ഇരുട്ടിന്റെ മുറികളില്‍ ഒതുങ്ങി ജീവിക്കുന്ന കുറേ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത 'പെണ്ണുങ്ങളും'. ജനിച്ച കാലം കൊണ്ടോ പിറന്ന ജാതികൊണ്ടോ അല്ല, ചെയ്യുന്ന പ്രവര്‍ത്തി കൊണ്ടാണു ഒരുവന്‍ മനുഷ്യനാകുന്നത്, അല്ലെങ്കില്‍ അവന്‍ ഒരു മൃഗം മാത്രം.
           വായിച്ച പുസ്തകം അല്പം പഴയതായിരുന്നു. അച്ചടി പഴയ ഒരു ശൈലിയിലും. കൂടെ തനി നാടന്‍ സംസാര ശൈലികളും! വായിക്കാനേറെ ബുദ്ധിമുട്ടിയെങ്കിലും എം. ടി.യുടെ രചനയുടെ വൈഭവം കൊണ്ടു തന്നെയാണ് എനിക്ക്  ഈ നോവല്‍ ഇത്ര ഇഷ്ടമായത് .

-- Lal Krishna Raj

Friday, 3 May 2013

Malayalam Short Story: സ്മൈലി

                    
                                   സ്മൈലി
                            

 ഇന്ത്യന്‍ കോഫി ഹൗസ് അന്ന് വിജനമായിരുന്നു. പതിവു തിരക്കോ ബഹളമോ ഇല്ല. ശംഖുമുഖം ബീച്ച് കാണാന്‍ എന്തേ ആളുകള്‍ ഇല്ലാതായോ, അതോ അവര്‍ക്കു തീരക്കാഴ്ചകള്‍ മടുത്തോ? വിനയന്‍ ചിന്തിച്ചു. തിരകള്‍ക്കു വല്ലാത്ത ശാന്തത. എന്തോ ചുറ്റുമുള്ളതെല്ലാം വളരെ ശാന്തമായ കാഴ്ചകളായി വിനയനു തോന്നി,തന്റെ മനസ്സൊഴിച്ച്. അനു ഇതുവരെ എത്തിയില്ല. വിനയന് എന്നത്തേയും പോലെ അല്ല ഇന്ന്. തന്റെ ഇഷ്ടം അനു അറിയണം. ഇല്ലെങ്കില്‍ ഇനിയവള്‍ തന്റേതല്ലാതാകും എന്നൊരു പേടി. പൂന്തോട്ടനഗരത്തിലെ പുതിയ ജോലിക്ക് അനു നാളെ തിരിക്കും. പിന്നെ  പത്മനാഭന്റെ മണ്ണില്‍ താന്‍ ഒറ്റക്ക് !

പഴഞ്ചന്‍മൊബൈല്‍ മെല്ലെ ഞരങ്ങി- ന്യൂ മെസ്സേജ്. "ഇഷ്ടമാണെങ്കില്‍ കൂടി വേറെ ഒരാള്‍ക്കുവേണ്ടി എന്തും ത്യജിക്കുന്നവനാണ് ശരിയായ സുഹൃത്ത്. ഗുഡ് ഈവെനിങ്ങ് - ശ്യാം"

തന്റെ മനസ്സിലിരിപ്പ് അറിഞ്ഞ വണ്ണം ശ്യാം മെസ്സേജ് അയച്ചിരിക്കുന്നു. വിനയന്‍ ഭയന്നു. ശ്യാം അനുവിന്റെ വീട്ടിലേക്ക് മ്യാരേജ് പ്രൊപ്പോസലുമായി വീട്ടുകാരെ വിടാന്‍ പോകുന്നു എന്ന് ആദ്യം പറഞ്ഞത് വിനയനോടാണ്. ഒരുപക്ഷേ അനു അതിനു സമ്മതിച്ചാല്‍..തന്റെ ഇഷ്ടം അനുവിനോട് തുറന്നു പറയണം- വിനയന്‍ വൈകിയാണെങ്കിലും തീരുമാനിച്ചു. പക്ഷെ, അനുവിനോടൊപ്പം ഇത്ര നാള്‍ നടപ്പോള്‍, ഈ മണല്‍ തീരത്ത് സായാഹ്നങ്ങള്‍ ചിലവിട്ടപ്പോള്‍, കോഫി ഹൗസിലെ ചൂടുകോഫി പകര്‍ന്നു കൊടുത്തപ്പോള്‍, കാബിലെ സീറ്റ് പങ്കുവച്ച് യാത്രചെയ്തപ്പോള്‍, എല്ലാം, തന്റെ മനസ്സില്‍ പഴയ ആ ബാല്യകാല സൗഹൃദത്തിനുമപ്പുറം കുട്ടിക്കാലം തൊട്ടു കണ്ടുവളര്‍ന്ന പെണ്ണിന്റെ ലാവണ്യത്തോടുള്ള ഏതൊരു ആണിന്റേയും ആഗ്രഹമായിരുന്നോ എന്നു അനു ചിന്തിക്കുമോ? വിനയന്‍ തന്റെ വിയര്‍ത്ത കൈത്തലം ടിഷ്യു പേപ്പറില്‍ തുടച്ചു. 

അനു വരുന്നു. അവള്‍ ഇന്നു പതിവിലധികം സുന്ദരിയായിരിക്കുന്നു. വിനയന്‍ ശ്രദ്ധിച്ചു.വണ്ടി കിട്ടാന്‍ വൈകി എന്നു പറഞ്ഞിട്ടും ശകാരിക്കാതെ ഇരിക്കുന്ന വിനയനെ അനു ആദ്യമായി കാണുകയാണ്. അവള്‍ പോകുന്ന സങ്കടത്തിലാണ് വിനയന്‍ എന്ന് അനു കരുതിക്കോട്ടെ, വിനയന്‍ വിചാരിച്ചു. പക്ഷേ, പറയണ്ടേ- തന്റെ പ്രണയം? അതു എങ്ങനെ പറയും എന്നറിയാതെ,മിണ്ടാതെ ഇരിക്കുകയായിരുന്നു വിനയന്‍.

"ഡാ, ശ്യാം സീരിയസ് ആണ്. ഇന്നലെ എന്റെ അച്ഛനോട് അവന്റെ അച്ഛന്‍ സംസാരിച്ചു.ഡാ, ഞാന്‍ ഇപ്പോ എന്താ മറുപടി പറയുക?" അനു നേരെ വിഷയത്തിലേക്കു കടന്നു.
"ഞാന്‍ ഇപ്പോള്‍ എന്താ പറയ്യാ, അവനെ നമുക്കു നന്നായി അറിയാം. നീയുമായി ഞാന്‍ നോക്കിയിട്ടു നല്ല മാച്ച് ആണ്, പിന്നെന്താ.." വിനയന്‍ ഇന്‍ബോക്സിലെ മെസ്സേജ് വായിച്ചു കൊണ്ടു പറഞ്ഞു. വിനയന്‍ അനുവിനെ നോക്കി. അവള്‍ മിണ്ടാതെ കടലില്‍ നോക്കി ഇരിക്കയാണ്. 
"ഞാന്‍ യേസ് പറയട്ടേ.." അവള്‍ ചോദിചു. വിനയന്‍ അവളുടെ മുഖത്തേക്കു നോക്കി. തന്റെ വാക്കിനായി അവളുടെ കണ്ണുകള്‍ കാത്തിരിക്കയാണെന്നു തോന്നി. ആ കണ്ണുകളില്‍ നിന്നും വിനയന്റെ നോട്ടം ഓടി ഒളിച്ചു.
"ഉം" വിനയന്‍ മൂളിക്കൊണ്ടു തലയാട്ടി.

കോഫി ഹൗസ് പഴയപോലെ തിരക്കുള്ളതായി. പട്ടം പറത്തിക്കൊണ്ടു കുട്ടികള്‍ കടല്‍ത്തീരത്ത് കളി തുടങ്ങി.

രാത്രി പതിനൊന്നര കഴിഞ്ഞു വിനയന്‍ കണ്ണു തുറന്നപ്പോള്‍. ദുര്‍ബലമായ തന്റെ മനസ്സിനെ പഴിച്ച് അയാള്‍ മയങ്ങിപ്പോയിരുന്നു. അനു ഇതിനകം പുറപ്പെട്ടിരിക്കും.  സൈലന്റ് മോഡ് മാറ്റാനായി വിനയന്‍ ഫോണ്‍ കൈയ്യിലെടുത്തു.രണ്ടു മെസ്സേജുകള്‍.

"വിനു, ഞാന്‍ നിന്നെ സ്നേഹിച്ചതു പോലെ നീ എന്നേയും സ്നേഹിക്കുന്നു എന്നു ഞാന്‍ കരുതി. നിനക്കു ഞാന്‍ ഒരു നല്ല സുഹൃത്ത്  മാത്രമായിരുന്നു എന്ന് ഞാന്‍ കരുതിയില്ല. ആം സോറി, ഫൊര്‍ എവെരിത്തിങ്ങ്, ബൈ - അനു"

വിനയനു തളര്‍ച്ച തോന്നി. അയാള്‍ അടുത്ത മെസ്സേജ് തുറന്നു.

"ഡാ. വേര്‍ ആര്‍ യൂ മാന്‍? ഷീ സെഡ് യേസ്. ജസ്റ്റ്  നൗ. താങ്ക് ഗോഡ്. - ശ്യാം"

പൊട്ടിച്ചിരിക്കുന്ന സ്മൈലികളെ വിനയന്‍ സൂക്ഷിച്ചു നോക്കി. അവറ്റകള്‍ തന്നെ കൊഞ്ഞനം കുത്തുകയാണോ?

-- Lal Krishna   
 

Season of Dark: ഒരു തെരുവിന്റെ കഥ - S K പൊറ്റെക്കാട്.

 തെരുവ് - എല്ലാം വലിച്ചെറിയപ്പെടുന്ന ഒരിടമാണ്, ജീവനും ജീവിതവും

                                   എസ് കെ-യുടെ ഈ കഥ ഞാന്‍ വായിച്ചു നിര്‍ത്തി. കഥയല്ല, കഥകളായിരുന്നു. കാര്യം വിഷമ സ്ഥിതി കുറുപ്പിന്റേയും, മകള്‍ രാധയുടേയും, ഓമഞ്ചിയുടേയും, സുധാകരന്റേയും, മാലതിയുടേയും, അന്ത്രുവിന്റേയും മുരുകന്റേയും, കൂനന്‍ കണാരന്റേയും ഒക്കെ. പേരുകള്‍ പലതും മറന്നു പോയതില്‍ ഖേദിക്കുന്നു. പക്ഷേ അവസാനം  SK കുറിച്ചിരിക്കുന്നു- "പുതിയ കാല്പാടുകള്‍ പഴയ കാല്പാടുകളെ മായിക്കുന്നു' എന്ന്.

                                  
        ഒരു തെരുവിനു പറയാന്‍ ഒരായിരം കഥകളുണ്ട്. ജീവനില്ലാത്ത കുപ്പത്തൊട്ടിക്കും കമ്പിത്തൂണിനും ഒക്കെ ഓരോ കഥകളുണ്ട്. കുരുടന്‍ മുരുകനേപ്പോലെ ഓരോ കഥകളിലൂടെ ജീവിതത്തിന്റെ ഗന്ധവും ദുര്‍ഗന്ധവും വിവരിക്കുകയായിരുന്നു SK. ചിലതിനു എച്ചില്‍ ഇലകളുടെ ഗന്ധം ആയിരുന്നു. ചിലതിനു കസ്തൂരി പനിനീര്‍ പൂവിന്റേയും. അണക്കാശിന്റേയും ഉറുപ്പികയുടേയും മൂല്യം വേലിയേറ്റവും ഇറക്കവും പോലെ തോന്നിപ്പിചു. അന്ത്രുവിന്റെ ഇല്ലാക്കുതിര കണക്കേ ഒരു നൂറു തെരുവു സ്വപ്നങ്ങള്‍, സഫലമാകാത്ത പ്രണയങ്ങള്‍, നഷ്ട ജന്മങ്ങള്‍.. തെരുവ് - എന്നും ഇവയെല്ലാം വലിച്ചെറിയപ്പെട്ട ഒരിടമായിരുന്നു.

Sunday, 24 March 2013

Season of Dark: പല്ല്ലിയും പലഹാരവും

പല്ല്ലിയും പലഹാരവും


       സനഡു ബേക്കറിയുടെ മുന്നില്‍ ചുറ്റി തിരിയുന്ന ആ ശ്വാനനെ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി ഇവന്‍ തന്നെ സംഗീതിന്റെ കഥയിലെ വില്ലന്‍. കഥ ഇങ്ങനെയാണ്. സംഗീത് വൈകുന്നേരം ചായയും പലഹാരവും കഴിച്ചു കൊണ്ട് നില്ക്കുകയാണ് . അപ്പോഴാണ് വില്ലന്റെ രംഗപ്രവേശം. പിന്നില്‍ കെട്ടിയ കയ്യിലെ പലഹാരം ശ്വാനന്‍ കാണുന്നു. സംഗീത് ഇത് അറിയുന്നില്ല. ശ്വാനന്‍ ചുറ്റും നോക്കുന്നു. മെല്ലെ പുറകിലൂടെ ചെന്നു. പലഹാരം കടിച്ചെടുക്കുന്നു. അഹിംസാവാദിയായ സംഗീത് ആ പാവത്തിനെ വെറുതേ വിട്ടു. ആ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ നായകനും വില്ലനും കൂടിയുള്ള ഒരു സംഘട്ടനം പ്രതീക്ഷിക്കാമായിരുന്നു. എന്തിരുന്നാലും ഞാന്‍ അന്നു മുതല്‍ സംഗീതിനെ അതു പറഞ്ഞു കളിയ്യാക്കി. പാവം, വെജിറ്റബിള്‍ പപ്സ് തിന്നേണ്ടി വന്ന കഥയിലെ പാവം വില്ലനാണു എന്റെ മുന്നിലൂടെ ഇപ്പോള്‍ ഓടി നടക്കുന്നത് !



 


     അവനെ കാണുമ്പോള്‍ ഈ ചിത്രമാണു എന്റെ മനസ്സില്‍ തെളിയുന്നത്. സംഗീതിനെ കളിയാക്കി ഞാന്‍ മടുത്തു. ഞാന്‍ ബുക്കില്‍ വരച്ചിട്ട എല്ലിന്റെ പടം കണ്ട് സംഗീതും ചിരിച്ചു. ആനന്ദും ഞാനും സംഗീതിനെ ശരിക്കും പേടിപ്പിച്ചിരുന്നു. അതുകൊണ്ടാവണം അന്നുതന്നെ അവന്‍ പേപ്പട്ടി വിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. :)


       അധികം ദിവസം കഴിഞ്ഞില്ല. ഞാനും ആനന്ദും ഹരിയും റൂമില്‍ സൊറ പറഞ്ഞു ഇരിക്കുകയായിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്ക് നമ്മുടെ കഥയിലെ ട്വിസ്ടുമായി നവാസ് വരുന്നത്. മലപ്പുറം ശൈലിയില്‍ ഓന്‍ ചോയിച്ചു
ഡാ, ഇങ്ങ്ള് ആരേലും കൂളറിലെ വെള്ളം കുടിച്ചീനാ..?”
എന്തേ?”
അയിലു പല്ലി ചത്തു വീണു.”
അയ്യോ ഞാന്‍ കുടിച്ചു പോയല്ലൊ..” 
ഞാന്‍ അറപ്പോടെ പറഞ്ഞു. അതിലും അറപ്പോടെ ഒരു നോട്ടം നോക്കി നവാസ് പോയി. :(


കുടിച്ചത് കുടിച്ചു. മിണ്ടാതെ ഇരുന്നാല്‍ പോരേ..” ആനന്ദ് ചോദിച്ചു.
ഇപ്പോള്‍, പറഞ്ഞതാണു പ്രശ്നം , ഞാനത് കുടിച്ചതല്ല. എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി.
അതേ, പ്രോട്ടീന്‍ ഉള്ള വെള്ളമാണു ഞാന്‍ കുടിച്ചത്.”
ഉരുണ്ടു കൂടിയ ചമ്മലു മറച്ച് ഞാന്‍ പറഞ്ഞു.
അതാണു എല്‍ക്കേക്കു ഈയിടെയായി ഭയങ്കര മസില്..”
ഹരിയും കളിയാക്കി. കൂടുതല്‍ പറയിക്കാന്‍ ഞാന്‍ ഇരുന്നു കൊടുത്തില്ല. എങ്ങനെയൊക്കെയോ അവന്മാരെ റൂമില്‍ നിന്നും പുറത്തു ചാടിച്ചു.

ഇനി സീന്‍ ക്ളാസില്‍:

ബഞ്ചില്‍ എന്റെ അടുത്തു സംഗീത്. ഞാന്‍ പതിവു പോലെ പട്ടി വിഷയം എടുത്തിട്ടു. പക്ഷേ അവന്റെ ഡയലോഗ് പെട്ടെന്നായിരുന്നു.

എല്ക്കേ പല്ലി പല്ലി..”  :P

ചതിച്ചതാര് മച്ചുനന്‍ ചന്തുവൊ (ഹരി) അതോ ഇതു പുറത്ത് പറയരുത് എന്ന് ശട്ടം കെട്ടിയ , കൊല്ലനോ?? (ആനന്ദ്).


          കൊമേഡിയന്‍ നായകനാകുന്ന ന്യു ജെനെറേഷന്‍ സിനിമകളുടെ കാലമല്ലെ ഇത്. മച്ചിലെ പല്ലിയും വില്ലനാവുന്ന ട്വിസ്ടുകള്‍. നായകനായിരുന്ന ഞാന്‍ അവന്റെ ഒറ്റ ഡയലോഗുകൊണ്ടു കൊമേഡിയന്‍ ആയി .

എങ്കിലും ഒരു സംശയം, ചതിച്ചതാര് ? മുളയാണി വെച്ച കൊല്ലനോ അതോ ചന്തുവോ ?

--Lal Krishna Raj A.