Thursday, 2 July 2015

Malayalam Short Story : കഥ : അത്തറിന്റെ ഗന്ധം

                                         അത്തറിന്റെ  ഗന്ധം 


പൂനെ സ്റ്റേഷനില്‍ നിന്നും ലോക്കല്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. പ്ലാട്ഫോമില്‍ ഉറങ്ങിക്കിടന്ന നായകള്‍ സ്വപ്നഭംഗത്തിന്റെ നിരാശയില്‍ ചുറ്റും എന്തോ പരതി. നായ്ക്കളും കഥാനായകനും തമ്മില്‍ ഒരു പ്ലാട്ഫോര്‍മിന്റെ അന്തരം മാത്രം. കിഷോര്‍ അതോര്‍ത്തു പുഞ്ചിരിച്ചു. ഈ യാത്രയുടെ അവസാനത്തോടെ ആ അകലവും കൂടുകയാണ്. ഒരു ഒറ്റ മുറി വീട്ടിലേക്കുള്ള കഥാനായകന്റെ പ്രയാണം. തെരുവില്‍നിന്നും അക്കുര്ടിയിലെ ശര്മാജിയുടെ ഒറ്റമുറി വീട്ടിലേക്ക് പ്രവേശിക്കാന്‍ ജീവിച്ചു കഴിഞ്ഞ കാലം അത്രയും എടുത്തു. നാലായിരം രൂപ വാടക. എങ്കിലും ഇരുട്ടിനെ ഭയക്കാതെ, തെരുവിന്‍റെ ഓമനകളുടെ സംഗീതം ശ്രവിക്കാതെ കിടക്കാന്‍ തനിക്കും ഒരു പുര. പഴയ താമസക്കാരി ശ്രാവന്തി അവിടം വിട്ടു പോയിരിക്കുന്നു. ഇരുട്ടിനെ മറയാക്കി കാമുകന്മാര്‍ മുല്ലപ്പൂവുകളുമായി വീണ്ടും അവളെ തേടി വന്നേക്കാം. പക്ഷേ തന്നെക്കണ്ട് അവര്‍ ഇനി നിരാശരായി മടങ്ങും. കിഷോര്‍ അതോര്‍ത്തു ചിരിച്ചു.


എഴുതിവച്ച കഥ അയാള്‍ മറിച്ചു നോക്കി. പൂരിപ്പിക്കാന്‍ കഴിയാത്ത താളുകള്‍ അയാള്‍ നിശ്ചലനായി നോക്കി നിന്നു. എവിടെ അവസാനിപ്പിക്കണം ഈ പെണ്ണിന്‍റെ കഥ? നിന്നും നിരങ്ങിയും തീവണ്ടി നീങ്ങിക്കൊണ്ടിരുന്നു. അതിനകം തന്നെ കിഷോറിന്റെ മനസ്സ് ആ ഒറ്റ മുറി വീട്ടില്‍ എത്തിയിരുന്നു.


സ്ട്രീറ്റിലെ ഹലോജെന്‍ വെട്ടം പ്രകാശം നിറക്കുന്ന ഒറ്റമുറി. അഴിഞ്ഞു വീണ പോളിസ്റെര്‍ സാരികള്‍, ഉണങ്ങിയ മുല്ലപ്പൂവുകള്‍. അത്തറിന്റെ മണം പേറുന്ന ആ ഒറ്റമുറി വിജനമായി തോന്നിയേക്കാം. പക്ഷേ ശ്രാവന്തിയുടെ അദൃശ്യ സാന്നിധ്യം അവിടെ ഉണ്ട്. കറ പുരളാത്ത നോട്ടുകള്‍ക്കായി അത്തറും ചായവും പൂശി അവള്‍ ആ മുറിയില്‍ തന്നെ ഉണ്ട്.

ചിന്തകള്‍ നിലച്ചപ്പോഴേക്കും കിഷോര്‍ ആ വീട്ടില്‍ എത്തിയിരുന്നു. മുഷിഞ്ഞ തോള്‍ സഞ്ചിക്കും ഇനിയും പിറക്കാത്ത കഥയ്ക്കും ഇരുട്ടു മുറിയുടെ മൂലയിലേക്ക് വിട. ആരുടെയോ വിളി കേട്ട വണ്ണം അറുപതു വാട്ടിന്റെ മഞ്ഞപ്രകാശം ഓടിയെത്തി. ഇതിനകം ഒരു രാത്രി തങ്ങിയിട്ടും ആ മുറി ഒന്നു വൃത്തിയാക്കാന്‍ അയാള്‍ക്കു തോന്നിയില്ല. അയാള്‍ ശ്രാവന്തിയുടെ ഗന്ധം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.


അവളുടെ മെത്തയില്‍ കിടക്കുമ്പോള്‍ തന്‍റെ കഥയുടെ അവസാനഭാഗം, ശ്രാവന്തി ചെവിയില്‍ മന്ത്രിക്കുന്ന പോലെ. അയാള്‍ മെത്തയില്‍ അമര്‍ന്നു കിടന്നു. മേശയില്‍ ചിതറിക്കിടന്ന കത്തുകള്‍ കിഷോര്‍ കൈ നീട്ടി എടുത്തു. വടിവൊത്ത അക്ഷരത്തില്‍ ഏതാനും വരികള്‍ മാത്രമുള്ള കത്തുകള്‍.

*** **** *** ****

“പ്രിയപ്പെട്ട അമ്മക്ക്,
പരീക്ഷകള്‍ തുടങ്ങാറായി. അമ്മയുടെ പ്രാര്‍ത്ഥന വേണം. എന്‍റെ ചിലവിനുള്ള പണം കണ്ടെത്താന്‍ അമ്മ ബുദ്ധിമുട്ടുന്നു എന്ന് എനിക്കറിയാം. എന്‍റെ വിജയങ്ങള്‍ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നതായിരിക്കും.
സ്നേഹപൂര്‍വ്വം ദിയ”

*** **** *** ****

“ അമ്മക്ക്,
പരീക്ഷകള്‍ നന്നായി എഴുതി. ജോലി കിട്ടിയ കമ്പനിയുടെ നിയമനം പൂനെയില്‍ തന്നെ എന്ന് അറിയുന്നു. അമ്മക്കൊപ്പം കഴിയാന്‍ എനിക്കാകുമല്ലോ

സ്നേഹപൂര്‍വ്വം ദിയ”


*** **** *** ****

“നിങ്ങളെ എന്തു വിളിക്കണം എന്ന് എനിക്കറിയില്ല. എന്‍റെ വിജയങ്ങള്‍ക്ക് നിങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം ആണെന്നു ഞാന്‍ വിശ്വസിച്ചു. അവിടെ കണ്ട കാഴ്ച ഞാന്‍ അത്രമേല്‍ അറയ്ക്കുന്നു. അവസാനം നിങ്ങള്‍ പൂശുന്ന അത്തറിന്റെ ഗന്ധം തന്നെ എനിക്കും നല്‍കിയല്ലോ. എന്‍റെ മരണം ഒരു ശിക്ഷയാണ്. നിങ്ങളെ ഇത്ര മേല്‍ സ്നേഹിച്ചതിന്.

ദിയ”

*** **** *** ****

ഒരു നെടുവീര്‍പ്പോടെ അയാള്‍ ആ കത്തുകള്‍ മടക്കി. മൂലയിലേക്ക് വലിച്ചെറിഞ്ഞ ആ അപൂര്‍ണമായ കഥ അയാള്‍ കൈയ്യില്‍ എടുത്തു.

ചെവിക്കരികില്‍ ശ്രാവന്തി തന്‍റെ കഥ തുടര്‍ന്നു. നീലമഷിയില്‍ അയാള്‍ അത് പകര്‍ത്തിയെടുത്തു. ദൂരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉള്ള അവസാന തീവണ്ടിയുടെ ശബ്ദം. അത്തറിന്റെ ഗന്ധം പരത്തി പാളത്തിലൂടെ ആ തീവണ്ടി നീങ്ങി തുടങ്ങി.

No comments:

Post a Comment