Friday, 4 January 2013

Season of Dark- Malayalam Story നായകളും നാടകവും


                                     
                                                   നായകളും നാടകവും


 "ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളേ..”
മുകുന്ദന്‍ ഉറക്കെ വിളിച്ചു. ഉറക്കം നഷ്ടപ്പെട്ട ചില നായകള്‍ തലയുയര്‍ത്തി നോക്കി . മുകുന്ദന്‍ കൈകളുയര്‍ത്തി നില്‍ക്കുകയാണ്. അവറ്റകള്‍ വീണ്ടും തല കുനിച്ച് കിടന്നു. ഉമ്മറിന്റെ ഇറച്ചിക്കടയ്ക്കു മുന്നില്‍ ഇന്നു നായകള്‍ കൂടുതലുണ്ട്. തെറിച്ച് വീഴുന്ന ഇറച്ചിക്കഷ്ണങ്ങള്‍ തിന്ന് , വയറു നിറഞ്ഞ് , മയങ്ങുകയാണ് എല്ലാം.
മുകുന്ദന്‍ തുടര്‍ന്നു.
"ഒരു നിമിഷം ഇങ്ങോട്ടേക്കു നോക്കൂ ..”
ചുവന്ന തൂവാല അയാള്‍ തലയില്‍ കെട്ടി. എന്നിട്ട് കൈയ്യിലെ തകരപ്പാട്ടയില്‍ ആഞ്ഞടിച്ചു. അതുകേട്ട് മുല ചപ്പി കുടിച്ചുകൊണ്ടിരുന്ന നായക്കുട്ടികള്‍ ഭയന്നു. ഒരു പിടി മണ്ണു വാരി മുകുന്ദന്‍ പാടി.

"ഇത് എന്റെ മണ്ണ് ഇത് നിന്റെയും മണ്ണ്
ജനിച്ച മണ്ണില്‍ മരിച്ചു വീഴാന്‍
ഒരുക്കമാണ് ഞങ്ങള്‍..”

അയാള്‍ പാട്ടയില്‍ നീട്ടിയടിച്ചുകൊണ്ടേ യിരുന്നു. എന്നിട്ടും നായകളല്ലാതെ ആരും അയാളെ നോക്കിയില്ല.

അവനു പ്രാന്താണ്, ഇന്നിത്തിരി മൂത്തു.”
മാമന്‍ മാപ്പിള ഉമ്മറിനോടു പറഞ്ഞു.

ഇപ്പറേണ ഹൈവേ വന്നാ നമ്മുടെ സ്ഥലത്തിന്റെ വെലയൊക്കെ കൂടും , ല്ലേ സാറേ..?”
ഉമ്മറു ചോദിച്ചു.

കൂടും , എരട്ടിയാകും. ഇച്ചെക്കനു ഇത് എന്തിന്റെ സൂക്കേടാ ,കിട്ടണ കാശും വാങ്ങി പൊയ്കൂടേ ?”
മാമന്‍ മാപ്പിള പറഞ്ഞു.

ഓനു പ്രാന്താണ്, ഓന്റെ ഉമ്മേം ബാപ്പേം ഒക്കെ ആ പൊരേലാണ് കെടന്നു മയ്യത്തായത്, അതോണ്ട് ഓനും അവ്ടെ കെടന്നു മയ്യത്താവണം ന്നാ പറേണേ..”
അടവാണ് ഉമ്മറേ, പൊരേടത്തിനു നല്ല വില കിട്ടാനുള്ള അവന്റെ അടവാണ് ഇത്. പക്ഷേ ഈ തെരുവുനാടകം കൊണ്ടു ഒരു ഗുണവുമില്ല. ഗവേണ്‍മേന്റ് റൂളെറക്കിക്കഴിഞ്ഞു. ഇനീം എറങ്ങീല്ലേ ഒഴുപ്പിക്കും, അതാ ഓഡറ്.”

തെരുവു നാടകം വീണ്ടും തുടര്‍ന്നു. മുകുന്ദന്‍:
ഇന്നാ കാവല്‍പ്പട്ടികളേ, ജനങ്ങള്‍ക്കായി ഞങ്ങള്‍ എഴുതിയുണ്ടാക്കിയ നിയമം കാത്തതിനു നിങ്ങള്‍ക്കുള്ള പ്രതിഫലം.. എന്റെ അവശിഷ്ടം!”
അയാള്‍ കുഴച്ചു വെച്ച ബ്രഡ്ഡ് നായകള്‍ക്ക് എറിഞ്ഞു കൊടുത്തു.

** ** **

സമയം രാത്രിയായി. എകാംഗ നാടകം കഴിഞ്ഞ് മുകുന്ദന്‍ പുരയിലേക്കു നടന്നു. വഴി മുഴുവന്‍ ഇപ്പോള്‍ പൊടി നിറഞ്ഞിരിക്കുന്നു. ഒരു വണ്ടിയെങ്ങാനും പോയാല്‍ പിന്നെ എല്ലാം പൊടിമയം. പിന്നെ ഒന്നും കാണാനൊക്കില്ല. ചിലയിടങ്ങളില്‍ മെറ്റലു വിരിച്ചു കഴിഞ്ഞു. മുകുന്ദനു ഭയമായി. ഈ എകാംഗ നാടകം തുടങ്ങിയിട്ടു മാസം ഒന്നായി. തിരക്കഥ പലതെഴുതി. കഥയുടെ കാമ്പു ഒന്നു തന്നെ. ആദ്യമാദ്യം ഒത്തിരി കാഴ്ച്ചക്കാരുണ്ടായിരുന്നു. ഭിക്ഷക്കാരെനെന്നു കരുതി ചിലര്‍ നാണയത്തുട്ടുകള്‍ എറിഞ്ഞു കൊടുത്തു. ശബ്ദമുയര്‍ത്തി പറഞ്ഞപ്പോള്‍ ചിലര്‍ കൈയ്യടിച്ചു; 'അപാര അഭിനയ'മെന്നു പുകഴ്ത്തി. ഇതിനാണോ മുകുന്ദന്‍ ഈ നാടകം അവതരിപ്പിച്ചത് ? കാണേണ്ടവര്‍ ഇതു കണ്ടില്ല, കണ്ടെങ്കില്‍ കണ്ടില്ല എന്ന് നടിച്ചു. അവനെ 'പ്രാന്തന്‍' എന്നു പരിഹസിച്ചു.

ആകെ ഒരു അനുഭാവം കാണിച്ചത് കോണ്‍സ്റ്റബിള്‍ രാമചന്ദ്രനാണ്. അയാള്‍ തന്നെയായിരുന്നു കവലയില്‍ ഏകാംഗനാടകം അവതരിപ്പിക്കാന്‍ ബുദ്ധി ഉപദേശിച്ചത്; അതുവഴി പ്രശ്നം സാമൂഹ്യവത്ക്കരിക്കാം, പിന്നെ സമൂഹത്തിലെ ഉന്നതരുടെ ശ്രദ്ധയില്‍പ്പെടുത്താം എന്ന്. അന്നു തുടങ്ങിയതാണ് ഈ ഏകാംഗനാടകം.

മാധവി നാഗത്തറയില്‍ വിളക്കു കൊളുത്തി ക്കാണുമോ? അവളെ ഓര്‍ത്താണു മുകുന്ദനു ആധി. അവള്‍ക്കു പ്രായം തികഞ്ഞിരിക്കുന്നു. അവളുടെ വിവാഹം മുകുന്ദന്റെ സ്വപ്നമാണ്. വീടും കുടിയുമില്ലാത്ത ഒരു പെണ്ണിനു എങ്ങനെ ഒരു ചെക്കനെക്കിട്ടും? മുകുന്ദന്‍ മന്തുകാലു നീട്ടി വെച്ച് വീട്ടിലേക്കു നടന്നു. മാധവി വീട്ടില്‍ ഒറ്റക്കാണ്. അയാള്‍ നടത്തത്തിനു വേഗത കൂട്ടി.

ഇടക്ക് അയാള്‍ രാമചന്ദ്രനെക്കുറിച്ചോര്‍ത്തു. അയാളുടെ കൈയില്‍ ഈയിടെ തിളങ്ങുന്ന ഒരു വാച്ചുണ്ട്. അത് ആരും പെട്ടെന്നു ശ്രദ്ധിക്കും. പോലീസില്‍ എത്തിയ ശേഷം അയാള്‍ ധാരാളം പണമുണ്ടാക്കി. വീടു പുതുക്കി. തടിയും വച്ചു. വായനശാലയുടെ പല പരിപാടികളിലും ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. അങ്ങനെയാണ് അയാളെ ഇത്ര പരിചയം. മാധവിക്ക് രാമചന്ദ്രനെ ഇഷ്ടമാണ്. അയാള്‍ക്ക് അവളേയും. അവര്‍ ഇതു പരസ്പരം പറഞ്ഞിട്ടില്ല. മുകുന്ദനോടും പറഞ്ഞിട്ടില്ല. പക്ഷേ മുകുന്ദന്‍ പ്രണയം ഇരുവരുടേയും കണ്ണില്‍ കണ്ടിട്ടുണ്ട്. വല്ലപ്പോഴും ഉണ്ടാകാറുള്ള അവരുടെ കണ്ടു മുട്ടലുകളില്‍ ! കാവല്‍പ്പട്ടികളില്‍ ചിലതിനെ മുകുന്ദനു ഇഷ്ടമാണ്.

തല്ലു കൊണ്ടു നീരുവന്ന കാലില്‍ നിന്നും വേദന വിട്ടു പോയിട്ടില്ല. മുകുന്ദന്‍ നടക്കുന്നതിനിടയില്‍ ഒന്നു തടവി നോക്കി. എസ് ഐ ജബ്ബാറു ഒരു ദിവസം പുരയില്‍ വന്നു. 'കിട്ടുന്നതും വാങ്ങി നാടു വിട്ടോണം' എന്നു മുകുന്ദനെ ഭീഷണിപ്പെടുത്തി. അയാള്‍ രാഷ്ട്രീയക്കാരുടെ കാല്‍നക്കി പട്ടിയാണെന്നു മുകുന്ദനറിയാം. മുകുന്ദന്‍ ഉറക്കെ പ്രതിഷേധിച്ചു. പക്ഷേ ജബ്ബാറിന്റെ അടിയേറ്റു മുകുന്ദന്‍ വീണു പോയി. മാധവിയെ നോക്കി അയാള്‍ പറഞ്ഞ അസഭ്യ വാക്കുകള്‍ മുകുന്ദനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. മുകുന്ദന്‍ നടത്തത്തിനു വീണ്ടും വേഗത കൂട്ടി.

മാധവീ........”
തുറന്നു കിടന്ന വാതില്‍ കടന്നു അയാള്‍ നീട്ടി വിളിച്ചു. അവള്‍ വിളി കേട്ടില്ല.
മാധവീ..............” പരിഭ്രമത്തോടെ അയാള്‍ വീണ്ടും വിളിച്ചു.
പാത്രങ്ങള്‍ ആ ഒറ്റമുറി പുരയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നു. മാധവിയുടെ വസ്ത്രത്തിന്റെ തുണ്ടുകള്‍ നിലത്ത് ചിതറിക്കിടക്കുന്നു. മണ്‍തറയില്‍ പലപല കാല്‍പ്പാടുകള്‍. അയാള്‍ ഉറക്കെ കരഞ്ഞുകൊണ്ടു വീടിനു പുറത്തിറങ്ങി. പ്രദേശത്തെ ആ ഒറ്റപ്പെട്ട വീടിനു ചുറ്റും 'മാധാവീ' എന്നു അലറിക്കരഞ്ഞുകൊണ്ടു അയാള്‍ ഓടി. മനസ്സിന്റെ വേഗത്തിനൊപ്പമെത്താതെ മന്തുകാല്‍ തട്ടി അയാള്‍ മറിഞ്ഞു വീണു. നാഗത്തറയിലെ തിരിയുടെ വെളിച്ചത്തില്‍ മുറ്റത്തെന്തോ തിളങ്ങുന്നു. – ഒരു വാച്ച് !

** ** **

ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടികളേ..” മുകുന്ദന്‍ ചുവന്ന തൂവാല തലയില്‍ മുറുകെ കെട്ടി.

കഴുകന്മാരുടെ അവശിഷ്ടം പോരാഞ്ഞു ,
കറുത്തവന്റെ മാംസം ഭുജിക്കുന്നോ ?” മുകുന്ദന്‍ അരിവാള്‍ കൈയ്യിലെടുത്തു.

ഈ കൊലപാതകം ഈ നാടിനായ്, നാട്ടുകാര്‍ക്കായി..”

എകാംഗ നാടകത്തിന്റെ അവസാന വരികളും എഴുതിച്ചേര്‍ത്ത് , ഉയര്‍ത്തിപ്പിടിച്ച അരിവാളുമായി, മന്തുകാലും നീട്ടിവച്ച് ; മുകുന്ദന്‍ ഇരുട്ടിലേക്ക് ഓടിയകന്നു.

.. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. .. ..

- By LalKrishna Raj


4 comments:

  1. ഏല്‍കെ,
    കഥകളില്‍ പതിവായി സമാനതകള്‍ കാണുന്നതു പോലെ...

    തുടര്‍ന്നും നല്ല കഥകള്‍ എഴുതുക.. :)

    ReplyDelete
    Replies
    1. Sariya.Njanu sradhichath ippozha.. Da pinne oru karyam, ippol ennum ravile njan vayikkunnth manorama paper anu.. athayirikkum ingane!!

      Delete
    2. Sariykkum Valare Nannaayittundu.......Kootuthal vaayiykkuka...

      Delete
  2. ഹഹ് ഹ ഹഹ് ഹ...
    എല്‍കെ, സംഗതി നീ തമാശക്കു പറഞ്ഞതാണെലും, പത്രങ്ങ്ള്‍ ഇപ്പൊ ശരിക്കും മാര്‍ക്ക്ട്റ്റിങ്ങ് മാത്രം ആയി മാറി...

    ReplyDelete