Tuesday, 13 January 2015

Season of Dark : ഗോപിയുടെ കവിതകള്‍

                                                                                                       ഗോപിയുടെ കവിതകള്‍



നാട്ടിലെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെട്ടിരുന്നത് വായനശാലയായിരുന്നു. ഘോരമായ വാഗ്വാദങ്ങളും നിശ്ശബ്ദമായ വായനയും അവിടെ ഒരു പോലെ കാണാമായിരുന്നു. അക്ഷരങ്ങള്‍ക്കും അപ്പുറം ബൌദ്ധിക വ്യായാമങ്ങള്‍ക്കും കായിക വിനോദത്തിനും അവിടെ ഇടം കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും അവിടേക്ക് എന്നും എത്തിക്കൊണ്ടിരുന്നു.

കാല്‍പനിക കവിതകളുടെ വസന്തകാലത്തെ ഒരു സായാഹ്നം. രാധ വായനശാലയില്‍ എത്തുമ്പോള്‍ പതിവിലധികം സന്തോഷവതിയായിരുന്നു. അക്ഷരങ്ങളെ അവള്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. അവള്‍ ആ പ്രണയകവിത സമാഹാരം നെഞ്ചോടു അടുക്കി പിടിച്ചു കൊണ്ടു കയറി വന്നു. പുസ്തകങ്ങള്‍ ഒരിക്കല്‍ അവള്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന്, അവ രാധയെ ആകര്‍ഷിക്കുന്നു. പൂന്തേന്‍ തേടി എത്തുന്ന ഈച്ചയെപ്പോലെ ഈ വായനശാലയിലെ പൊടി നിറഞ്ഞ അലമാരയിലെ പുസ്തകങ്ങളിലേക്ക് അവള്‍ പാറി എത്തുന്നു.

പിരിയാന്‍ വയ്യാത്ത കാമുകനെപ്പോലെ അവള്‍ ആ പുസ്തകം തിരികെ ഏല്‍പ്പിച്ചു. ആ കവിതകളാണ് അവളെ പ്രണയിക്കാന്‍ പഠിപ്പിച്ചത്. ആ കവിതയിലെ വരികളില്‍ പ്രണയം മൊട്ടിടുന്നത്, അവള്‍ അത്ഭുതത്തോടെ നോക്കി നിന്നു. അക്ഷരങ്ങളില്‍ മധു ഊറി വരുന്നത് അവള്‍ കൊതിയോടെ കണ്ടു. ഇടക്കെപ്പോഴോ ആ മാധുര്യം തന്‍റെ ചുണ്ടുകളില്‍ നുകര്‍ന്നു. കവിതക്കും അപ്പുറത്ത് എങ്ങോ മറഞ്ഞുനിന്ന് തന്നെ നോക്കി പുഞ്ചിരിച്ച കാമുകകവിയെ അവള്‍ വീണ്ടും തിരഞ്ഞു. ഗോപകുമാര്‍- ഗോപി എന്ന തൂലികാനാമം, അലമാരയിലെ അടുക്കി വച്ചിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍ അവള്‍ തിരഞ്ഞു.

“ഹൃദയം തുളുമ്പും പ്രണയം നിറക്കാന്‍
 ഒരു ചെറു ചഷകം കടം തരുമോ?”

ഗോപിയുടെ വരികള്‍ ഹൃദയത്തില്‍ മുഴങ്ങുന്നു. പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ പരസ്പരം ആലിംഗനം ചെയ്തിരിക്കുന്നു. അവയും തമ്മില്‍ പ്രേമിക്കയാവണം. രാധ ചിരിച്ചു. ഗോപിയുടെ കവിതകള്‍ അവര്‍ക്കിടയില്‍ ഉണ്ടോ? രാധ തിരച്ചില്‍ തുടര്‍ന്നു. ഇല്ല, കണ്ടില്ല.

ലൈബ്രേറിയന്‍ എന്തോ വായനയില്‍ മുഴുകി ഇരിക്കയാണ്. രാധ അയാളുടെ അരികില്‍ കാത്തുനിന്നു. അയാള്‍ ശ്രദ്ധിക്കുന്നില്ല. അയാളുടെ മേശമേല്‍ രാധ മെല്ലെ ഒന്നു തട്ടി. കഷണ്ടിത്തല ചൊറിഞ്ഞു കൊണ്ട് മധ്യവയസ്കന്‍ തല ഉയര്‍ത്തി.
“ഗോപിയുടെ കവിതകള്‍ ഉണ്ടോ?”
അയാള്‍ അവളെ മിഴിച്ചു നോക്കി. പിന്നെ ഒന്നു പുഞ്ചിരിച്ചു.
“അതാ, അവിടെ ചോദിക്കു, ഇപ്പോള്‍ തന്നെ ഒന്നു എഴുതിത്തരും”
എന്തിനിത്ര പരിഹസിക്കാന്‍? രാധ ചിന്തിച്ചു. രാധ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി. ഒറ്റപ്പാളിയുള്ള ജനലിന്റെ അരികില്‍ ഒരു ചെക്കന്‍ ഇരിക്കുന്നു. തടിച്ച ഒരു പുസ്തകം വായിക്കയാണ്. മുഖത്ത് പ്രായത്തിനു ചേരാത്ത ഒരു ഗൌരവം. കൌമാരത്തിന്‍റെ വരവ് അറിയിച്ചുകൊണ്ട്‌ കവിളില്‍ അങ്ങിങ്ങായ്‌ രോമം കിളിര്‍ത്തിരിക്കുന്നു. അലസമായ വേഷവും അതിലും അലസമായ ചെമ്പന്‍ മുടിയും.

രാധ വീണ്ടും ലൈബ്രേരിയനെ നോക്കി. അയാള്‍ വീണ്ടും വായന തുടങ്ങിയിരുന്നു. ഈ ചെറുക്കന് അറിയുമായിരിക്കണം.

“അതേയ്, ഗോപിയുടെ കവിതാസമാഹാരം ഇവിടെ ഉണ്ടോ?”

ആ കൌമാരക്കാരന്‍ തല ഉയര്‍ത്തി നോക്കി, ഗൌരവത്തില്‍ തന്നെ. തന്‍റെ മുന്നില്‍ ഒരു സുന്ദരിയായ പെണ്‍കൊടി നില്‍ക്കുന്നത് കണ്ട അയാളില്‍ ഗൌരവം അല്പം അയഞ്ഞു.

“എന്താ...?”
“ഗോപിയുടെ മറ്റു കവിതകള്‍ ഇവിടെ ഉണ്ടോ? ഗോപി, ഗോപകുമാര്‍?”

അക്ഷമയോടെയെങ്കിലും, അല്പം സാവധാനത്തില്‍, കനത്ത ശബ്ദത്തില്‍, രാധ ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ അത് അയാളില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്നത് രാധയെ നിരാശയാക്കി. ഒരു നിമിഷം മിണ്ടാതെ നിന്ന ശേഷം അയാള്‍ പുഞ്ചിരിച്ചു.
“ഗോപി പിന്നെ കവിതയൊന്നും എഴുതിയില്ലല്ലോ, എഴുതുമ്പോള്‍ അറിയിക്കാം..!” അയാള്‍ പാല്‍പുഞ്ചിരി തൂകി. അയാളുടെ സംസാരം രാധക്ക് അത്ര സുഖിച്ചില്ല. രാധയുടെ മുഖഭാവം അയാളുടെ പുഞ്ചിരി മായ്ച്ചു.

“പരിഹസിക്കയാണോ?”
“ക്ഷമിക്കണം”
രാധ തിരിഞ്ഞു നടന്നു.

“നില്ക്കൂ”
രാധ നിന്നു.
“എന്താ പേര്?”
“അത് താന്‍ എന്തിനറിയണം?”
“ഗോപകുമാറിന്റെ കവിതകള്‍ വരുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എടുത്തു വയ്ക്കാം!”
“രാധ”
ഗോവണി ഇറങ്ങി അവള്‍ നടന്നകന്നു.

***    ***    ***    ***     ***     ***     ***

ഗോപിയുടെ പുതിയ പുസ്തകം വന്നിരിക്കുന്നു. രാധ ആവേശത്തോടെ മറിച്ചു നോക്കി.

“നീ അകതാരില്‍ അര്‍പ്പിച്ച
പുഷ്പങ്ങള്‍ ഒക്കെയും
എന്‍ വനമാല തീര്‍ക്കാന്‍
പിറന്നു, കാലം അറിയാതെ
പൂക്കളായ് വിരിഞ്ഞു”
സമര്‍പ്പണം : പിണങ്ങിപ്പോയ രാധയ്ക്ക് . 

ചെറുക്കന്‍ അപ്പോഴും ആ ഒറ്റപ്പാളി ജനലിനരികില്‍ ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയും തൂകിക്കൊണ്ട്.





-- ലാല്‍ കൃഷ്ണ

2 comments:

  1. ഗോപിയുടെ കവിതകള്‍ അന്വേഷിക്കുന്ന രാധ രസായി വായിച്ചു.

    ReplyDelete