അറിയാത്ത ഒരു കാര്യത്തിന് ഇത്രയേറെ തെറി കേട്ട അധികമാരും കാണില്ല. പാവം ഷറപോവയുടെ കാര്യം ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സച്ചിനെ അറിയില്ലേ എന്നു ചോദിച്ചു, അറിയില്ല എന്നു ഷറപോവ പറഞ്ഞു. അതിനു ഷറപോവ ഈ ജന്മത്തില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത നമ്മുടെ ശ്രേഷ്ഠ മലയാളത്തില്‍ വരെ അസഭ്യവര്‍ഷം കേള്‍ക്കേണ്ട ഗതികേടിലാണ്. വാര്‍ത്ത
ഞാന്‍ ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ ആണ്. പക്ഷേ ഇങ്ങനെ ഒരു പ്രതികരണത്തിന്റെ പേരില്‍ തരംതാണ രീതിയില്‍ നടത്തിയ ഫേസ്ബുക്ക് കമന്റ് ആക്രമണം വളരെ മോശമാണ്. സച്ചിന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതനാണ്. എന്നാല്‍ ക്രിക്കറ്റ് ലോകത്തിനു അപ്പുറം സച്ചിന്‍ ഇന്നും അപരിചിതന്‍ തന്നെ. പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ മത്സരത്തിനു ഷെക്കേര്‍ട് ഫ്ലാഗ് വീശിയ സച്ചിനെ കണ്ടു ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ അടുത്തു നിന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോടു ചോദിച്ചുവത്രേ, 'ആരാണു അദ്ദേഹം, ഏതെങ്കിലും സിനിമ നടന്‍ ആണോ?' എന്ന്‍.
ഭീകരമായ സംഗതി ഇതല്ല. ഷറപോവയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മലയാളികളുടെ തെറി അഭിഷേകമാണ്. ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും മാന്യനും, നമ്മുടെ സംസ്കാരത്തിന്‍റെ ആഗോള പ്രചാരകനും ആയ ഒരു വ്യക്തിയെപ്പോലും, ലജ്ജിപ്പിക്കുന്ന തരത്തില്‍, ഏറ്റവും മോശമായി അപമാനിക്കുന്ന കാഴ്ചയാണ് മറുപടികള്‍ ആയി കണ്ടത്. വളരെ അപഹാസ്യമായി തോന്നി. മറ്റൊരു ലോകകായിക താരത്തിനു കൊടുക്കേണ്ട ഒരു ബഹുമാനവും മര്യാദയും അവിടെ കണ്ടില്ല. എല്ലാവരും മോശം മാത്രമേ എഴുതിയിട്ടുള്ളൂ എന്നല്ല പറഞ്ഞത്. ചില രസികന്മാര്‍ പഴയ സിനിമാ ഡയലോഗുകള്‍ വളച്ചൊടിച്ച് എഴുതിയിട്ടുണ്ട്. ഒരു വിദ്വാന്‍ എഴുതിയത് ആകട്ടെ, സാധനങ്ങള്‍ക്ക് വിലകൂട്ടിയ ഭാ.ജ.പാ സര്‍ക്കാരിനോട് ക്ഷമിച്ചാലും ഇതിനു മാപ്പില്ല എന്നതാണ്. ചില കൂട്ടര്‍ പതിനായിരം വട്ടം സച്ചിന്‍റെ നാമം കമെന്റ് ആയി കുറിച്ചു. വായിച്ചു പഠിക്കട്ടെ എന്ന മട്ടില്‍. സച്ചിന്‍റെ റെക്കോര്‍ഡ്‌സ് നിരത്തി വച്ചു മറ്റു ചിലര്‍. വിവാദം ചൂട് പിടിക്കെ അടുത്ത വീട്ടിലെ മറിയ ചേച്ചിയെ പഞ്ഞിക്കിടാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട് എന്നും ഫേസ്ബുക്കില്‍ കണ്ടു. കേരളത്തിലെ എല്ലാ മറിയാമ്മമാരും സൂക്ഷിച്ചുകൊള്‍ക.
കളിക്കളത്തിലെ മാന്യതയ്ക്ക് പേരുകേട്ട സച്ചിന് ഇത് ഒരു പേരുദോഷം തന്നെ ആണു എന്നു ഞാന്‍ വിശ്വസിക്കുന്നു. ആരാധന അതിരുകടന്നു എന്നു വേണം ഇതിനെ പറയാന്‍. സച്ചിനെ അറിയില്ല എന്നു മാത്രമാണ് അവര്‍ പറഞ്ഞത്. അപമാനിക്കുന്ന ഒരു പ്രസ്താവനയും അവര്‍ പറഞ്ഞില്ല. നമ്മുടെ തന്നെ രാഷ്ട്രീയക്കാരുടെ അതിരുവിട്ട പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കാതെ എങ്ങോ കിടക്കുന്ന മദാമ്മയെ അസഭ്യം പറഞ്ഞിട്ടു എന്തു പ്രയോജനം ആരാധകരെ?
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
ReplyDelete