Sunday, 22 June 2014

Season of Dark : നവോദയയിലെ ഫുട്ബോള്‍ കാലം


നേര്യമംഗലം നവോദയ സ്കൂളിലെ പ്രധാന കളി ഫുട്ബോള്‍ ആണ്. 6, 7 ക്ലാസ്സിലെ ആണ്‍ പിള്ളേര്‍ മൊത്തം ഒരു ബോളിന്റെ പിന്നാലെ പായുന്ന കാലം. അനുകരണങ്ങള്‍, പരീക്ഷണങ്ങള്‍ നിറഞ്ഞ 8 , 9 ക്ലാസുകള്‍. പക്വതയാര്‍ന്ന കേളി മികവിന്‍റെ 10, 11, 12. ഏഴു വര്‍ഷത്തെ ഒരു നവോദയന്‍ ആണ്‍ കുട്ടിയുടെ ഫുട്ബോള്‍ കളിയെ മൂന്നു കാലഘട്ടങ്ങളായി ഭാഗിക്കാം. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു ഞാന്‍. എങ്ങിനെ 6-ആം ക്ലാസ്സില്‍ കളിച്ചോ അതേ ശൈലി തന്നെയാണ് ഞാന്‍ 12 വരെ തുടര്‍ന്നതും. ഒരു മാറ്റവും കൂടാതെ അത് ഞാന്‍ കാത്തു സൂക്ഷിച്ചു. ഫുട്ബോള്‍ എന്ന കളി എന്‍റെ കാലുകള്‍ക്ക് ഒരു വിധത്തിലും വഴങ്ങിയിരുന്നില്ല. അതു കൊണ്ട് ഞാന്‍ പതുക്കെ ഹാന്‍ഡ്‌ ബോളിലേക്ക് ചുവടു മാറ്റി.

എന്‍റെ ബാച്ചില്‍ നന്നായി ഫുട്ബോള്‍ കളിക്കുന്ന മിടുക്കന്മാര്‍ ഉണ്ടായിരുന്നു. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി മിപിന്‍ എന്ന കൂട്ടുകാരന്‍റെ ആയിരുന്നു. അന്ന് അവന്‍ തീരെ ചെറുതാണ്. പൊക്കം വളരെ കുറവ്. വളരെ ശോഷിച്ച ശരീരം. എങ്കിലും എല്ലാവരെയും കബളിപ്പിച്ച്‌ മെല്ലെ മെല്ലെ പന്തു തട്ടി അവന്‍ ഗോള്‍ പോസ്റ്റില്‍ എത്തിക്കും. ഗോള്‍ കണ്ടെത്തുന്നതിലും മിടുക്ക് അവന്‍ കാണിച്ചിരുന്നത്, പന്തു കൊണ്ട് മുന്നേറുന്നതില്‍ ആണ്. പിന്നെ ഓര്‍മ്മ വരുന്ന പേര് ആണ് ജയറാം. ആളു സാമാന്യം ഫുട്ബോള്‍ ഭ്രാന്തുള്ള വ്യക്തി ആണ്. ആ ആവേശം കളിയിലും കാണാം. പക്ഷേ സ്വന്തം ശൈലി ഉപേക്ഷിച്ചു വേഗത ഏറിയ മറ്റൊരു ശൈലി ജയറാം പരീഷിച്ചത് വിനയായോ എന്നു എനിക്ക് തോന്നിയിട്ടുണ്ട്. കൃത്യത ആയിരുന്നു ജയറാമിന്റെ മറ്റൊരു പ്രത്യേകത. ഗോളി എടുത്ത ഒരു കിക്ക് ഒറ്റ ഹെഡര്‍ കൊണ്ട് പോസ്റ്റില്‍ എത്തിച്ച ആ ദൃശ്യം ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഫുട്ബോള്‍ കോര്‍ട്ട് ചെറുതായിരുന്നു കേട്ടോ. പിന്നെ ഒരു പാടു മുഖങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. കാല്‍ കരുത്തിന്‍റെ ചാരുതയുള്ള മുബാറക്, വിശ്വസ്തനായ അഭിമന്യു, നാഷണല്‍ കളിക്കാരന്‍ ഹക്കിം, ആക്രമണകാരിയായ മനു, ത്രോ സ്പെഷ്യലിസ്റ്റ് വിഷ്ണു എന്നിവ ചിലത് മാത്രം.




ഞാന്‍ ഫുട്ബോള്‍ കളി ഉപേക്ഷിക്കാന്‍ വേറെ ഒരു കാരണം കൂടി ഉണ്ട്. വൈകാരികമായ ആ കഥ ഇതാണ്. നവോദയയില്‍ 4.00 തൊട്ട് 5.30 വരെ ആണ് ഗെയിംസ് ടൈം. 5 വരെ ഹാന്‍ഡ്‌ ബോള്‍ കളി കഴിഞ്ഞ് ഒരു അര മണിക്കൂര്‍ ഫുട്ബോള്‍ കളിക്കാം എന്നു ഞാന്‍ കരുതി. മെസ്സിനു അടുത്തുള്ള ഒരു ചെറിയ ഫുട്ബാള്‍ കോര്‍ട്ട് ഉണ്ട്. അവിടെ കളി തകൃതിയായി നടക്കുന്നു.

 ടീം അംഗങ്ങളെ വിളിച്ചു എടുക്കുന്ന പതിവാണ് ഉള്ളത്. നല്ല കളിക്കാരെ ഓരോ ടീം നേതാവും മാറി മാറി വിളിച്ച് എടുത്ത ശേഷം എന്നെപ്പോലെ ഉള്ളവരെ ഏതെങ്കിലും ടീമില്‍ കയറ്റും. ബോളില്‍ കണ്ണടച്ച് തട്ടുക എന്നതാണ് ഞാന്‍ ചെയ്യാറുള്ള ഐറ്റം നമ്പര്‍. പിന്നെ നാലഞ്ചു കളിക്കാര്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ബോള്‍ കാലു കൊണ്ട് തോണ്ടി പുറത്ത് എടുക്കുന്ന വേറെ ഒരു ഐറ്റം. ഇതില്‍ എന്‍റെ അത്രയും പ്രാവിണ്യം ഉള്ള മറ്റൊരു കളിക്കാരനെ ഞാന്‍ ലോകഫുട്ബോളില്‍ പോലും കണ്ടിട്ടില്ല. 'തോണ്ടല്‍' എന്നാണു പലരും ഇതിനെ വിളിച്ചിരുന്ന ടെക്നിക്കല്‍ ടേം. ഞാന്‍ പണ്ടേ ഒരു പ്രസ്ഥാനം ആയതു കൊണ്ടാകണം, എല്ലാവരും ഞാന്‍ ബോള്‍ തോണ്ടി പുറത്ത് എത്തിക്കുമ്പോള്‍ എന്നെ 'തോണ്ടല്‍ പ്രസ്ഥാനം' എന്നു അഭിസംബോധന ചെയ്തത്. അന്നത്തെ കളിയിലേക്ക് മടങ്ങി വരാം.

കളിയ്ക്കാന്‍ വന്നപാടെ ഞാന്‍ ഉറക്കെ ചോദിച്ചു. 'ഞാന്‍ ഇതു ടീമിലാ?'

-'അവിടെ നിന്ന് ഇങ്ങോട്ട് കളിച്ചോ..'

ഗോളി നിന്ന ഏതോ ഒരു മന്ദന്‍ പറഞ്ഞു. ആ മന്ദന്‍ ആരെന്നതിനെക്കാളും പറഞ്ഞത് എന്താന്ന് എന്നതിന് ഞാന്‍ പ്രാധാന്യം കൊടുത്തു.

സാരാംശം: നീ മറ്റേ ടീമില്‍ കളിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.

എനിക്ക് നേരെ ഉരുണ്ടു വന്ന പന്തിനെ വക വയ്ക്കാതെ, ഓഫ്‌ നിന്ന് ഗോള്‍ അടിച്ചതിന് ചീത്ത കേള്‍ക്കാതിരിക്കാനുമായി ഞാന്‍ എന്‍റെ ടീമിന്‍റെ ഗോള്‍ പോസ്റ്റിലേക്ക് ഓടി.

പെട്ടെന്നാണ് ആ ഭീമാകാരനായ പന്ത് എന്‍റെ തലയ്ക്കു പിന്നില്‍ വന്നു പതിച്ചത്! മന്ദന്റെ അപ്രതീക്ഷിത ആക്രമണം. പിന്നില്‍ നിന്നും ഉള്ള ഒരു യുദ്ധവും മുറയും ഭാരതീയ ചരിത്രത്തില്‍ ഇല്ല. ചതിയും കുതുകാല്‍ വയ്പ്പും വേണമെങ്കില്‍ ക്ഷമിക്കാം. എന്നാല്‍ പിന്നില്‍ നിന്നും ഉള്ള ഒരു പ്രഹരം. അതും കളിക്കളത്തില്‍ നിരായുധന്‍ ആയി നില്‍ക്കുന്ന ഒരു പാവം പടയാളിയോട്. ഒരു ഭാരതീയന് ഈ ചതി ക്ഷമിക്കാനാകുമോ വായനക്കാരെ? ഇല്ല, എന്നിട്ടും ഞാന്‍ ക്ഷമിച്ചു, കാരണം ഇത് പാശ്ചാത്യലോകത്തിന്റെ കളിയാണ്. അതുകൊണ്ട്... അതുകൊണ്ട് മാത്രം.  എന്നിട്ടും എല്ലാരും ഇളിഭ്യനായി നില്‍ക്കുന്ന എന്നെ നോക്കി ചിരിക്കുന്നു. ആ മന്ദനും ചിരിച്ചു കാണും. അവസാന അര മണിക്കൂര്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നിട്ട് കിട്ടിയ ഈ പരിഹാസം.. വെറുത്തു പോയ്‌.. ത്ഫൂ..

കാലം കുറെ കടന്നു പോയി. ഹാന്‍ഡ്‌ ബോളില്‍ താന്നെ ഞാന്‍ ആശ്രയം പ്രാപിച്ചു. ഇടക്ക് വോളിബോള്‍, ബാസ്കെറ്റ് ബോള്‍ എന്നിവയിലും ചെറിയ ചില അരങ്ങേറ്റം നടത്തി. ഖോ-ഖോയിലും ചില പുത്തന്‍ അടവുകള്‍ പരീക്ഷിച്ചു. എങ്കിലും ഫുട്ബോള്‍ അടുത്തേക്ക് ഉരുണ്ടു വരുമ്പോള്‍ വീണ്ടും പഴയ ആ വൈക്ലബ്യം. 'അവന്‍റെ ഒരു സ്നേഹം' എന്നു പരിഭവിച്ച് ഞാന്‍ ആ ഉണ്ടാപക്രുവിനെ തട്ടി അകറ്റി. എങ്കിലും എണ്ണം തികയാതെ വന്നപ്പോള്‍ ഹൗസ് മാച്ചിനു വേണ്ടി വീണ്ടും കോര്‍ട്ടില്‍ ഇറങ്ങേണ്ടി വന്നു. മഴ പെയ്തു കുളമായി കിടന്ന ഗ്രൌണ്ടില്‍ ഞാനും പന്തും ഏറ്റുമുട്ടി. അവസാനം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിര്‍ ടീം കപ്പും കൊണ്ട് മടങ്ങി. മഴയില്‍ നനഞ്ഞ്, പരാജയഭാരത്തോടെ കളിക്കളം വിട്ടു പുറത്തിറങ്ങുമ്പോള്‍, ആറിലെയോ ഏഴിലെയോ ചെക്കന്മാരുടെ കുഞ്ഞു കാലുകള്‍ക്കിടയില്‍ ആ പന്ത് കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു... 'എത്ര തവണ ഞാന്‍ നിന്നെ തേടി വന്നു, അന്നൊക്കെ നീ എന്നെ തട്ടി അകറ്റുകയായിരുന്നില്ലേ'


4 comments:

  1. വായന വിരസമായില്ല. എഴുത്തിൽ കുറച്ചു കൂടി അടുക്കും ചിട്ടയും ആവാമായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. നന്ദി. ആ കുറവ് അടുത്ത കഥയില്‍ പരിഹരിക്കാം.

      Delete
  2. Nice one bro. Situation is still same. From a 1997 JNVn passout

    ReplyDelete