ഗന്ധങ്ങളിൽ ഏറ്റവും മനോഹരം ഏതാണ്? പലവിധ ഗന്ധങ്ങളും മനസ്സിൽ വന്നു. ഓരോ ഗന്ധങ്ങളും ഓരോ ഓർമ്മകളാണ്. വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെ ഗന്ധം പാലക്കാടൻ യാത്രയുടെ ഓർമ്മയാണ് . ഡെറ്റൊലിനു ആണെങ്കിലോ നീണ്ട ഒരു ആശുപത്രി വാസത്തിന്റെ. പച്ചപ്പുല്ലിൻ ഗന്ധത്തിനു നേര്യമംഗലത്തെ വിസ്തൃതമായ മൈതാനത്തിന്റെ.. ഒരിക്കൽ കൂടി ആ ഗന്ധങ്ങൾ അനുഭവിക്കുമ്പോൾ മനസ്സ് വർഷങ്ങളോളം പിന്നിലേക്ക് പോകും . ഇടപ്പള്ളി ആയെന്നു പറഞ്ഞു ഓടിയെത്തുന്ന മോഡേൺ ബ്രെഡിന്റെ ഗന്ധം, ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പിൽ ഗജവീരന്മാർ ബാക്കി വച്ച തിരുശേഷിപ്പുകൾ, രണ്ടു എ യിൽ ഇരുന്നാൽ വിശപ്പിന്റെ വരവ് അറിയിച്ചു കുട്ടിചേച്ചിയുടെ ഉച്ചക്കഞ്ഞി.. ഗന്ധങ്ങൾ, അറിഞ്ഞോ അറിയാതെയോ ഒരുപാടു കാര്യങ്ങൾ ഓർമ്മകളായി ഉള്ളിൽ നിറച്ചിട്ടുണ്ട്. എന്നാൽ എന്നും കാത്തിരുന്നിട്ടുള്ള ഗന്ധം ഒന്നേ ഒള്ളു. അത് പുതുമഴയുടെ ഗന്ധമാണ്. മണ്ണും മനസ്സും കുളിർപ്പിച്ചെത്തുന്ന വേനൽ മഴയുടെ ഗന്ധം. അത് നൽകുന്ന നൊസ്റ്റാൾജിയ ഒന്നും മറ്റൊന്നും തന്നിട്ടില്ല . മഴ പെയ്താൽ ജനൽ തുറന്നിട്ടു കാത്തിരിക്കുന്നതും ഈ ഗന്ധത്തെയാണ് . മഴ കഴിഞ്ഞാൽ എല്ലാം ശാന്തമായിരിക്കും . കലപില കൂട്ടുന്ന കരിയിലകൾ മണ്ണിൽ മുഖം പൊത്തി കിടക്കും. പാറി നടന്ന പൊടി സ്ഥലം വിട്ടിട്ടുണ്ടാകും . പറമ്പിന്റെ ഓരത്ത് പൊടിഞ്ഞ പുല്ലിൻ നാമ്പുകൾ അടിഞ്ഞു കൂടി പലവിധ രൂപങ്ങൾ പൂണ്ടിടും . അന്തരീക്ഷം മൊത്തത്തിൽ കഴുകി തുടച്ച് , പൂർത്തിയായ ഒരു ചിത്രം പോലെ മനോഹരമാകും. ഒപ്പം മണ്ണിന്റെ ആ ഗന്ധവും . ഇന്നും ഇത് എഴുതുമ്പോൾ ഞാൻ ആ ഗന്ധം ആസ്വദിക്കയാണ് . മണ്ണിന്റെ മണമേ മനം നിറച്ചു നീ ..
Season Of Darkness
ഇരുളിന്റെ കാലം...
Thursday, 11 February 2016
Saturday, 17 October 2015
Malayalam Poem : ചെമ്പകച്ചോട്ടില്‍.. By Lal Krishna Raj
ചെമ്പകച്ചോട്ടില്‍
സന്ധ്യക്കു പെയ്യുമീ വാസന പുതുമഴ
എത്ര നേരം ഇനി തോരാതെ നിന്നിടും!
മണ്ണും മനസ്സും തണുപ്പിച്ചു ആര്‍ദ്രമായ്
മാമരങ്ങള്‍ക്ക് കുളിരേകിടും!
ജനലിന്‍റെ അപ്പുറം നിന്നൊരു ചെമ്പകം
നനവേറ്റ് കൂടുതല്‍ നമ്രയായി,
കാല്‍പാദ പത്മങ്ങള്‍ ചൂടുമാ പൂവുകള്‍
എന്‍ അന്തരംഗത്തില്‍ കാണിക്കയായ്,
ഒരു വര്‍ഷകാലത്ത് കുട ചൂടി വന്നൊരു
നീര്‍മാതളത്തിന്‍റെ കുഞ്ഞു പൂവേ..
ഇത്തുലാവര്‍ഷത്തില്‍ ചെമ്പകച്ചോട്ടിലായ്
മഴയേതും കൊള്ളാതെ ചേര്‍ന്നിരിക്കാം.
മകരത്തില്‍ മഞ്ഞും ഉരുകുന്ന മീനവും
എല്ലാമീ തണലത്ത് മതിമറക്കാം.
മാഞ്ചോട്ടില്‍ വീഴുമാ മധുരപ്പഴങ്ങളും,
തൊടിയില്‍ പടരുമീ കയ്ക്കുന്ന കനികളും,
ചെമ്പക കൊമ്പിലെ കിന്നരി കൊഞ്ചലും,
അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാം.
മടിയാതെ മഴയത്തു നില്‍ക്കാതെ വരുനീ
എന്‍ വാമഭാഗത്ത് ചേര്‍ന്നു നില്ക്കൂ..
--
ലാല്‍ കൃഷ്ണ
Thursday, 2 July 2015
Malayalam Short Story : കഥ : അത്തറിന്റെ ഗന്ധം
അത്തറിന്റെ ഗന്ധം
പൂനെ സ്റ്റേഷനില്‍ നിന്നും
ലോക്കല്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. പ്ലാട്ഫോമില്‍ ഉറങ്ങിക്കിടന്ന നായകള്‍
സ്വപ്നഭംഗത്തിന്റെ നിരാശയില്‍ ചുറ്റും എന്തോ പരതി. നായ്ക്കളും കഥാനായകനും തമ്മില്‍
ഒരു പ്ലാട്ഫോര്‍മിന്റെ അന്തരം മാത്രം. കിഷോര്‍ അതോര്‍ത്തു പുഞ്ചിരിച്ചു. ഈ യാത്രയുടെ
അവസാനത്തോടെ ആ അകലവും കൂടുകയാണ്. ഒരു ഒറ്റ മുറി വീട്ടിലേക്കുള്ള കഥാനായകന്റെ പ്രയാണം.
തെരുവില്‍നിന്നും അക്കുര്ടിയിലെ ശര്മാജിയുടെ ഒറ്റമുറി വീട്ടിലേക്ക് പ്രവേശിക്കാന്‍
ജീവിച്ചു കഴിഞ്ഞ കാലം അത്രയും എടുത്തു. നാലായിരം രൂപ വാടക. എങ്കിലും ഇരുട്ടിനെ
ഭയക്കാതെ, തെരുവിന്‍റെ ഓമനകളുടെ സംഗീതം ശ്രവിക്കാതെ കിടക്കാന്‍ തനിക്കും ഒരു പുര.
പഴയ താമസക്കാരി ശ്രാവന്തി അവിടം വിട്ടു പോയിരിക്കുന്നു. ഇരുട്ടിനെ മറയാക്കി
കാമുകന്മാര്‍ മുല്ലപ്പൂവുകളുമായി വീണ്ടും അവളെ തേടി വന്നേക്കാം. പക്ഷേ
തന്നെക്കണ്ട് അവര്‍ ഇനി നിരാശരായി മടങ്ങും. കിഷോര്‍ അതോര്‍ത്തു ചിരിച്ചു.
എഴുതിവച്ച കഥ അയാള്‍
മറിച്ചു നോക്കി. പൂരിപ്പിക്കാന്‍ കഴിയാത്ത താളുകള്‍ അയാള്‍ നിശ്ചലനായി നോക്കി
നിന്നു. എവിടെ അവസാനിപ്പിക്കണം ഈ പെണ്ണിന്‍റെ കഥ? നിന്നും നിരങ്ങിയും തീവണ്ടി
നീങ്ങിക്കൊണ്ടിരുന്നു. അതിനകം തന്നെ കിഷോറിന്റെ മനസ്സ് ആ ഒറ്റ മുറി വീട്ടില്‍
എത്തിയിരുന്നു.
സ്ട്രീറ്റിലെ ഹലോജെന്‍
വെട്ടം പ്രകാശം നിറക്കുന്ന ഒറ്റമുറി. അഴിഞ്ഞു വീണ പോളിസ്റെര്‍ സാരികള്‍, ഉണങ്ങിയ
മുല്ലപ്പൂവുകള്‍. അത്തറിന്റെ മണം പേറുന്ന ആ ഒറ്റമുറി വിജനമായി തോന്നിയേക്കാം.
പക്ഷേ ശ്രാവന്തിയുടെ അദൃശ്യ സാന്നിധ്യം അവിടെ ഉണ്ട്. കറ പുരളാത്ത നോട്ടുകള്‍ക്കായി
അത്തറും ചായവും പൂശി അവള്‍ ആ മുറിയില്‍ തന്നെ ഉണ്ട്.
ചിന്തകള്‍
നിലച്ചപ്പോഴേക്കും കിഷോര്‍ ആ വീട്ടില്‍ എത്തിയിരുന്നു. മുഷിഞ്ഞ തോള്‍ സഞ്ചിക്കും
ഇനിയും പിറക്കാത്ത കഥയ്ക്കും ഇരുട്ടു മുറിയുടെ മൂലയിലേക്ക് വിട. ആരുടെയോ വിളി
കേട്ട വണ്ണം അറുപതു വാട്ടിന്റെ മഞ്ഞപ്രകാശം ഓടിയെത്തി. ഇതിനകം ഒരു രാത്രി
തങ്ങിയിട്ടും ആ മുറി ഒന്നു വൃത്തിയാക്കാന്‍ അയാള്‍ക്കു തോന്നിയില്ല. അയാള്‍
ശ്രാവന്തിയുടെ ഗന്ധം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
അവളുടെ മെത്തയില്‍
കിടക്കുമ്പോള്‍ തന്‍റെ കഥയുടെ അവസാനഭാഗം, ശ്രാവന്തി ചെവിയില്‍ മന്ത്രിക്കുന്ന
പോലെ. അയാള്‍ മെത്തയില്‍ അമര്‍ന്നു കിടന്നു. മേശയില്‍ ചിതറിക്കിടന്ന കത്തുകള്‍
കിഷോര്‍ കൈ നീട്ടി എടുത്തു. വടിവൊത്ത അക്ഷരത്തില്‍ ഏതാനും വരികള്‍ മാത്രമുള്ള
കത്തുകള്‍.
*** **** *** ****
“പ്രിയപ്പെട്ട അമ്മക്ക്,
പരീക്ഷകള്‍ തുടങ്ങാറായി.
അമ്മയുടെ പ്രാര്‍ത്ഥന വേണം. എന്‍റെ ചിലവിനുള്ള പണം കണ്ടെത്താന്‍ അമ്മ
ബുദ്ധിമുട്ടുന്നു എന്ന് എനിക്കറിയാം. എന്‍റെ വിജയങ്ങള്‍ നമ്മുടെ ജീവിതം
മെച്ചപ്പെടുത്തുന്നതായിരിക്കും.
സ്നേഹപൂര്‍വ്വം ദിയ”
*** **** *** ****
“ അമ്മക്ക്,
പരീക്ഷകള്‍ നന്നായി എഴുതി.
ജോലി കിട്ടിയ കമ്പനിയുടെ നിയമനം പൂനെയില്‍ തന്നെ എന്ന് അറിയുന്നു. അമ്മക്കൊപ്പം
കഴിയാന്‍ എനിക്കാകുമല്ലോ
സ്നേഹപൂര്‍വ്വം ദിയ”
*** **** *** ****
“നിങ്ങളെ എന്തു വിളിക്കണം
എന്ന് എനിക്കറിയില്ല. എന്‍റെ വിജയങ്ങള്‍ക്ക് നിങ്ങളുടെ വിയര്‍പ്പിന്‍റെ ഗന്ധം
ആണെന്നു ഞാന്‍ വിശ്വസിച്ചു. അവിടെ കണ്ട കാഴ്ച ഞാന്‍ അത്രമേല്‍ അറയ്ക്കുന്നു.
അവസാനം നിങ്ങള്‍ പൂശുന്ന അത്തറിന്റെ ഗന്ധം തന്നെ എനിക്കും നല്‍കിയല്ലോ. എന്‍റെ
മരണം ഒരു ശിക്ഷയാണ്. നിങ്ങളെ ഇത്ര മേല്‍ സ്നേഹിച്ചതിന്.
ദിയ”
*** **** *** ****
ഒരു നെടുവീര്‍പ്പോടെ അയാള്‍
ആ കത്തുകള്‍ മടക്കി. മൂലയിലേക്ക് വലിച്ചെറിഞ്ഞ ആ അപൂര്‍ണമായ കഥ അയാള്‍ കൈയ്യില്‍
എടുത്തു.
ചെവിക്കരികില്‍ ശ്രാവന്തി
തന്‍റെ കഥ തുടര്‍ന്നു. നീലമഷിയില്‍ അയാള്‍ അത് പകര്‍ത്തിയെടുത്തു. ദൂരെ റെയില്‍വേ സ്റ്റേഷനില്‍
നിന്നും ഉള്ള അവസാന തീവണ്ടിയുടെ ശബ്ദം. അത്തറിന്റെ ഗന്ധം പരത്തി പാളത്തിലൂടെ ആ
തീവണ്ടി നീങ്ങി തുടങ്ങി.
Tuesday, 13 January 2015
Season of Dark : ഗോപിയുടെ കവിതകള്‍
ഗോപിയുടെ കവിതകള്‍
നാട്ടിലെ സാംസ്‌കാരിക
തലസ്ഥാനമായി അറിയപ്പെട്ടിരുന്നത് വായനശാലയായിരുന്നു. ഘോരമായ വാഗ്വാദങ്ങളും
നിശ്ശബ്ദമായ വായനയും അവിടെ ഒരു പോലെ കാണാമായിരുന്നു. അക്ഷരങ്ങള്‍ക്കും അപ്പുറം
ബൌദ്ധിക വ്യായാമങ്ങള്‍ക്കും കായിക വിനോദത്തിനും അവിടെ ഇടം കിട്ടിയിരുന്നു.
അതുകൊണ്ടുതന്നെ ആബാലവൃദ്ധം ജനങ്ങളും അവിടേക്ക് എന്നും എത്തിക്കൊണ്ടിരുന്നു.
കാല്‍പനിക കവിതകളുടെ
വസന്തകാലത്തെ ഒരു സായാഹ്നം. രാധ വായനശാലയില്‍ എത്തുമ്പോള്‍ പതിവിലധികം
സന്തോഷവതിയായിരുന്നു. അക്ഷരങ്ങളെ അവള്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. അവള്‍ ആ
പ്രണയകവിത സമാഹാരം നെഞ്ചോടു അടുക്കി പിടിച്ചു കൊണ്ടു കയറി വന്നു. പുസ്തകങ്ങള്‍
ഒരിക്കല്‍ അവള്‍ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്ന്, അവ രാധയെ ആകര്‍ഷിക്കുന്നു.
പൂന്തേന്‍ തേടി എത്തുന്ന ഈച്ചയെപ്പോലെ ഈ വായനശാലയിലെ പൊടി നിറഞ്ഞ അലമാരയിലെ
പുസ്തകങ്ങളിലേക്ക് അവള്‍ പാറി എത്തുന്നു.
പിരിയാന്‍ വയ്യാത്ത
കാമുകനെപ്പോലെ അവള്‍ ആ പുസ്തകം തിരികെ ഏല്‍പ്പിച്ചു. ആ കവിതകളാണ് അവളെ
പ്രണയിക്കാന്‍ പഠിപ്പിച്ചത്. ആ കവിതയിലെ വരികളില്‍ പ്രണയം മൊട്ടിടുന്നത്, അവള്‍
അത്ഭുതത്തോടെ നോക്കി നിന്നു. അക്ഷരങ്ങളില്‍ മധു ഊറി വരുന്നത് അവള്‍ കൊതിയോടെ കണ്ടു.
ഇടക്കെപ്പോഴോ ആ മാധുര്യം തന്‍റെ ചുണ്ടുകളില്‍ നുകര്‍ന്നു. കവിതക്കും അപ്പുറത്ത്
എങ്ങോ മറഞ്ഞുനിന്ന് തന്നെ നോക്കി പുഞ്ചിരിച്ച കാമുകകവിയെ അവള്‍ വീണ്ടും തിരഞ്ഞു.
ഗോപകുമാര്‍- ഗോപി എന്ന തൂലികാനാമം, അലമാരയിലെ അടുക്കി വച്ചിരുന്ന പുസ്തകങ്ങള്‍ക്കിടയില്‍
അവള്‍ തിരഞ്ഞു.
“ഹൃദയം തുളുമ്പും പ്രണയം
നിറക്കാന്‍
ഒരു ചെറു ചഷകം കടം തരുമോ?”
ഗോപിയുടെ വരികള്‍
ഹൃദയത്തില്‍ മുഴങ്ങുന്നു. പുസ്തകങ്ങള്‍ ഷെല്‍ഫുകളില്‍ പരസ്പരം ആലിംഗനം
ചെയ്തിരിക്കുന്നു. അവയും തമ്മില്‍ പ്രേമിക്കയാവണം. രാധ ചിരിച്ചു. ഗോപിയുടെ കവിതകള്‍
അവര്‍ക്കിടയില്‍ ഉണ്ടോ? രാധ തിരച്ചില്‍ തുടര്‍ന്നു. ഇല്ല, കണ്ടില്ല.
ലൈബ്രേറിയന്‍ എന്തോ
വായനയില്‍ മുഴുകി ഇരിക്കയാണ്. രാധ അയാളുടെ അരികില്‍ കാത്തുനിന്നു. അയാള്‍
ശ്രദ്ധിക്കുന്നില്ല. അയാളുടെ മേശമേല്‍ രാധ മെല്ലെ ഒന്നു തട്ടി. കഷണ്ടിത്തല
ചൊറിഞ്ഞു കൊണ്ട് മധ്യവയസ്കന്‍ തല ഉയര്‍ത്തി.
“ഗോപിയുടെ കവിതകള്‍ ഉണ്ടോ?”
അയാള്‍ അവളെ മിഴിച്ചു
നോക്കി. പിന്നെ ഒന്നു പുഞ്ചിരിച്ചു.
“അതാ, അവിടെ ചോദിക്കു,
ഇപ്പോള്‍ തന്നെ ഒന്നു എഴുതിത്തരും”
എന്തിനിത്ര പരിഹസിക്കാന്‍?
രാധ ചിന്തിച്ചു. രാധ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി. ഒറ്റപ്പാളിയുള്ള ജനലിന്റെ
അരികില്‍ ഒരു ചെക്കന്‍ ഇരിക്കുന്നു. തടിച്ച ഒരു പുസ്തകം വായിക്കയാണ്. മുഖത്ത്
പ്രായത്തിനു ചേരാത്ത ഒരു ഗൌരവം. കൌമാരത്തിന്‍റെ വരവ് അറിയിച്ചുകൊണ്ട് കവിളില്‍
അങ്ങിങ്ങായ് രോമം കിളിര്‍ത്തിരിക്കുന്നു. അലസമായ വേഷവും അതിലും അലസമായ ചെമ്പന്‍
മുടിയും.
രാധ വീണ്ടും ലൈബ്രേരിയനെ
നോക്കി. അയാള്‍ വീണ്ടും വായന തുടങ്ങിയിരുന്നു. ഈ ചെറുക്കന് അറിയുമായിരിക്കണം.
“അതേയ്, ഗോപിയുടെ
കവിതാസമാഹാരം ഇവിടെ ഉണ്ടോ?”
ആ കൌമാരക്കാരന്‍ തല ഉയര്‍ത്തി
നോക്കി, ഗൌരവത്തില്‍ തന്നെ. തന്‍റെ മുന്നില്‍ ഒരു സുന്ദരിയായ പെണ്‍കൊടി നില്‍ക്കുന്നത്
കണ്ട അയാളില്‍ ഗൌരവം അല്പം അയഞ്ഞു.
“എന്താ...?”
“ഗോപിയുടെ മറ്റു കവിതകള്‍
ഇവിടെ ഉണ്ടോ? ഗോപി, ഗോപകുമാര്‍?”
അക്ഷമയോടെയെങ്കിലും, അല്പം
സാവധാനത്തില്‍, കനത്ത ശബ്ദത്തില്‍, രാധ ചോദ്യം ആവര്‍ത്തിച്ചു. എന്നാല്‍ അത്
അയാളില്‍ കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല എന്നത് രാധയെ നിരാശയാക്കി. ഒരു നിമിഷം
മിണ്ടാതെ നിന്ന ശേഷം അയാള്‍ പുഞ്ചിരിച്ചു.
“ഗോപി പിന്നെ കവിതയൊന്നും
എഴുതിയില്ലല്ലോ, എഴുതുമ്പോള്‍ അറിയിക്കാം..!” അയാള്‍ പാല്‍പുഞ്ചിരി തൂകി. അയാളുടെ
സംസാരം രാധക്ക് അത്ര സുഖിച്ചില്ല. രാധയുടെ മുഖഭാവം അയാളുടെ പുഞ്ചിരി മായ്ച്ചു.
“പരിഹസിക്കയാണോ?”
“ക്ഷമിക്കണം”
രാധ തിരിഞ്ഞു നടന്നു.
“നില്ക്കൂ”
രാധ നിന്നു.
“എന്താ പേര്?”
“അത് താന്‍ എന്തിനറിയണം?”
“ഗോപകുമാറിന്റെ കവിതകള്‍
വരുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എടുത്തു വയ്ക്കാം!”
“രാധ”
ഗോവണി ഇറങ്ങി അവള്‍
നടന്നകന്നു.
*** ***
*** *** ***
*** ***
ഗോപിയുടെ പുതിയ പുസ്തകം
വന്നിരിക്കുന്നു. രാധ ആവേശത്തോടെ മറിച്ചു നോക്കി.
“നീ അകതാരില്‍ അര്‍പ്പിച്ച
പുഷ്പങ്ങള്‍ ഒക്കെയും
എന്‍ വനമാല തീര്‍ക്കാന്‍
പിറന്നു, കാലം അറിയാതെ
പൂക്കളായ് വിരിഞ്ഞു”
സമര്‍പ്പണം : പിണങ്ങിപ്പോയ
രാധയ്ക്ക് .
ചെറുക്കന്‍ അപ്പോഴും ആ ഒറ്റപ്പാളി ജനലിനരികില്‍ ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയും തൂകിക്കൊണ്ട്.
ചെറുക്കന് അപ്പോഴും ആ ഒറ്റപ്പാളി ജനലിനരികില്‍ ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയും തൂകിക്കൊണ്ട്.
-- ലാല്‍ കൃഷ്ണ
Friday, 8 August 2014
Season of Darkness : Kothambin Paadathe Penkutty
കോതമ്പിന്‍ പാടത്തെ പെണ്‍കുട്ടി
ഒരു ജന്മമോര്‍ക്കുവാന്‍
ഒരുപാടു നിമിഷങ്ങള്‍
അകതാരിന്‍ വര്‍ണ്ണങ്ങള്‍
നീ തന്ന നേരങ്ങള്‍
തോഴനായ് വന്നാലും
ജ്യേഷ്ഠ്നായ് പിരിയുന്നു
ഏകയായ് ഞാന്‍ നിന്നു
വേദനയില്‍ കേഴുന്നു
പഞ്ചാരത്തരി പോലെ
ഒരു നൂറു ചെറുകാര്യം
മധുരത്തിന്‍ കണമായി
ഓര്‍മ്മകളില്‍ തെളിയുന്നു
ഒരു വാക്കും മൊഴിയാതെ
അകലെപ്പോയ് നിന്നാലും
മഴ തോരും മുന്‍പേ നീ
അരികത്തായ് അണയുന്നു
മഞ്ചാടിക്കുരു പോലെ
മറ്റാര്‍ക്കും നല്‍കാതെ
നിന്‍ സ്നേഹം ഞാന്‍ കാത്തു
ആകാശം കാണാതെ
കവി പാടിയ കവിതയിലെ
കോതമ്പിന്‍ പാടത്തെ
വെയിലേറ്റു വാടിയ
പെണ്‍കൊടിയീ ഞാനല്ലോ
എന്‍ സ്വപ്നമൊക്കെയും
ഞാന്‍ കണ്ടതല്ലെന്നും
അറിയുന്നു ഞാനിന്നു
നിന്‍ സ്വപ്നമാണെന്നും
കാലങ്ങള്‍ പെയ്യുമ്പോള്‍
പിരിയാതെ വയ്യെന്നാല്‍
എങ്കിലും നേദിക്കാം
എന്‍ ആത്മാവും ആഗ്രഹവും
- ലാല്‍ കൃഷ്ണ
( ഒരു സുഹൃത്തിനായ് കുറിച്ചത് )
ഒരു ജന്മമോര്‍ക്കുവാന്‍
ഒരുപാടു നിമിഷങ്ങള്‍
അകതാരിന്‍ വര്‍ണ്ണങ്ങള്‍
നീ തന്ന നേരങ്ങള്‍
തോഴനായ് വന്നാലും
ജ്യേഷ്ഠ്നായ് പിരിയുന്നു
ഏകയായ് ഞാന്‍ നിന്നു
വേദനയില്‍ കേഴുന്നു
പഞ്ചാരത്തരി പോലെ
ഒരു നൂറു ചെറുകാര്യം
മധുരത്തിന്‍ കണമായി
ഓര്‍മ്മകളില്‍ തെളിയുന്നു
ഒരു വാക്കും മൊഴിയാതെ
അകലെപ്പോയ് നിന്നാലും
മഴ തോരും മുന്‍പേ നീ
അരികത്തായ് അണയുന്നു
മഞ്ചാടിക്കുരു പോലെ
മറ്റാര്‍ക്കും നല്‍കാതെ
നിന്‍ സ്നേഹം ഞാന്‍ കാത്തു
ആകാശം കാണാതെ
കവി പാടിയ കവിതയിലെ
കോതമ്പിന്‍ പാടത്തെ
വെയിലേറ്റു വാടിയ
പെണ്‍കൊടിയീ ഞാനല്ലോ
എന്‍ സ്വപ്നമൊക്കെയും
ഞാന്‍ കണ്ടതല്ലെന്നും
അറിയുന്നു ഞാനിന്നു
നിന്‍ സ്വപ്നമാണെന്നും
കാലങ്ങള്‍ പെയ്യുമ്പോള്‍
പിരിയാതെ വയ്യെന്നാല്‍
എങ്കിലും നേദിക്കാം
എന്‍ ആത്മാവും ആഗ്രഹവും
- ലാല്‍ കൃഷ്ണ
( ഒരു സുഹൃത്തിനായ് കുറിച്ചത് )
Thursday, 3 July 2014
Season of Dark : പാവം പാവം പോവ !
അറിയാത്ത ഒരു കാര്യത്തിന് ഇത്രയേറെ തെറി കേട്ട അധികമാരും കാണില്ല. പാവം ഷറപോവയുടെ കാര്യം ആണ് ഞാന്‍ പറഞ്ഞു വരുന്നത്. സച്ചിനെ അറിയില്ലേ എന്നു ചോദിച്ചു, അറിയില്ല എന്നു ഷറപോവ പറഞ്ഞു. അതിനു ഷറപോവ ഈ ജന്മത്തില്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത നമ്മുടെ ശ്രേഷ്ഠ മലയാളത്തില്‍ വരെ അസഭ്യവര്‍ഷം കേള്‍ക്കേണ്ട ഗതികേടിലാണ്. വാര്‍ത്ത
ഞാന്‍ ഒരു കടുത്ത സച്ചിന്‍ ആരാധകന്‍ ആണ്. പക്ഷേ ഇങ്ങനെ ഒരു പ്രതികരണത്തിന്റെ പേരില്‍ തരംതാണ രീതിയില്‍ നടത്തിയ ഫേസ്ബുക്ക് കമന്റ് ആക്രമണം വളരെ മോശമാണ്. സച്ചിന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതനാണ്. എന്നാല്‍ ക്രിക്കറ്റ് ലോകത്തിനു അപ്പുറം സച്ചിന്‍ ഇന്നും അപരിചിതന്‍ തന്നെ. പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ മത്സരത്തിനു ഷെക്കേര്‍ട് ഫ്ലാഗ് വീശിയ സച്ചിനെ കണ്ടു ഒരു വിദേശ മാധ്യമ പ്രവര്‍ത്തകന്‍ അടുത്തു നിന്ന ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോടു ചോദിച്ചുവത്രേ, 'ആരാണു അദ്ദേഹം, ഏതെങ്കിലും സിനിമ നടന്‍ ആണോ?' എന്ന്‍.
ഭീകരമായ സംഗതി ഇതല്ല. ഷറപോവയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മലയാളികളുടെ തെറി അഭിഷേകമാണ്. ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും മാന്യനും, നമ്മുടെ സംസ്കാരത്തിന്‍റെ ആഗോള പ്രചാരകനും ആയ ഒരു വ്യക്തിയെപ്പോലും, ലജ്ജിപ്പിക്കുന്ന തരത്തില്‍, ഏറ്റവും മോശമായി അപമാനിക്കുന്ന കാഴ്ചയാണ് മറുപടികള്‍ ആയി കണ്ടത്. വളരെ അപഹാസ്യമായി തോന്നി. മറ്റൊരു ലോകകായിക താരത്തിനു കൊടുക്കേണ്ട ഒരു ബഹുമാനവും മര്യാദയും അവിടെ കണ്ടില്ല. എല്ലാവരും മോശം മാത്രമേ എഴുതിയിട്ടുള്ളൂ എന്നല്ല പറഞ്ഞത്. ചില രസികന്മാര്‍ പഴയ സിനിമാ ഡയലോഗുകള്‍ വളച്ചൊടിച്ച് എഴുതിയിട്ടുണ്ട്. ഒരു വിദ്വാന്‍ എഴുതിയത് ആകട്ടെ, സാധനങ്ങള്‍ക്ക് വിലകൂട്ടിയ ഭാ.ജ.പാ സര്‍ക്കാരിനോട് ക്ഷമിച്ചാലും ഇതിനു മാപ്പില്ല എന്നതാണ്. ചില കൂട്ടര്‍ പതിനായിരം വട്ടം സച്ചിന്‍റെ നാമം കമെന്റ് ആയി കുറിച്ചു. വായിച്ചു പഠിക്കട്ടെ എന്ന മട്ടില്‍. സച്ചിന്‍റെ റെക്കോര്‍ഡ്‌സ് നിരത്തി വച്ചു മറ്റു ചിലര്‍. വിവാദം ചൂട് പിടിക്കെ അടുത്ത വീട്ടിലെ മറിയ ചേച്ചിയെ പഞ്ഞിക്കിടാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട് എന്നും ഫേസ്ബുക്കില്‍ കണ്ടു. കേരളത്തിലെ എല്ലാ മറിയാമ്മമാരും സൂക്ഷിച്ചുകൊള്‍ക.
കളിക്കളത്തിലെ മാന്യതയ്ക്ക് പേരുകേട്ട സച്ചിന് ഇത് ഒരു പേരുദോഷം തന്നെ ആണു എന്നു ഞാന്‍ വിശ്വസിക്കുന്നു. ആരാധന അതിരുകടന്നു എന്നു വേണം ഇതിനെ പറയാന്‍. സച്ചിനെ അറിയില്ല എന്നു മാത്രമാണ് അവര്‍ പറഞ്ഞത്. അപമാനിക്കുന്ന ഒരു പ്രസ്താവനയും അവര്‍ പറഞ്ഞില്ല. നമ്മുടെ തന്നെ രാഷ്ട്രീയക്കാരുടെ അതിരുവിട്ട പ്രസംഗങ്ങള്‍ക്ക് മറുപടി നല്‍കാതെ എങ്ങോ കിടക്കുന്ന മദാമ്മയെ അസഭ്യം പറഞ്ഞിട്ടു എന്തു പ്രയോജനം ആരാധകരെ?
Subscribe to:
Posts (Atom)