സച്ചിന്‍, എനിക്കു ഒരു ദൈവമായിരുന്നു. ക്രിക്കറ്റ് കളിയോടു ഭ്രമം തുടങ്ങിയ കാലം തൊട്ടേ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു മനുഷ്യ വിഗ്രഹം. മനസ്സിന്റെ ആഗ്രഹം പോലെ വിജയങ്ങള്‍ നേടിത്തന്ന ക്രിക്കറ്റ് ദൈവം. വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു തരം ഹരം. എത്ര കേട്ടാലും മടുക്കാത്ത യേശുദാസിന്റെ ആലാപനം പോലെ, എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ച്ച, ഒരു നൂറു ഓര്‍മ്മകള്‍ സമ്മാനിച്ച, പ്രിയപ്പെട്ട സച്ചിന്‍. എങ്ങനെ ഞാന്‍ താങ്കളോടു നന്ദി പറയും?
ഒരു പഴയ സോളിഡെയര്‍ ടീവിക്കു മുന്നിലിരുന്ന്, മങ്ങിയ ദൂരദര്‍ശന്‍ ചാനലിലെ സ്കോര്‍ ബോര്‍ഡു നോക്കി ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചത് താങ്കള്‍ എങ്ങനെ കടലുകള്‍ക്കപ്പുറം നിന്നു കേട്ടു എന്നു എനിക്കറിയില്ല. അതറിഞ്ഞിട്ടാണോ, പാഞ്ഞടുത്ത പന്തുകളെ താങ്കള്‍ അതിര്‍ത്തികളിലേക്കു പായിച്ചത്? ഇന്ത്യയെ സ്നേഹിക്കാന്‍ പഠിപ്പിച്ചത്, ആത്മാവില്‍ നിറച്ചത് ആദ്യം നീയായിരുന്നു. ഈ മഹാരാജ്യത്തോടുള്ള ഭക്തി, ബഹുമാനം എല്ലാം അറിഞ്ഞോ അറിയാതെയോ എന്റെ കുഞ്ഞു മനസ്സിലേക്കു താങ്കള്‍ പകര്‍ന്നു തന്നു. പതാകയെ സ്നേഹിക്കാന്‍, ബഹുമാനിക്കാന്‍ പഠിപ്പിച്ചു.
ഓരോ നേട്ടങ്ങള്‍ക്കു ശേഷം, മുകളില്‍ ആകാശത്തിനും, പ്രപഞ്ചസീമകള്‍ക്കുമപ്പുറമിരിക്കുന്ന ദൈവത്തിന്റെ ശക്തിയെ കൈകളുയര്‍ത്തി നീ കാട്ടി തന്നു. പ്രകോപിക്കുന്നവരെ പോലും ക്ഷമയോടെ, ബഹുമാനത്തോടെ നേരിട്ടു. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റി. നേട്ടങ്ങളില്‍ അഹങ്കരിക്കാതെ, മതിമറക്കാതെ, പിന്നെയും ഒരുപാടു നേട്ടങ്ങള്‍ തേടി യാത്ര തുടര്‍ന്നു.
ഈ നാല്‍പതാം വയസ്സിലും, ഒരു വിജയം കാണുമ്പോള്‍, അന്നത്തെ ആ പതിനാറുകാരനേപ്പോലെ നീ തുള്ളിച്ചാടുന്ന കാഴ്ച്ച.. ഏകദിന ക്രിക്കറ്റിലെ ലോകവിജയത്തേക്കാളും എന്നെ സന്തോഷിപ്പിച്ചത്, വിജയനിമിഷത്തില്‍ പുഞ്ചിരിയോടെ അന്നു ഒരു കൗമാരക്കാരനേപ്പോലെ നീ കളിക്കളത്തിലേക്കോടി വന്ന കാഴ്ച്ചയാണ്.
വിവാദങ്ങളില്‍ നിന്നും വിനയപൂര്‍വ്വം മാറിനിന്ന നിന്നേക്കാളും നല്ലൊരു മാതൃക ഈ കായികലോകത്തില്‍ കാണാനാകില്ല. കളിക്കളത്തിനപ്പുറം രാജ്യത്തെ സ്നേഹിച്ച നീ എന്നും ഓര്‍മ്മിക്കപ്പെടട്ടെ. ഇന്ത്യക്കായി ജീവന്‍ വെടിഞ്ഞ ജവാന്‍മാരെ ഓര്‍ത്തു കണ്ണില്‍ നിന്നടര്‍ന്ന കണ്ണീര്‍ തുള്ളികളെ മറ്റാരും കാണാതെ കൈകളാല്‍ മറച്ചപ്പോള്‍, ഒരു നിമിഷം, സൗജന്യമായി ലഭിച്ച സൈനികക്കുപ്പായവുമായി പരസ്യ ചിത്രങ്ങള്‍ക്കു പോസ് ചെയ്ത ഒരു ല.കേണലിനെ ഓര്‍ത്തു ചിരിച്ചു പോയി. ക്ഷമിക്കു.
പ്രതാപകാലത്ത് തീപാറുന്ന പന്തുകളെ, നിസ്സാരമായി നേരിട്ട നീ, ഒരേ തരം പന്തുകള്‍ക്കു മുന്നില്‍ പലവട്ടം ഉഴറുന്ന കാഴ്ച്ച, എറെ വേദനിപ്പിച്ചു. നിന്റെ തീരുമാനം ഉചിതമായിരുന്നു. എന്നാലും അതില്‍ എന്റെ മനസ്സു വിഷമിച്ചത്, എന്റെ സ്വാര്‍ത്ഥത കൊണ്ടാണ്. ഇനി ഒരിക്കലും നീ ഇന്ത്യക്കായി ബാറ്റ് ഏന്തുന്നത് കാണാനാകില്ല എന്ന മനസ്സിന്റെ വേദന കൊണ്ടാണ്.
പത്ത് എന്ന അക്കത്തേയും സച്ചിനെന്ന നാമത്തേയും ഞാന്‍ അത്ര മേല്‍ സ്നേഹിക്കുന്നു. ഈ വിരാമം, കച്ചവടക്കണ്ണോടെ കാണുന്നവര്‍ക്കു മനസ്സിലായെന്നു വരില്ല, ഈ കുഞ്ഞു മനുഷ്യന് എന്റെ മനസ്സില്‍ എത്ര വലിപ്പമുണ്ടെന്ന്. നിന്റെ വിടവാങ്ങല്‍ എന്നെ എത്ര മേല്‍ വിഷമിപ്പിക്കുന്നു എന്നും. നന്ദി. ഇക്കാലമത്രയും എന്റെ പ്രാര്‍ത്ഥന കേട്ടതിനും, എന്നെന്നും എന്നെ ആനന്ദിപ്പിച്ചതിനും, ഇത്ര മേല്‍ എന്നെ സ്വാധീനിച്ചതിനും, ഒരു കോടി നന്ദി..
-- Lal Krishna Raj
Great Man...Keep Writing :)
ReplyDeleteThank you Sarath
Delete