അനാമിക
മാധവന്‍ ചോദിച്ചിട്ട് ആ പെണ്‍കുട്ടി പേരു പറഞ്ഞില്ല. അതുകൊണ്ട് അയാളവളെ അനാമിക എന്നു വിളിച്ചു. അവള്‍ വിളി കേള്‍ക്കുകയും ചെയ്തു. അയാളുടെ ഇളയമകളുടെ പ്രായം വരും അനാമികയ്ക്ക്. ഏറെ മാസങ്ങളായ് അവള്‍ ഈ റെയില്‍വെ സ്ടേഷന്‍ പരിസരത്താണ് ജീവിക്കുന്നത്, കുറേ തമിഴ് ജന്മങ്ങള്‍ക്കിടയില്‍ ! രാത്രി പത്തരക്കുള്ള ചെന്നൈ മെയിലിലെ യാത്രക്കാരെ കാത്ത് മാധവന്‍ തന്റെ ടാക്സിയുമായി എന്നും സ്റ്റാന്റിലുണ്ടാകും. അങ്ങനെ ഏതോ ഒരു രാത്രി ആ ട്രെയിനില്‍ വന്നടിഞ്ഞതാണ് ഈ പാവം പെണ്‍കുട്ടിയും. വിശപ്പാണ് അവളെ യാചകിയാക്കിയത്. എന്നും അവള്‍ക്കു അത്താഴം കൊടുക്കുന്നത് മാധവനാണ്. അത് അയാള്‍ മുടക്കാറില്ല. ആ ഭക്ഷണപ്പൊതിക്കായി അവളെന്നും കാത്തു നില്‍ക്കും.
എന്തുകൊണ്ടാണു മാധവന്‍ അവളെ ഇത്രയേറെ സ്നേഹിക്കുന്നത് ? സ്റ്റാന്റിലെ മറ്റു ടാക്സിക്കാര്‍ക്കറിയാം. മാധവേട്ടനു അനാമിക ഒരു ഓര്‍മ്മപ്പെടുത്തലാണ് - മാധവേട്ടന്റെ മരിച്ചു പോയ ആ ഇളയമകളുടെ , ഇരുട്ടില്‍ ചെന്നൈ മെയില്‍ കവര്‍ന്ന ആ ജീവന്റെ ! അതുകൊണ്ടാണ് ഓരോ അഘോഷങ്ങള്‍ക്കും മാധവേട്ടന്‍ അനാമികയ്ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. പൂരത്തിന് അയാളവള്‍ക്കു സമ്മാനിച്ചത് ഒരു നല്ല മുത്തുമാലയായിരുന്നു. അത് അണിഞ്ഞുകൊണ്ട് അവള്‍ ചിരിച്ചപ്പോള്‍ മാധവേട്ടന്‍ കരഞ്ഞത് തന്റെ മകളെപ്പറ്റി ഓര്‍ത്തതുകൊണ്ടാകണം.
മാധവന്‍ അന്നും രാത്രി പതിവുപോലെ ടാക്സി സ്റ്റാന്റിലെത്തി. കാറില്‍ നിന്നും പൊതിച്ചോറുമായി പുറത്തിറങ്ങി. വാകമരച്ചുവട്ടില്‍ അനാമികയില്ല. അയാള്‍ ചുറ്റും നോക്കി. സ്ടേഷന്‍ പരിസരം എന്തോ വിജനമാണ്. മറ്റു ടാക്സിക്കാരേയും കാണുന്നില്ല. താന്‍ എത്താന്‍ വൈകിയോ ? മാധവന്‍ വാച്ച് നോക്കി. പത്തരയാകുന്നതേ ഒള്ളൂ. അനാമികയെവിടെ ? മാധവന്‍ പരിഭ്രമിച്ചു. അവിടെ അയാള്‍ മാത്രം ! തെരുവു വിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ എന്തോ തിളങ്ങുന്നു. മാധവന്‍ ശ്രദ്ധിച്ചു. കുറേ മുത്തുകള്‍ ചിതറിക്കിടക്കുന്നു , കുറേ നാണയത്തുട്ടുകളും..!
ഹൃദയം നടുങ്ങുമാറ് ഉറക്കെ കൂവിക്കൊണ്ട് ഇരുട്ടില്‍ നിന്നും ചെന്നൈ മെയില്‍ സ്ടേഷനില്‍ വന്നു നിന്നു.
No comments:
Post a Comment