Friday, 5 October 2012

a malayalam short story

                                                           തിരികെ



                     ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരുവിധം കാറു പുറത്തെത്തി. പൂരക്കാലമായാല്‍ അങ്ങനെയാണ്. നല്ല തിരക്കായിരിക്കും. വലിയ പൂരപ്പറമ്പ് നിറയെ ആളുകള്‍. അരികിലൂടെ കച്ചവടക്കാരും മുച്ചീട്ടുകളിക്കാരും. പറമ്പിനു ഒത്ത നടുവില്‍ കമുകും പാറിപ്പറക്കുന്ന തോരണങ്ങളും. ഇന്നും ഇതിനൊന്നും ഒരു മാറ്റവുമില്ല. മാറിയത് ഞാന്‍ മാത്രമാണ്. ദീപ ഇതെല്ലാം അത്ഭുതത്തോടെ നോക്കി കാണുകയാണ്. അവള്‍ക്കിതെല്ലാം അപരിചിതമാണ്. പൂരവും നാടും തറവാടുമെല്ലാം. നഗര ജീവിതത്തിന്റെ നരക ജീവനേ അവള്‍ കണ്ടു പഠിച്ചിട്ടൊള്ളൂ. 
                          ആല്‍ത്തറയും അമ്പലക്കുളവും പിന്നിട്ട് നാട്ടുവഴിയിലൂടെ ഞങ്ങള്‍ സഞ്ചരിച്ചു. പൊടി പറത്തിപ്പായുന്ന കാറിനു പിറകെ കുട്ടികളും കൂടി. സൂര്യന്‍ മങ്ങി പുഞ്ചിരിക്കുന്നു. വഴി അവസാനിക്കുന്നിടത്ത് ഞാന്‍ കാറു നിര്‍ത്തി. ഡിക്കിയില്‍ നിന്നും ബാഗും മറ്റുമെടുത്ത് ദീപയും ഞാനും പടിപ്പുരയും കടന്നു വീടിന്റെ വിശാലമായ മുറ്റത്തേക്കു കയറിച്ചെന്നു. ഒരു ഓരത്ത് നെല്ലും പുളിയും ഉണക്കാന്‍ ഇട്ടിരിക്കുന്നു. ഉമ്മറത്തെ ചാരുകസേരയില്‍, കൈയിലൊരു പാള വിശറിയുമായി അച്ഛന്‍! ഞങ്ങളെ കണ്ടയുടന്‍ മുറുക്കാന്‍ കോളാമ്പിയിലേക്കു തുപ്പിയിട്ടു, ചിരിച്ചുകൊണ്ട് അരികിലേക്കു വന്നു. 

" നീയ് ഇത്ര നേരായിട്ടും എത്താത്തതു കൊണ്ടു ഒന്നു പരിഭ്രമിച്ചു. നീയോ വരില്ല. ഇടക്കു മോളേം കുട്ട്യോളേം എങ്കിലും ഒന്നു ഇങ്ങോട്ടു വിട്ടു കൂടേ ..?"
ഇറയത്തെ ശബ്ദം കേട്ടു അമ്മയും അകത്തുനിന്നും ഇറങ്ങി വന്നു.
"ഞാന്‍ പറയാറുണ്ടമ്മേ,  ഉണ്യേട്ടനു എന്നും തിരക്കല്ലേ.."
ദീപ എന്നെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു. 
"അച്ഛനറിയാല്ലോ എന്റെ ജോലിത്തിരക്ക് ?...."
"അതേ, ന്റെ കുട്ടിക്കു മന്ത്രിപ്പണിയല്ലേ.. ഈ അമ്മക്കും അറിയാം.. അല്ലേ മോളേ..?" ദീപയെ ചേര്‍ത്തു നിര്‍ത്തി അമ്മ പറഞ്ഞു.

ഒരു കൊച്ചു അസൂയയോടെ ഞാന്‍ എന്റെ പത്നിയെ നോക്കി. 

"വാ മക്കളു കയറി വാ.." ദീപയേയും കുട്ടികളേയും കൂട്ടി അമ്മ അകത്തേക്കു പോയി. 
"ഇത്തവണ ലീവുണ്ടല്ലോ അല്ലെ.. ആറാട്ടു കഴിഞ്ഞു പോയാല്‍ മതി."
"ഉവ്വ് അച്ഛാ.."  
"കുട്ട്യോള്‍ക്കു പരീക്ഷ വല്ലതും..?"
"തുടങ്ങാറായി. ട്യൂഷനുണ്ട്. അത് കുറച്ചു ദിവസത്തേക്കു മുടങ്ങും."
"ഉം. സാരില്ല്യ. എത്ര നാളു കൂടിയാ അവര്‍ ഇങ്ങോട്ടേക്കു ഒന്നു വരുന്നത്. അവരു മാത്രമല്ല , നീയും.. "
"ഞങ്ങളുടെ ജോലിത്തിരക്കു അച്ഛനറിയാമല്ലോ, ആശുപത്രിയും രോഗികളുമായി അവളും, കണക്കും കാര്യങ്ങളുമായി ഞാനും. ഒന്നു സ്വസ്തമായി ഉറങ്ങാന്‍ പോലുമാകാറില്ല അച്ഛാ.." 
-ബാഗില്‍ നിന്നും ഒരു വലിയ പൊതിയെടുത്ത് അച്ഛനു കൊടുത്തു. 

"നീയ് വീണ്ടും പുറത്തു പോയൊ? " 
-ഒരു കള്ളച്ചിരിയോടെ അച്ഛന്‍ ചോദിച്ചു.
                                      
                                     *****

           വെയിലകന്നപ്പോള്‍ ഞാന്‍ തൊടിയിലേക്കിറങ്ങി. പറമ്പില്‍ മാവും പിലാവുമെല്ലാം കായ്ച്ചു നില്‍ക്കുന്നു. അതിരുകാക്കുന്ന മതിലു പോലെ പുതിയതായി പൊന്തിയ എതാനും ചിതല്‍ പുറ്റുകള്‍. താഴേപാടത്തു കറ്റകള്‍ വെള്ളം ദാഹിച്ചു നില്ക്കുന്നു. വരമ്പില്‍ എതാനും ആടുകള്‍. വെള്ളമൊഴുകാന്‍ ഉണ്ടാക്കിയ ചാലിലൂടെ ഞാന്‍ പറമ്പിലൂടെ നടന്നു. മരങ്ങളിലൂടെ കുരുമുളകിന്റെ വള്ളികള്‍ പടര്‍ന്നിരിക്കുന്നു. നിലത്തു പുളിയും മാമ്പഴവും ചിതറി കിടക്കുന്നു. നാട്ടുമാവിന്റെ ചോട്ടില്‍ നിന്നപ്പോള്‍ ഒരു പ്രത്യേക കുളിര്. 
" ഉണ്യേട്ടാ......"- ആരോ വിളിക്കുന്നു.
" അമ്മൂട്ടി......." - ഞാനറിയാതെ വിളിച്ചു. 

എന്റെ കൊച്ചനുജത്തി, അമ്മൂട്ടി. ഈ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുന്നു. ഞാനും അവളുമുണ്ടാക്കിയ കളിവീടുകള്‍ക്കു അരികിലായ്. ഓരോ മാമ്പഴവും പങ്കുവക്കാനായി അവള്‍ വീണ്ടും എന്നെ വിളിച്ചതായി തോന്നിപ്പോയി. 

"എന്റെ അമ്മൂട്ടി.."

                         കണ്ണു നിറയുന്നു. മരിക്കുന്നതിനു മുന്‍പ് എന്റെ കൈയ്യില്‍ കെട്ടിപ്പിടിച്ച് അവള്‍ കിടന്നു. അവളുടെ പനിച്ചൂടില്‍ ഞാന്‍ ഉരുകുകയായിരുന്നു. അവളലിഞ്ഞു ചേര്‍ന്ന മണ്ണില്‍ എന്റെ കണ്ണീര്‍ അടര്‍ന്നു വീണു. ഞാന്‍ എഴുന്നേറ്റുനിന്നു. ദൂരെ മുളങ്കാടുകള്‍ കൈയ്യാട്ടി വിളിക്കുന്നു. ഞാന്‍ അങ്ങോട്ടു ചെന്നു. മുളങ്കാട്ടിനരികില്‍ ഒരു ചെറിയ കുളമുണ്ട്. കുളത്തിനു ചുറ്റിലും ഒരു അരമതിലും. ആ മതിലിലിരുന്നാണ് ഞാനും രാധയും...രാധ.... മറന്നുപോയിരുന്നു ഞാനവളെ , മറക്കില്ലെന്നു പറഞ്ഞെങ്കിലും. ഒരു കാലത്ത് കൃഷ്ണന്‍ പ്രണയിച്ച രാധ ! ഇതു പോലെ ഒരു പൂരക്കാലത്ത് , നാലമ്പലത്തിനു ചുറ്റുമുള്ള വിളക്കുകള്‍ തെളിയിക്കുമ്പോള്‍ അവള്‍ നാണത്തോടെ പറഞ്ഞു :
"എനിക്കിഷ്ടാ.. എന്റെ ഈ കൃഷ്ണനെ..!"

            പട്ടുപാവാട ചുറ്റി, എന്നും നെറ്റിയില്‍ നനവുമായാത്ത ഭസ്മക്കുറിയുമായി , തന്റെ മുന്നില്‍ നാണിച്ചു നിന്ന ആ പെണ്‍കൊടി, മനസ്സില്‍ നിന്നും ഇത്ര വേഗം മാഞ്ഞുപോയോ..! അവളും ഇന്നില്ല. അവളും 'രാധ'യേപ്പോലെ കണ്ണനില്‍ ലയിച്ചു. അവളുടെ ഉടഞ്ഞ കരിവളകഷ്ണങ്ങള്‍ മാത്രം എനിക്കു ബാക്കിയാക്കി അവളും എന്നെ വിട്ടു പോയി.
                        മഞ്ചാടിയുടെ ചുവട്ടില്‍ മഞ്ചാടിക്കുരു ചിതറി കിടക്കുന്നു. നഷ്ടമായ എന്റെ പഴയകാല സ്മരണകളുടെ തൂവല്‍ സ്പര്‍ശം ഞാന്‍ ഇവിടെയെത്തുമ്പോള്‍ അനുഭവിക്കുന്നു. അമ്മൂട്ടിയുടെ പിറന്നാളിന് സമ്മാനിക്കാന്‍ ഞാനും രാധയും ശേഖരിച്ച ഒരായിരം മഞ്ചാടിക്കുരുക്കള്‍- മനസ്സിന്റെ കോണുകളില്‍ ചിതറിക്കിടക്കുന്നു.
                              ഞാന്‍ പാടത്തേക്കിറങ്ങി. കൊയ്ത്തു കഴിഞ്ഞ പാടം വരണ്ടു പോയിരിക്കുന്നു. ആട്ടിന്‍ പറ്റങ്ങള്‍ വഴിമാറി തന്നു. ദൂരെ പാടത്തിനക്കരെ കണ്ണന്റെ അമ്പലം കാണാം. കസവു പുടവ ചുറ്റി മലയാളിമങ്കമാര്‍ അമ്പലത്തിലേക്കു പോകുന്നു. അങ്ങു ദൂരെ, പടിഞ്ഞാറേപാടത്തിനുമപ്പുറത്തെ മൊട്ടക്കുന്നുകള്‍ക്കു മീതെ കുങ്കുമം ചാര്‍ത്തി സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. വരമ്പിലൂടെ കുറച്ചു നേരം നടന്നു നീങ്ങി. എതിരേ ആരോ വരുന്നു. തലയില്‍ ഒരു ചെറിയ കുട്ടയും, കൈയില്‍ തൂമ്പയുമുണ്ട്. കാലില്‍ ചെളി പുരണ്ടിരിക്കുന്നു. 
വാസു - എന്റെ ചങ്ങാതി !

"കൃഷ്ണാ.. !" - വാസു അപ്രതീക്ഷിതമായി കണ്ട ബാല്യകാലസുഹൃത്തിനെ സസന്തോഷം വിളിച്ചു. -" നീ എപ്പോ എത്തി ?"
"കുറച്ചു മുന്‍പ്. എത്ര നാളായെടാ കണ്ടിട്ട്.. സുഖല്ലേ..?"
"പിന്നേ.. എന്തായാലും ഉത്സവമായിട്ടു നീ വന്നല്ലോ. സന്തോഷം. ഞാനിപ്പൊ പണി കഴിഞ്ഞു കേറിയതേ ഒള്ളൂ.. നീ നടക്കാനിറങ്ങിയതാ ? എന്നാ വാ, നമുക്കു കുളം വരെ പോകാം."
-ഞാന്‍ വാസുവിന്റെ പിറകെ നടന്നു.
"പിന്നെ, പട്ടണത്തിലെ ജീവിതമൊക്കെ എങ്ങനെ ഉണ്ട് ?"
"മടുത്തു വാസു, എന്നും ആവര്‍ത്തനം.ഉദ്യോഗം,വീട്,വീട്..ഉദ്യോഗം.. എന്നും ഇതു തന്നെ. ഒരു മാറ്റവുമില്ല. മനസ്സു മരവിച്ചു പോകും."
"നിനക്ക് ഇങ്ങൊട്ടു വന്നൂടെ ? ഇവിടെ എല്ലാവരുമുണ്ടല്ലോ..?"
"ഇവിടെ വിട്ടു പോയതില്‍ വിഷമം ഉണ്ട്. പക്ഷേ, ഇനി ഒരു തിരിച്ചു വരവ്.."
"ശരിയാ, ഇപ്പൊ ഉള്ള ജീവിതത്തില്‍ നിന്നും പെട്ടെന്നു ഒരു മാറ്റം, അതു എളുപ്പമല്ല."
"ഉം" - ഞാന്‍ മൂളി.
                                     
                                  ******

വാസുവിനോട് യാത്ര പറഞ്ഞ് ഞാന്‍ പാടവും കടന്നു അമ്പലത്തിലേക്കുള്ള വഴിയിലെത്തി. എന്നെ കണ്ടിട്ടാകണം, മുത്തശ്ശന്‍ അരയാലു തലയാട്ടി ചിരിച്ചു. കല്‍പടവുകള്‍ കടന്നു ഞാന്‍ അമ്പലത്തിനകത്തേക്കു കയറി. ഉത്സവത്തിന്റെ തിരക്ക്. കുട്ടികള്‍ ഓടി നടന്നു ചുറ്റമ്പലവിളക്കുകള്‍ തെളിയിക്കുന്നു. ശ്രീകോവിലിനുള്ളില്‍ കളഭം ചാര്‍ത്തിയ കൃഷ്ണന്‍ പുഞ്ചിരി തൂകുന്നു. നീ ഈ ഉണ്ണികൃഷ്ണനെ ഓര്‍ക്കുന്നുണ്ടാകുമോ ആവോ? കണ്ണനൊഴിച്ച് എല്ലാം മാറിപ്പോയിരിക്കുന്നു, കണ്ണനിന്നും പഴയ കണ്ണന്‍ തന്നെ.ആ കുസൃതിച്ചിരിയും പൊന്നോടക്കുഴലും എല്ലാം പഴയതു പോലെ തന്നെ. 
                                 
                                 ******

                         വീട്ടില്‍ തിരികെ എത്തിയപ്പോഴേക്കും ഇരുട്ടു പരന്നിരുന്നു. ഉമ്മറത്തിരുന്നു അമ്മ നാമം ജപിക്കുന്നു. കുട്ടികളും ദീപയും അടുത്തിരിപ്പുണ്ട്. 
"നന്നായി തൊഴുതുവോ ?" -അച്ഛന്‍ ചോദിച്ചു.
"നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും നന്നായി തൊഴാന്‍ പറ്റി. "
"നാളെ നമുക്കെല്ലാവര്‍ക്കും കൂടിപ്പോകാം, കഥകളിയുണ്ട് !"
"അയ്യോ, വേണ്ട അച്ഛച്ഛാ, നമുക്ക് നാളെ സിനിമക്കു പോകാം.." -കുട്ടികള്‍ അഭിപ്രായപ്പെട്ടു. എനിക്കു ചിരി വന്നു. നാമം ചൊല്ലുന്ന അമ്മ പോലും ചിരിച്ചുപോയി. കാര്യം മനസ്സിലാകാതെ ദീപയും മെല്ലെ ചിരിച്ചു.

നാമം ജപിച്ചു നിര്‍ത്തി എല്ലാവരും അകത്തേക്കു പോയി. അപ്പോള്‍ അച്ഛന്‍ ശബ്ദം താഴ്ത്തി പറഞ്ഞു:
"നീ പോയപ്പോള്‍ ദേവകി ഇവിടെ വന്നിരുന്നു."
എന്റെ മുഖം മാറുന്നത് ഞാന്‍ തന്നെ അറിഞ്ഞു. "ദേവമ്മയോ ?"
"ഉം, നിന്നോട് പറഞ്ഞ് വേണുവിനു പട്ടണത്തില്‍ എന്തെങ്കിലും ജോലി തരാക്കിക്കൊടുക്കുമോ എന്നുചോദിച്ചു."
"ആവശ്യം വന്നപ്പോള്‍ എല്ലാ ബന്ധങ്ങളും ഓര്‍മ്മവന്നു അല്ലേ അച്ഛാ..?"

-അച്ഛന്റെ ഇളയ പെങ്ങാളാണു ദേവമ്മ. രാധയുടെ അമ്മ.

"നീ പഴയതൊന്നും ഇനി ചികഞ്ഞെടുക്കണ്ട, ഞാന്‍ അവള്‍ക്കു വാക്കു കൊടുത്തു. ഇപ്പോള്‍ വല്യ കഷ്ടത്തിലാണു ഉണ്ണ്യേ അവളും വേണുവും. ആകെ ഉണ്ടായ നിലവും വിട്ടു. ദാമു വരുത്തി വച്ച കടങ്ങള്‍ ഒക്കെയും വീട്ടി തീര്‍ത്തപ്പോഴേക്കും പത്തായം പോലും ഒഴിഞ്ഞു. ഇനി ഇതില്‍ കൂടുതല്‍ അവള്‍ എങ്ങനെ സഹിക്കും. " 
" ഇപ്പോഴും ആവശ്യം പണം തന്നെ അല്ലേ ? അതിനു ഞാന്‍ തന്നെ സഹായിക്കണം. അല്ലേ.." എന്റെ ശബ്ദം ഇടറി.
"ഉണ്ണീ, രാധ പോയി. അല്ലെങ്കിലും പണം കണ്ടാല്‍ എല്ലാവരും ഇങ്ങനെയാണു. സ്വന്തവും ബന്ധവും എല്ലാം മറക്കും. രാധക്കു പണവും വലിയ ഉദ്യോഗവുമുള്ള ഒരാലോചന വന്നപ്പോള്‍ അവള്‍, ദേവകി , പറഞ്ഞ വാക്കു മറന്നു. പക്ഷേ, ഒരു ജന്മത്തേക്കുള്ള ശിക്ഷ ഈശ്വരന്‍ തന്നെ നല്‍കിയില്ലേ, ഉണ്ടായതെല്ലാം നഷ്ടപ്പെട്ടില്ലേ , ഇനി നമ്മളും എന്തിനാ അവളെ ശിക്ഷിക്കണേ..?"

-നഷ്ടം ദേവമ്മക്കു മാത്രമല്ല. രാധയുടെ കൃഷ്ണനും കൂടിയാണ്.

"വേണുവിന്റെ ജോലിക്കാര്യം ഞാന്‍ നോക്കിക്കോളാമെന്നു അച്ഛന്‍ ദേവമ്മയോടു പറഞ്ഞേക്കൂ."
ഞാന്‍ അകത്തേക്കു നടന്നു.

                                       *****

                    രാത്രി നന്നായി മഴ പെയ്തു. ഹൃദയം നടുങ്ങും വിധം പതിവില്ലാത്ത വിധം ഇടിയും വെട്ടി. കിടന്നിട്ട് എനിക്കു ഉറക്കം വന്നില്ല. രാധ എന്നെ തനിച്ചാക്കി പോയ ആ രാത്രി ഓര്‍മ്മ വന്നു. അന്നും മഴ പെയ്തിരുന്നു- വേനല്‍മഴ ! 
                     അന്ന് നനഞ്ഞുകൊണ്ടാണു ഞാന്‍ ദേവമ്മയുടെ വീട്ടില്‍ എത്തിയത്. നടുവിലത്തെ മുറിയില്‍ ദേവമ്മ ബോധം നഷ്ടപ്പെട്ടു കിടക്കുന്നു. ഞാന്‍ രാധയുടെ മുറിയിലേക്കു നടന്നു. അവിടെ, പുഞ്ചിരിക്കാതെ, കണ്ണിമവെട്ടാതെ, ചലനമറ്റ് രാധ.. അവളുടെ കഴുത്തില്‍ മരണചുംബനം നല്‍കിയ ആ നാലു മുഴം കയറെന്നെ നോക്കി പല്ലിളിച്ചു. 

" രാധേ ......" 

ഞാന്‍ അറിയാതെ വിളിച്ചു കൊണ്ടു കിടക്കയില്‍ നിന്നും എഴുന്നേറ്റു. അസ്വസ്ഥതയോടെ മൂളിക്കൊണ്ട്  ദീപ തിരിഞ്ഞു കിടന്നു. ഭാഗ്യം, ദീപ അറിഞ്ഞിട്ടില്ല. താന്‍ ഇതു വരെ ഒന്നും അവളോടു പറഞ്ഞിട്ടുമില്ല.
                     
മഴയുടെ ശക്തി കുറയുന്നു. രാധയുടെ കൈകള്‍ പോലെ, ജനലഴി കടന്നെത്തിയ കാറ്റ് എന്നെ തഴുകുന്നു. എന്റെ ചിന്തകള്‍ നിദ്രയില്‍ ലയിക്കുന്നു...

********************************************
                                                               - LAL KRISHNA RAJ

              


4 comments:

  1. Good...keeep writing!!! expecting more.....

    ReplyDelete

  2. Kadhayamama Kadhayamama Kadhakalathisaadaram.......
    Kadhakalathisaadaram.......

    cool story :)

    ReplyDelete