Thursday, 11 October 2012

A trip to Malampuzha Dam

                                              ഡാം
  
 ചേച്ചി പാലക്കാട് വരുന്നു എന്നു കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തിയ സ്ഥലം മലമ്പുഴ ആയിരുന്നു.അവളുടെ കൂട്ടുകാരും ഉണ്ടാകുമെന്നും പറഞ്ഞു.  എനിക്ക് ഒരുപാട് ഓര്‍മ്മകള്‍ നല്‍കിയ ഒരിടമാണ്  ഇത്. ആദ്യ വിനോദയാത്ര, നവോദയയില്‍ നിന്നും പോയ ആദ്യ ക്ലസ്റ്റര്‍ മീറ്റ്, മെന്‍സ് ഹോസ്റ്റലില്‍ നിന്നുമുള്ള ആദ്യ ഔട്ടിങ്ങ് , ഒക്കെയും ഞാന്‍ ഏറ്റവും ആസ്വദിച്ചത്  ഇവിടെ എത്തിയപ്പോഴാണ്. വീണ്ടും ചേച്ചിയോടൊപ്പം ഒരു സായാഹ്നം കൂടി ഈ അണക്കെട്ടില്‍!!


ബസ്സില്‍ വച്ചു തന്നെ ഞാന്‍ അനൂപേട്ടനെ പരിചയപ്പെട്ടു.  ഒരു ഒറ്റശ്വാസത്തില്‍ ചേച്ചി ബാക്കി എല്ലാവരേയും പരിചയപ്പെടുത്തി. അറുബോറന്‍ സെമിനാറില്‍ നിന്നും ചാടിവന്നതിന്റെ ആശ്വാസം ആരും മറച്ചു വച്ചില്ല. 

പുല്‍ത്തകിടികളും പൂച്ചെടികളും തറയോട് വിരിച്ച വഴികളും  മലമ്പുഴ ഉദ്യാനത്തിനു ഒരു ആധുനിക സൗന്ദര്യം നല്‍കിയിരിക്കുന്നു. ആ സൗന്ദര്യം ക്യാമറക്കണ്ണുകള്‍ ഒപ്പിക്കൊണ്ടേയിരുന്നു. ചെമ്പകപ്പൂക്കള്‍ ചിരിതൂകി നില്‍പ്പുണ്ടായിരുന്നു. എന്റെ മൊബൈല്‍ ക്യാമറ അവരെ നോക്കി ഒന്നു കണ്ണിറുക്കി.



ഉദ്യാനത്തിലെ പൊയ്കയില്‍ കണ്ണന്‍ നടനമാടുന്നു. ആ കുളത്തില്‍ ജലധാരകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ അല്പം കൂടി മനോഹരമായേനെ- എനിക്കു തോന്നി. കൃഷ്ണഭക്തമാരായ 'ഗോപികമാര്‍'- എന്റെ ചേച്ചി ഉള്‍പ്പടെ,  കണ്ണനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ എടുത്തു.

   
ഞങ്ങള്‍ ഡാമിനു അടുത്തേക്കു നീങ്ങി. നല്ല ഒരു ചിരിയോടെ അനൂപേട്ടന്‍ ഒരു ബഞ്ചില്‍ ഇരുന്നു തന്നു, ക്യാമറയില്‍ പകര്‍ത്താന്‍.



ഡാം പശ്ചാത്തലമാക്കി ഒരു ചിത്രം കൂടി പിറന്നു.


 

റോക്ക് ഗാര്‍ഡന്‍, അവിടെ പോകണമെന്നത് എന്റെ ആഗ്രഹമായിരുന്നു. പലതവണ ഇവിടെ വന്നെങ്കിലും അതിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാനത് ചേച്ചിയോട് പറഞ്ഞു. ചൂടില്‍ നിന്നും രക്ഷ നേടാന്‍ ഞങ്ങള്‍ ഓരോ ഐസ്ക്രീം നുണഞ്ഞു. ദൂരെ ആകാശത്ത് ചെറുപൂരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. എന്റെ അഗ്രഹങ്ങള്‍ക്കുമേല്‍ കാര്‍മേഘത്തിന്റെ നിഴല്‍ പരന്നു. മഴ പെയ്യും. എന്റെ മനസ്സു പറഞ്ഞു. 



മനസ്സില്‍ കുറച്ച് ആഗ്രഹങ്ങള്‍, അമ്മയോടൊപ്പം ഒരിക്കല്‍ കൂടി ഇവിടെ വരണം. എന്റെ ആദ്യ വിനോദയാത്രയില്‍, ഇവിടെ അമ്മയോടൊപ്പമാണു ഞാന്‍ നടന്നത് ! പിന്നെ ആ കല്ലുകളില്‍ തീര്ത്ത കവിതകള്‍- റോക്ക് ഗാര്‍ഡന്‍- ഒന്നു കാണണം. മഴ ഇത്തവണ അത് അനുവദിച്ചില്ല. ചേചിയും കൂട്ടുകാരും ഏറെ സന്തോഷത്തിലായിരുന്നു, ഇടക്കു കിന്നാരം പറയാന്‍ വന്ന പാലക്കാടന്‍ 'മഴനീര്‍ത്തുള്ളികളോടു' ഒന്നു പരിഭവിച്ചെങ്കിലും.



ഡാം - എനിക്കൊരു അനുഭൂതിയാണ്, സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ പിന്നെ നടക്കാത്ത ആ ഒരു കൊച്ചുമോഹത്തിന്റെ...

                            
                                      - ലാല്‍ കൃഷ്ണ


1 comment:

  1. എല്‍കെലൂ.....
    അപ്പൊ സ്ട്റ്റഡി ലീവു പൊടി പൊടിക്കണു ല്ലെ ?? :) :)

    ReplyDelete