Saturday 17 October 2015

Malayalam Poem : ചെമ്പകച്ചോട്ടില്‍.. By Lal Krishna Raj



















ചെമ്പകച്ചോട്ടില്‍

സന്ധ്യക്കു പെയ്യുമീ വാസന പുതുമഴ
എത്ര നേരം ഇനി തോരാതെ നിന്നിടും!
മണ്ണും മനസ്സും തണുപ്പിച്ചു ആര്‍ദ്രമായ്‌
മാമരങ്ങള്‍ക്ക് കുളിരേകിടും!
ജനലിന്‍റെ അപ്പുറം നിന്നൊരു ചെമ്പകം
നനവേറ്റ് കൂടുതല്‍ നമ്രയായി,
കാല്‍പാദ പത്മങ്ങള്‍ ചൂടുമാ പൂവുകള്‍
എന്‍ അന്തരംഗത്തില്‍ കാണിക്കയായ്,
ഒരു വര്‍ഷകാലത്ത് കുട ചൂടി വന്നൊരു
നീര്‍മാതളത്തിന്‍റെ കുഞ്ഞു പൂവേ..
ഇത്തുലാവര്‍ഷത്തില്‍ ചെമ്പകച്ചോട്ടിലായ്
മഴയേതും കൊള്ളാതെ ചേര്‍ന്നിരിക്കാം.
മകരത്തില്‍ മഞ്ഞും ഉരുകുന്ന മീനവും
എല്ലാമീ തണലത്ത് മതിമറക്കാം.
മാഞ്ചോട്ടില്‍ വീഴുമാ മധുരപ്പഴങ്ങളും,
തൊടിയില്‍ പടരുമീ കയ്ക്കുന്ന കനികളും,
ചെമ്പക കൊമ്പിലെ കിന്നരി കൊഞ്ചലും,
അങ്ങോട്ടും ഇങ്ങോട്ടും പങ്കുവയ്ക്കാം.
മടിയാതെ മഴയത്തു നില്‍ക്കാതെ വരുനീ
എന്‍ വാമഭാഗത്ത് ചേര്‍ന്നു നില്ക്കൂ..

--

ലാല്‍ കൃഷ്ണ

No comments:

Post a Comment