Friday, 3 May 2013

Malayalam Short Story: സ്മൈലി

                    
                                   സ്മൈലി
                            

 ഇന്ത്യന്‍ കോഫി ഹൗസ് അന്ന് വിജനമായിരുന്നു. പതിവു തിരക്കോ ബഹളമോ ഇല്ല. ശംഖുമുഖം ബീച്ച് കാണാന്‍ എന്തേ ആളുകള്‍ ഇല്ലാതായോ, അതോ അവര്‍ക്കു തീരക്കാഴ്ചകള്‍ മടുത്തോ? വിനയന്‍ ചിന്തിച്ചു. തിരകള്‍ക്കു വല്ലാത്ത ശാന്തത. എന്തോ ചുറ്റുമുള്ളതെല്ലാം വളരെ ശാന്തമായ കാഴ്ചകളായി വിനയനു തോന്നി,തന്റെ മനസ്സൊഴിച്ച്. അനു ഇതുവരെ എത്തിയില്ല. വിനയന് എന്നത്തേയും പോലെ അല്ല ഇന്ന്. തന്റെ ഇഷ്ടം അനു അറിയണം. ഇല്ലെങ്കില്‍ ഇനിയവള്‍ തന്റേതല്ലാതാകും എന്നൊരു പേടി. പൂന്തോട്ടനഗരത്തിലെ പുതിയ ജോലിക്ക് അനു നാളെ തിരിക്കും. പിന്നെ  പത്മനാഭന്റെ മണ്ണില്‍ താന്‍ ഒറ്റക്ക് !

പഴഞ്ചന്‍മൊബൈല്‍ മെല്ലെ ഞരങ്ങി- ന്യൂ മെസ്സേജ്. "ഇഷ്ടമാണെങ്കില്‍ കൂടി വേറെ ഒരാള്‍ക്കുവേണ്ടി എന്തും ത്യജിക്കുന്നവനാണ് ശരിയായ സുഹൃത്ത്. ഗുഡ് ഈവെനിങ്ങ് - ശ്യാം"

തന്റെ മനസ്സിലിരിപ്പ് അറിഞ്ഞ വണ്ണം ശ്യാം മെസ്സേജ് അയച്ചിരിക്കുന്നു. വിനയന്‍ ഭയന്നു. ശ്യാം അനുവിന്റെ വീട്ടിലേക്ക് മ്യാരേജ് പ്രൊപ്പോസലുമായി വീട്ടുകാരെ വിടാന്‍ പോകുന്നു എന്ന് ആദ്യം പറഞ്ഞത് വിനയനോടാണ്. ഒരുപക്ഷേ അനു അതിനു സമ്മതിച്ചാല്‍..തന്റെ ഇഷ്ടം അനുവിനോട് തുറന്നു പറയണം- വിനയന്‍ വൈകിയാണെങ്കിലും തീരുമാനിച്ചു. പക്ഷെ, അനുവിനോടൊപ്പം ഇത്ര നാള്‍ നടപ്പോള്‍, ഈ മണല്‍ തീരത്ത് സായാഹ്നങ്ങള്‍ ചിലവിട്ടപ്പോള്‍, കോഫി ഹൗസിലെ ചൂടുകോഫി പകര്‍ന്നു കൊടുത്തപ്പോള്‍, കാബിലെ സീറ്റ് പങ്കുവച്ച് യാത്രചെയ്തപ്പോള്‍, എല്ലാം, തന്റെ മനസ്സില്‍ പഴയ ആ ബാല്യകാല സൗഹൃദത്തിനുമപ്പുറം കുട്ടിക്കാലം തൊട്ടു കണ്ടുവളര്‍ന്ന പെണ്ണിന്റെ ലാവണ്യത്തോടുള്ള ഏതൊരു ആണിന്റേയും ആഗ്രഹമായിരുന്നോ എന്നു അനു ചിന്തിക്കുമോ? വിനയന്‍ തന്റെ വിയര്‍ത്ത കൈത്തലം ടിഷ്യു പേപ്പറില്‍ തുടച്ചു. 

അനു വരുന്നു. അവള്‍ ഇന്നു പതിവിലധികം സുന്ദരിയായിരിക്കുന്നു. വിനയന്‍ ശ്രദ്ധിച്ചു.വണ്ടി കിട്ടാന്‍ വൈകി എന്നു പറഞ്ഞിട്ടും ശകാരിക്കാതെ ഇരിക്കുന്ന വിനയനെ അനു ആദ്യമായി കാണുകയാണ്. അവള്‍ പോകുന്ന സങ്കടത്തിലാണ് വിനയന്‍ എന്ന് അനു കരുതിക്കോട്ടെ, വിനയന്‍ വിചാരിച്ചു. പക്ഷേ, പറയണ്ടേ- തന്റെ പ്രണയം? അതു എങ്ങനെ പറയും എന്നറിയാതെ,മിണ്ടാതെ ഇരിക്കുകയായിരുന്നു വിനയന്‍.

"ഡാ, ശ്യാം സീരിയസ് ആണ്. ഇന്നലെ എന്റെ അച്ഛനോട് അവന്റെ അച്ഛന്‍ സംസാരിച്ചു.ഡാ, ഞാന്‍ ഇപ്പോ എന്താ മറുപടി പറയുക?" അനു നേരെ വിഷയത്തിലേക്കു കടന്നു.
"ഞാന്‍ ഇപ്പോള്‍ എന്താ പറയ്യാ, അവനെ നമുക്കു നന്നായി അറിയാം. നീയുമായി ഞാന്‍ നോക്കിയിട്ടു നല്ല മാച്ച് ആണ്, പിന്നെന്താ.." വിനയന്‍ ഇന്‍ബോക്സിലെ മെസ്സേജ് വായിച്ചു കൊണ്ടു പറഞ്ഞു. വിനയന്‍ അനുവിനെ നോക്കി. അവള്‍ മിണ്ടാതെ കടലില്‍ നോക്കി ഇരിക്കയാണ്. 
"ഞാന്‍ യേസ് പറയട്ടേ.." അവള്‍ ചോദിചു. വിനയന്‍ അവളുടെ മുഖത്തേക്കു നോക്കി. തന്റെ വാക്കിനായി അവളുടെ കണ്ണുകള്‍ കാത്തിരിക്കയാണെന്നു തോന്നി. ആ കണ്ണുകളില്‍ നിന്നും വിനയന്റെ നോട്ടം ഓടി ഒളിച്ചു.
"ഉം" വിനയന്‍ മൂളിക്കൊണ്ടു തലയാട്ടി.

കോഫി ഹൗസ് പഴയപോലെ തിരക്കുള്ളതായി. പട്ടം പറത്തിക്കൊണ്ടു കുട്ടികള്‍ കടല്‍ത്തീരത്ത് കളി തുടങ്ങി.

രാത്രി പതിനൊന്നര കഴിഞ്ഞു വിനയന്‍ കണ്ണു തുറന്നപ്പോള്‍. ദുര്‍ബലമായ തന്റെ മനസ്സിനെ പഴിച്ച് അയാള്‍ മയങ്ങിപ്പോയിരുന്നു. അനു ഇതിനകം പുറപ്പെട്ടിരിക്കും.  സൈലന്റ് മോഡ് മാറ്റാനായി വിനയന്‍ ഫോണ്‍ കൈയ്യിലെടുത്തു.രണ്ടു മെസ്സേജുകള്‍.

"വിനു, ഞാന്‍ നിന്നെ സ്നേഹിച്ചതു പോലെ നീ എന്നേയും സ്നേഹിക്കുന്നു എന്നു ഞാന്‍ കരുതി. നിനക്കു ഞാന്‍ ഒരു നല്ല സുഹൃത്ത്  മാത്രമായിരുന്നു എന്ന് ഞാന്‍ കരുതിയില്ല. ആം സോറി, ഫൊര്‍ എവെരിത്തിങ്ങ്, ബൈ - അനു"

വിനയനു തളര്‍ച്ച തോന്നി. അയാള്‍ അടുത്ത മെസ്സേജ് തുറന്നു.

"ഡാ. വേര്‍ ആര്‍ യൂ മാന്‍? ഷീ സെഡ് യേസ്. ജസ്റ്റ്  നൗ. താങ്ക് ഗോഡ്. - ശ്യാം"

പൊട്ടിച്ചിരിക്കുന്ന സ്മൈലികളെ വിനയന്‍ സൂക്ഷിച്ചു നോക്കി. അവറ്റകള്‍ തന്നെ കൊഞ്ഞനം കുത്തുകയാണോ?

-- Lal Krishna   
 

No comments:

Post a comment