
എന്നും രണ്ടാമനായി, രണ്ടംസ്ഥാനക്കാരനായി പിന്തള്ളപ്പെട്ട ഭീമസേനന്‍. പാഞ്ചാലിയുടേയും കുന്തിയുടെയും വാക്കുകളെ മൌനമായി അനുസരിക്കുന്ന ഭീമസേനന്‍. ആയുധപ്രകടനങ്ങളില്‍ നിപുണനായ ഒരു കരുത്തന്‍. ഭക്ഷണപ്രിയനായ വൃകോദരന്‍. ആരേയും ഭയക്കാതെ വാക്കുകൊണ്ടും കൈകള്‍ കൊണ്ടും നേരിടുന്ന ഒരു ധീരന്‍. വിശേഷണങ്ങള്‍ക്ക് അതീതനാണ് എംടിയുടെ ഭീമസേനന്‍.
മഹാഭാരതകഥയില്‍ അമാനുഷികതയില്ലാതെ, തികച്ചും വ്യത്യസ്തമായാണ് അവതരണം. എല്ലാം വീക്ഷിക്കുന്നത് ഭീമന്‍റെ കണ്ണുകളിലൂടെ. ഒരു മനുഷ്യന്‍റെ മനസ്സില്‍ ഉടലെടുക്കാവുന്ന ചിന്തകളെ ഭീമന്‍റെ മനസ്സിലും ഒള്ളു. ഓരോ കഥാപാത്രങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ അവരെ കുറിച്ചുള്ള വിവരണമാകുന്നു. രണ്ടാമനായി പോയതുകൊണ്ട് നിശ്ശബ്ദനായി നില്‍ക്കേണ്ടി വരുന്ന ഭീമസേനന്‍ വായനക്കാരില്‍ സഹതാപം ഉണര്‍ത്തുന്നു. കൌരവസഭയിലും ആയുധപ്രകടനക്കാഴ്ച്ചക്കിടയിലും പൊട്ടിത്തെറിക്കുന്ന ഭീമന്‍, പലപ്പോഴും പഞ്ചപാണ്ധവരിലെ മന്ദന്‍ എന്നാക്ഷേപിക്കപ്പെടുന്നു. എന്നാല്‍ ഇടക്ക് അഗ്രജന്‍ പറയുന്നുണ്ട് കാക്കാന്‍ ഭീമസേനന്‍ ഉണ്ടല്ലോ എന്ന്. കുരുക്ഷേത്രയുദ്ധത്തില്‍ ഏവരും ഏറ്റവും ഭയന്നതും ഇവനെയാണ്. ഏറ്റവും അധികം കൌരവരെ വധിച്ച് ഭീമന്‍ അതു ശരി വയ്ക്കുന്നു. കാട്ടാളനായാലും കാട്ടാനയായാലും ശത്രു , ശത്രു തന്നെ എന്ന്ഭീമന്‍ വിശ്വസിക്കുന്നു. അശ്വത്ഥാമാവിനെ കൊല്ലാനാകാത്തത്തില്‍ അയാള്‍ വ്യസനിക്കുന്നു. അവസാനം സ്വന്തം പിതാവു പോലും ആരെന്നറിയാനാകാതെ അയാള്‍ തകരുന്നു.
എംടിയുടെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്നു ചോദിച്ചാല്‍ രണ്ടാമൂഴം ആണെന്ന് ഞാന്‍ പറയും. അരങ്ങുകളില്‍ ശ്രദ്ധേയമായ രണ്ടാമൂഴം ഇനി തിരശ്ശീലയിലും പതിയാനായി കാത്തിരിക്കാം.
-- എല്‍കെ
No comments:
Post a Comment